കേരളത്തില്‍ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചൊവ്വാഴ്ച ന്യനമര്‍ദ്ദം രൂപപ്പെടാനും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അതിതീവ്രമഴയുണ്ടാകില്ലെന്നും തീരപ്രദേശമേഖലകളിലാകാം മഴയെന്നും നിഗമനമുണ്ട്. മഴയുടെ ശക്തി കുറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ച സംസ്ഥാനത്തെ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി സംസ്ഥാനത്തെ ആകെ 72 പേര്‍ മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 2,47,219 പേര്‍ സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാപുകളിലായി ഇപ്പോള്‍ ഉണ്ട്. ഇതില്‍ ഏറ്റവുമധികം പേര്‍ മലപ്പുറം, കോഴിക്കോട്, വയനാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ്. അതേസമയം ഉരുള്‍പൊട്ടലില്‍ വലിയ നാശനഷ്ടങ്ങളുണ്ടായ മലപ്പുറം കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും മണ്ണിനടിയില്‍പെട്ടവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കവളപ്പാറയില്‍ 50 പേരെയും പുത്തുമലയില്‍ ഏഴ് പേരെയും ഇനിയും കണ്ടെത്താനുണ്ട്.
തമിഴ്‌നാട് അപ്പര്‍ ഭവാനി അണക്കെട്ട് ഇന്ന് ഉച്ചയോടെ തുറക്കും. അട്ടപ്പാടിയില്‍ ഭവാനിപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.