Clik here to view.

Image may be NSFW.
Clik here to view.
ദശാബ്ദങ്ങള്‍ നീണ്ടുനിന്ന വൈദേശികഭരണത്തിന്റെയും ചൂഷണങ്ങളുടെയും ഇരുണ്ട ഭൂതകാലത്തിനുശേഷം ദാരിദ്ര്യത്തിന്റെയും വിഭജനത്തിന്റെയും വര്‍ഗ്ഗീയലഹളകളുടെയും നടുവിലേക്കു പിറന്നുവീണ ആധുനികഭാരതത്തിന്റെ ചരിത്രം. പാശ്ചാത്യലോകം കരുണയും പുച്ഛവും നിഴലിക്കുന്ന കണ്ണുകളിലൂടെ ആ നവജാതശിശുവിന്റെ ദാരുണാന്ത്യത്തിനായി കാത്തിരിക്കുന്നു. പക്ഷെ, എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്തെറിഞ്ഞ് ആധുനികലോകത്തെ നിര്‍ണ്ണായകശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഭാരതത്തെ ബഹുമാനത്തോടെയും തെല്ലു ഭീതിയോടെയും നോക്കിക്കാണുവാന്‍ അവര്‍ ഇപ്പോള്‍ നിര്‍ബന്ധിതരായിരിക്കുന്നു…
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കുതിപ്പും കിതപ്പും വസ്തുനിഷ്ഠമായി രേഖപ്പെടുത്തുകയാണ് പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹ ഇന്ത്യ ഗാന്ധിക്കു ശേഷം എന്ന കൃതിയിലൂടെ. വിഭജനാനന്തര കലാപങ്ങളും അയല്‍രാജ്യങ്ങളുമായുണ്ടായ യുദ്ധങ്ങളും ഗോത്രകലാപങ്ങളും രാഷ്ട്രീയ വടംവലികളും എന്നിങ്ങനെ ഭാരതം പിന്നിട്ട ഓരോരോ ഘട്ടങ്ങളും തന്റെ അനുപമമായ ശൈലിയില്‍ അദ്ദേഹം വിവരിക്കുമ്പോള്‍ വായനക്കാരനു ലഭിക്കുന്നത് ചരിത്രവായനയുടെ അതുല്യമായൊരു അനുഭവമാണ്. രാമചന്ദ്ര ഗുഹയുടെ ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ പിറവിയെടുത്ത കൃതി. ഭാരതത്തിന്റെ പുനര്‍ജ്ജന്മത്തെ ആധികാരികമായി അടയാളപ്പെടുത്തുന്ന അത്യപൂര്‍വ്വമായ രചന.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന രാമചന്ദ്ര ഗുഹയുടെ ഇന്ത്യ ഗാന്ധിക്കു ശേഷം എന്ന കൃതിയുടെ നാലാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്. പി.കെ.ശിവദാസാണ് ഈ കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നത്.