ശംസുദ്ദീന്‍ മുബാറക്
സ്‌കൂള്‍ കാലം മുതല്‍ ഡിഗ്രി വരെ രണ്ടാം ഭാഷ അറബിക്. എന്നിട്ടും സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കു മുഹമ്മദ് അലി ശിഹാബ് മലയാളം ഓപ്ഷനല്‍ വിഷയമാക്കി. ഇന്റര്‍വ്യൂവും മലയാളത്തില്‍. ആദ്യ ശ്രമത്തില്‍ തന്നെ 226-ാം റാങ്ക് നേടിയ ആ ‘തനി മലയാളി’ ഇപ്പോള്‍ ജില്ലാ കലക്ടറാണ്; അതും, ഇംഗ്ലീഷ് മാത്രം ഔദ്യോഗിക ഭാഷയായ നാഗാലാന്‍ഡില്‍!
എന്തുകൊണ്ട് മലയാളം?
മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ ശിഹാബ് സിവില്‍ സര്‍വീസസ് പരീക്ഷ എഴുതുന്നതിനു മുന്‍പ് 21 പി.എസ്.സി പരീക്ഷകള്‍ എഴുതിയിരുന്നു; എല്ലാം മലയാളത്തില്‍. എല്ലാറ്റിലും നിയമന ഉത്തരവും ലഭിച്ചു. ചില പി.എസ്.സി പരീക്ഷകള്‍ മലയാളത്തില്‍ എഴുതാനുള്ള അവസരം നേരത്തേ തന്നെയുണ്ടായിരുന്നതാണ് ശിഹാബ് പ്രയോജനപ്പെടുത്തിയത്.
സിവില്‍ സര്‍വീസിനു ജ്യോഗ്രഫിയും ഹിസ്റ്ററിയും ഓപ്ഷനല്‍ വിഷയങ്ങളാക്കിയാണ് പരിശീലനം തുടങ്ങിയത്. പ്രിലിമിനറി കഴിഞ്ഞ് മെയിനിനു ജ്യോഗ്രഫിക്കു പകരം മലയാള സാഹിത്യം ഓപ്ഷനലാക്കി. ഭാഷയിലെ അവഗാഹത്തിനു അധ്യാപകന്റെ പ്രശംസ ലഭിച്ചതു പ്രോത്സാഹനമായി; മെയിന്‍ പരീക്ഷയിലെ എല്ലാ പേപ്പറും ഇന്റര്‍വ്യൂവും മലയാളത്തില്‍ മതിയെന്നും തീരുമാനിച്ചു.
എങ്ങനെ മലയാളം?
ഇംഗ്ലീഷ് പുസ്തകങ്ങളെ ആധാരമാക്കിയാണു പഠിച്ചതെങ്കിലും മലയാളത്തില്‍ കുറിപ്പുകള്‍ തയാറാക്കി. ഇംഗ്ലീഷിലെ തത്തുല്യപദങ്ങള്‍ മലയാളത്തില്‍ കണ്ടെത്താന്‍ നിഘണ്ടുവിന്റെ സഹായം തേടി. എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളുടെ പരിഭാഷയും സഹായിച്ചു. എല്ലാറ്റിനും തത്തുല്യപദങ്ങള്‍ കണ്ടെത്തണമെന്നില്ലെന്നും ആശയം ഫലിപ്പിക്കുകയാണു പ്രധാനമെന്നും ശിഹാബ് പറയുന്നു.
മലയാളം വേഗത്തില്‍ എഴുതാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഓരോ ചോദ്യത്തിനും ഉത്തരമെഴുതാന്‍ കൃത്യമായ സമയം ക്രമീകരിച്ചു. തീരാത്തവ അക്കമിട്ട് അടുത്തതെഴുതി. ബാക്കിയായ ഭാഗങ്ങള്‍ ശേഷിച്ച സമയത്തു പൂര്‍ത്തിയാക്കി. ഇന്റര്‍വ്യൂവിനു ദ്വിഭാഷിയുണ്ടായിരുന്നു. ഇടയ്ക്കു പരിഭാഷ അപര്യാപ്തമെന്നു തോന്നിയപ്പോള്‍ ബോര്‍ഡ് ചില ചോദ്യങ്ങള്‍ ഇംഗ്ലിഷില്‍ നേരിട്ടു ചോദിച്ചു; മറുപടിയും ഇംഗ്ലിഷില്‍
ഇന്ത്യയില്‍ ഇംഗ്ലിഷ് മാത്രം ഔദ്യോഗിക ഭാഷയായ രണ്ടു സംസ്ഥാനങ്ങളിലൊന്നാണു നാഗാലാന്‍ഡ് (മറ്റൊന്ന് അരുണാചല്‍ പ്രദേശ്). നാഗാലാന്‍ഡിലെ ട്യുവന്‍സങ് ജില്ലാ കലക്ടറായി ജോലി ചെയ്യുമ്പോള്‍ ശിഹാബിന് ഇംഗ്ലിഷ് പ്രശ്‌നമേയല്ല.
ലാസ്റ്റ് ഗ്രേഡ് മുതല്‍ ഐ.എ.എസ് വരെ
സിവില്‍ സര്‍വീസസ് ഇന്റര്‍വ്യൂ വരെ മലയാളത്തില്‍ എന്നു കേള്‍ക്കുമ്പോഴുള്ള കൗതുകത്തിനപ്പുറം അറിയേണ്ടതാണു മുഹമ്മദലി ശിഹാബിന്റെ ജീവിതകഥ (അല്ല, അതിജീവനകഥ). അനാഥാലയത്തില്‍ വളര്‍ന്ന്, 22-ാം വയസ്സില്‍ മാത്രം സിവില്‍ സര്‍വീസസ് പരീക്ഷയെക്കുറിച്ചു ചിന്തിച്ച്, അതിനുള്ള യോഗ്യത നേടാനായി െ്രെപവറ്റായി ഡിഗ്രി പഠിച്ചയാളുടെ വിജയകഥയാണത്
വീടുകളില്‍ മുറവും കുട്ടയും വില്‍ക്കുകയായിരുന്നു ശിഹാബിന്റെ വാപ്പയുടെ ജോലി. പിന്നീട് എവടണ്ണപ്പാറയിലെ വഴിവക്കില്‍ ഉന്തുവണ്ടിയിലായി കച്ചവടം. ശിഹാബ് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ വാപ്പ മരിച്ചതോടെ ജീവിതം മാറി. 11 വയസ്സു മുതല്‍ 21 വയസ്സു വരെ ശിഹാബിന്റെ ജീവിതം അനാഥാലയത്തിലായി. പത്താം ക്ലാസ് കഴി!ഞ്ഞ് കുറച്ചുകാലം കൂലിപ്പണി. ശേഷം അനാഥാലയത്തിന്റെ കീഴില്‍ത്തന്നെ പ്രീഡിഗ്രി, ടിടിസി. വളവന്നൂര്‍ ബാഫഖി യതീംഖാനയില്‍ അധ്യാപകനായി. സര്‍ക്കാര്‍ ജോലിക്കായി പിഎസ്‌സി പരീക്ഷകളെഴുതിത്തുടങ്ങി. ഇതിനിടെയാണു സിവില്‍ സര്‍വീസ് മോഹമുദിച്ചത്. ബിഎ ഹിസ്റ്ററിക്കു പ്രൈവറ്റായി റജിസ്റ്റര്‍ ചെയ്തു.
2004-ല്‍ ജലവിഭവ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡായി ആദ്യ പി.എസ്.സി ജോലി. ഫോറസ്റ്റര്‍, റെയില്‍വേ ടിക്കറ്റ് കളക്ടര്‍, ഫോറസ്റ്റ് ഗാര്‍ഡ്, എല്‍പി/യുപി സ്‌കൂള്‍ അധ്യാപകന്‍ തുടങ്ങി ലഭിച്ച ജോലികളുടെ പട്ടിക നീളുന്നു.
ബിരുദം ഒന്നാം ക്ലാസില്‍ ജയിച്ചതോടെ സിവില്‍ സര്‍വീസ് സ്വപ്നത്തിനു ജീവന്‍വച്ചു. മുക്കം യതീംഖാന അധികൃതര്‍ പിന്തുണയുമായെത്തി. അങ്ങനെ ഡല്‍ഹി സകാത്ത് ഫൗണ്ടേഷനില്‍ പരിശീലനത്തിനു കേരളത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 12 പേരിലൊരാളായി. മലയാളം ഓപ്ഷനലായി തിരഞ്ഞെടുക്കാന്‍ ജീവിതപശ്ചാത്തലവും കാരണമാണ്. അനാഥാലയ കാലത്തെ കടുത്ത ഒറ്റപ്പെടലിനെ മറികടക്കാന്‍ കൂട്ടുപിടിച്ച പുസ്തകങ്ങളാണു മലയാളവുമായി അടുപ്പിച്ചത്. 2011-ല്‍ 30 -ാം വയസ്സില്‍ ആദ്യശ്രമത്തില്‍ തന്നെ ഐ.എ.എസ്.
എല്ലാ അനുകൂല സാഹചര്യങ്ങളുടെയും തുണയോടെ പഠിച്ച് ആദ്യശ്രമത്തില്‍ വിജയിച്ച പലരുമുണ്ടാകും. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി ആദ്യ നിയമനം ലഭിച്ചൊരാളുടെ ഐ.എ.എസ് വിജയം അതിനെക്കാള്‍ എത്രയോ വലുത്.
കടപ്പാട്: മനോരമ ഓണ്‍ലൈന്‍