
ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ലോകംമുഴുക്കെ നിറഞ്ഞുനിന്ന ഒരു വിപ്ലവകാരിയും വിപ്ലവചിന്തകനുമായിരുന്നു എം.എന്‍. റോയ്. ഒരു ദേശീയവിപ്ലവകാരി, കമ്മ്യൂണിസ്റ്റ് വിപ്ലവകാരി എന്നീ അനുഭവങ്ങളിലൂടെ അദ്ദേഹം പുതിയ ഹ്യൂമനിസം എന്ന ഒരാധുനിക ചിന്താരീതി തന്നെ വളര്‍ത്തിയെടുത്തു. സ്വാതന്ത്ര്യാന്വേഷിയായ ആ വിപ്ലവകാരിയുടെ ജീവിതം രേഖപ്പെടുത്തുകയാണ് എന്‍.ദാമോദരന്‍ ഈ ജീവചരിത്രഗ്രന്ഥത്തിലൂടെ.
ആമുഖത്തില്‍ എന്‍.ദാമോദരന്‍ എഴുതുന്നു
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വെറും പതിനാലുവയസ്സ് പ്രായമുള്ളപ്പോള്‍ ഇന്ത്യയിലെ അന്നത്തെ ഗൂഢവിപ്ലവസംഘവുമായി ബന്ധപ്പെട്ടുകൊണ്ടാണ് നരേന്ദ്രന്റെ പൊതുജീവിതത്തിന്റെ ആരംഭം. ധീരകൃത്യങ്ങളില്‍ അതീവ തത്പരനായിരുന്ന അദ്ദേഹം ചുരുങ്ങിയകാലംകൊണ്ട് അന്നത്തെ ഇന്ത്യന്‍ വിപ്ലവനേതൃത്വനിരയില്‍ സമുന്നതമായ ഒരു സ്ഥാനംനേടി. അരവിന്ദഘോഷ്, ജതീന്ദ്രനാഥമുഖര്‍ജി, റാഷ്ബിഹാരിബോസ്, അമരേന്ദ്രനാഥ ചതോപാദ്ധ്യായ, യതുഗോപാല്‍മുഖര്‍ജി എന്നീ വിപ്ലവനേതാക്കളോടൊപ്പം നരേന്ദ്രന്‍ പ്രവര്‍ത്തിക്കുകയും അവരുടെ മുക്തകണ്ഠമായ പ്രശംസയ്ക്കും സ്‌നേഹാദരങ്ങള്‍ക്കും പാത്രീഭൂതനാവുകയും ചെയ്തു. പിന്നീടദ്ദേഹം ജതീന്ദ്രനാഥമുഖര്‍ജിയുടെ ദൗത്യവുമായി പൂര്‍വ്വപൗരസ്ത്യരാജ്യങ്ങളില്‍ ആയുധസമ്പാദനം ലക്ഷ്യമാക്കി സുദീര്‍ഘമായ പര്യടനങ്ങള്‍ നടത്തി. 1915-ലെ അലസിപ്പോയ ഇന്ത്യന്‍ വിപ്ലവത്തിന്റെ സമുന്നതനായ സൂത്രധാരന്‍ നരേന്ദ്രനായിരുന്നുവെന്ന് യതുഗോപാല്‍മുഖര്‍ജി ഒരിടത്ത് അനുസ്മരിച്ചതായി കാണുന്നു. ഈ വിപ്ലവസംരംഭവുമായി ബന്ധപ്പെട്ടുകൊണ്ട് ആ യുവാവ് ജപ്പാന്‍, ചൈന, ഇന്തോനേഷ്യ, മലയ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവസാനം 1916 മദ്ധ്യത്തില്‍ അമേരിക്കയില്‍ എത്തിപ്പെട്ടു. ഒരു കൊല്ലത്തെ അമേരിക്കന്‍ പ്രവര്‍ത്തനത്തിനുശേഷം അമേരിക്കന്‍ പോലീസിനെ കബളിപ്പിച്ചുകൊണ്ട് മെക്‌സിക്കോവിലേക്ക് ഒളിച്ചുകടക്കുകയും 1917 മദ്ധ്യംമുതല്‍ അവിടെ താമസിച്ച് പ്രവര്‍ത്തിക്കയുമുണ്ടായി. മെക്‌സിക്കോവില്‍വെച്ചാണ് അദ്ദേഹം തികച്ചും മാര്‍ക്‌സിസത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത്.
മെക്‌സിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി, റഷ്യയ്ക്കു പുറത്തുണ്ടായ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ മെക്‌സിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകന്‍, ഗ്രന്ഥകാരന്‍, പത്രപ്രവര്‍ത്തകന്‍, ട്രേഡ്‌യൂണിയന്‍ നേതാവ്, നയതന്ത്രകോവിദന്‍ എന്നീ നിലകളില്‍ അദ്ദേഹം അക്കാലത്ത് മെക്‌സിക്കോവില്‍ നടന്നുകൊണ്ടിരുന്ന ബൂര്‍ഷ്വാ ജനാധിപത്യവിപ്ലവത്തിന് തന്റേതായ മികച്ച സംഭാവനകളര്‍പ്പിച്ചുകൊണ്ട് 1919 ഡിസംബറില്‍ ലെനിന്റെ ക്ഷണപ്രകാരം വിപ്ലവത്തിന്റെ പുണ്യഭൂമിയായ റഷ്യയിലേക്ക് യൂറോപ്പുവഴി യാത്രയായി. മെക്‌സിക്കോവില്‍ അദ്ദേഹം അന്നത്തെ മെക്‌സിക്കന്‍ പ്രസിഡണ്ടായിരുന്ന ജനറല്‍ കറാന്‍സയുടെ സുഹൃത്തും ഉപദേഷ്ടാവുമായിത്തീര്‍ന്നു. റോയിയുടെ മെക്‌സിക്കന്‍ സഹപ്രവര്‍ത്തകനായിരുന്ന മാന്വല്‍ ഗോമസ് മെക്‌സിക്കോവിലും അമേരിക്കയിലും പ്രസിദ്ധിയുള്ള ഒരു കമ്മ്യൂണിസ്റ്റായിത്തീര്‍ന്നു. റോയിയുടെ സഹപ്രവര്‍ത്തകനായിരുന്ന കാള്‍സ് 1924-ല്‍ മെക്‌സിക്കന്‍ പ്രസിഡണ്ടായി.
റഷ്യയിലേക്കുള്ള യാത്രയില്‍ റോയ് സ്‌പെയിനും ജര്‍മ്മനിയും ഏതാനും സമയം തന്റെ പ്രവര്‍ത്തനരംഗമാക്കി. അങ്ങനെ പിന്നീടുള്ള പത്തുകൊല്ലക്കാലം ഒരു മികച്ച മാര്‍ക്‌സിയന്‍ സൈദ്ധാന്തികന്‍, സംഘാടകന്‍ എന്നീ നിലകളില്‍ റഷ്യയിലും ജര്‍മ്മനി, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, ഫ്രാന്‍സ്, മദ്ധ്യേഷ്യ, ചൈന എന്നിങ്ങനെ മൂന്ന് വന്‍കരകളിലുള്‍പ്പെട്ട പ്രധാന രാജ്യങ്ങളിലെല്ലാം പ്രവര്‍ത്തിച്ചു. അന്നത്തെ പ്രഗല്ഭനും പണ്ഡിതനുമായ ലെനിനുമായും ട്രോട്‌സ്‌കി, ബുഖാറിന്‍, സിനോവീവ്, റാഡക്, ചിച്ചറിന്‍, ബറോഡിന്‍ തുടങ്ങിയ പ്രമുഖരുമായും തോളുരുമ്മിനിന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനവസരമുണ്ടായി. യൂറോപ്യന്‍ രാജ്യങ്ങളിലെ അന്നത്തെ പ്രശസ്ത വിപ്ലവകാരികളുമായും ബന്ധപ്പെടാനും ആശയവിനിമയം നടത്താനും അദ്ദേഹത്തിന് അവസരമുണ്ടായി. അക്കൂട്ടത്തില്‍ എടുത്തുപറയാവുന്ന രണ്ടു വ്യക്തികളാണ് കാറല്‍ കൗട്‌സ്‌കിയും എഡ്‌വേഡ് ബേണ്‍സ്റ്റിനും. ഈ അനുഭവങ്ങളും ബന്ധങ്ങളും അദ്ദേഹത്തെ പ്രായോഗികവിപ്ലവകാരിയെന്നതിനോടൊപ്പംതന്നെ ആശയവിപ്ലവകാരിയുമാക്കിത്തീര്‍ത്തു.
ഇത്തരം അതുല്യപ്രഭാവനായ ഒരു വ്യക്തിയുടെ ജീവചരിത്രം ആ കാലഘട്ടത്തിന്റെ ചരിത്രംകൂടിയാവുന്നില്ലെങ്കില്‍ വിരസമായിരിക്കും. 19 ഭാഷകളറിഞ്ഞിരുന്ന അദ്ദേഹം അഞ്ച് പ്രധാന ഭാഷകളില്‍ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. 140-ല്‍പരം പാംഫ്‌ലറ്റുകളും 60-ല്‍പരം പൂര്‍ണ്ണഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കാത്ത രണ്ടായിരത്തോളം ഫയലുകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇതെല്ലാം തേടിപ്പിടിച്ച് വസ്തുനിഷ്ഠമായ ഒരു ജീവചരിത്രരചന നടത്താന്‍ ദീര്‍ഘകാലത്തെ കഠിനാദ്ധ്വാനവും ക്ഷമയും പാണ്ഡിത്യവും കൂടിയേ കഴിയൂ. 20-ല്‍ പരം കൊല്ലത്തെ വിവിധരാജ്യങ്ങളില്‍ നടത്തിയ ഗവേഷണത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമായി പ്രൊഫസര്‍ ശിവനാരായണറോയ്, എം.എന്‍. റോയ്‌യുടെ ഒരു സമ്പൂര്‍ണ്ണജീവചരിത്രം എഴുതിവരുന്നതായി അറിയുന്നു. അത് സന്തോഷകരമായ ഒരു വാര്‍ത്തയാണ്.
എം.എന്‍. റോയിയെ സംബന്ധിച്ച് ഇന്ത്യയ്ക്കകത്തും പുറത്തും അദ്ദേഹത്തിന്റെ മരണശേഷം ഒട്ടേറെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. റോയ് ജീവിച്ചിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി പല പാശ്ചാത്യഗ്രന്ഥകാരന്മാരും അപൂര്‍ണ്ണങ്ങളായ വസ്തുതകള്‍ അപ്പപ്പോഴായി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പ്രവര്‍ത്തിച്ച രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ റോയിയുടെ പ്രവര്‍ത്തനം രഹസ്യമായി വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍ റോയ്‌യുടെ മരണശേഷമാണ് അദ്ദേഹത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഗ്രന്ഥങ്ങള്‍ പുറത്തുവന്നത്. അത്തരം കുറെ ഗ്രന്ഥങ്ങളാണ് ഊ പുസ്തരചനയ്ക്ക് എനിക്ക് സഹായകമായി ലഭിച്ചിട്ടുള്ളത്. ആ ഗ്രന്ഥങ്ങളിലും റോയിയുടെ സ്വന്തമായ ഗ്രന്ഥങ്ങളിലും പ്രതിപാദിക്കപ്പെട്ടിട്ടുള്ള പ്രവര്‍ത്തനങ്ങളോ സൈദ്ധാന്തികചിന്തകളോ സ്ഥലപരിമിതിമൂലം ഈ ഗ്രന്ഥത്തിലുള്‍പ്പെടുത്താതെ ഒഴിവാക്കപ്പെടാന്‍ ഞാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നിട്ടുണ്ട്. എങ്കിലും ഈ പുസ്തകത്തിലൂടെ മലയാളവായനക്കാര്‍ക്ക് എം.എന്‍.റോയിയുടെ ഒരു നഖചിത്രം ലഭിക്കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എം.എന്‍.റോയ് സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.