
ഭാരതീയരുടെ പരിപാവനമായ ചടങ്ങുകളിലൊന്നാണ് വിദ്യാരംഭം. നവരാത്രി പൂജയുടെ അവസാന ദിവസമായ ദശമി ദിനത്തില്‍ വിദ്യാദേവതയായ സരസ്വതിയുടെ സന്നിധാനത്തില്‍ ഒരു ആചാര്യന്റെ കീഴില്‍ ഏതെങ്കിലും വിദ്യ പരിശീലിച്ച് തുടങ്ങുന്ന ചടങ്ങാണിത്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ആ ദിവസം വിദ്യരംഭം നടത്താറുണ്ട്. തിരൂരിലെ തുഞ്ചന്‍പറമ്പിലും ആയിരക്കണക്കിനു കുട്ടികളെ അന്ന് എഴുത്തിനിരുത്തുന്നു.
കുട്ടികളില്‍ അറിവിന്റെ ആദ്യാക്ഷരം പകരുന്ന വിജയദശമി ദിനത്തില്‍ വിദ്യാരംഭം കുറിക്കുന്ന ചടങ്ങ് വര്‍ഷങ്ങളായി ഡി സി ബുക്‌സ് സംഘടിപ്പിച്ചുവരികയാണ്. ആധുനിക മതാതീത സങ്കല്പം അനുസരിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് ഒരു സ്ഥാപനത്തില്‍ ആരംഭിച്ചത് ഡി.സി ബുക്‌സാണ്. പിന്നീട് പല സ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും ആ മാതൃക പിന്തുടര്‍ന്നു. സാക്ഷരതയും വായനയും സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ കര്‍മ്മനിരതനായിരുന്ന ഡി.സി കിഴക്കെമുറിയാണ് വിദ്യാരംഭത്തിന് നവീന മാതൃക നല്കി കുട്ടികളെ എഴുത്തിനിരുത്താന്‍ നേതൃത്വം നല്കിയത്. ഇന്നും ആ മാതൃക ഡി.സി ബുക്‌സ് പിന്തുടരുന്നു.
മലയാളത്തിന് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു നല്‍കിയ സാഹിത്യകാരന്‍ ഒ.വി വിജയന്റെ വിഖ്യാതകൃതി ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ ഭൂമികയായ തസ്രാക്കില്‍ വെച്ചാണ് ഇത്തവണ വിദ്യാരംഭദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുന്നത്. ഡി സി ബുക്‌സും ഒ വി വിജയന്‍ സ്മാരകസമിതിയും സംയുക്തമായാണ് കുട്ടികളെ എഴുത്തിനിരുത്തല്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്.
ഒക്ടോബര്‍ എട്ടാം തീയതി രാവിലെ എട്ടിന് ഒ.വി.വിജയന്‍ സ്മാരകത്തില്‍ വെച്ച് എഴുത്തുകാരനായ വി.കെ ശ്രീരാമന്‍, നിരൂപകനായ ഡോ. പി.കെ രാജശേഖരന്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കും. തുടര്‍ന്ന് കുട്ടികള്‍ക്കായി കഥയരങ്ങും ഇവിടെവെച്ച് സംഘടിപ്പിക്കുന്നു.
ജാതിമത ഭേദമന്യേ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുവാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വിളിക്കേണ്ട നമ്പര്‍: 9947055000