
തിരുവനന്തപുരം: ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രൊഫ.ടി.ജെ. ജോസഫിന്റെ ആത്മകഥ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍‘ പ്രകാശിപ്പിക്കുന്നു. 2020 ജനുവരി 28-ാം തീയതി തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ചാണ് പുസ്തകപ്രകാശനം സംഘടിപ്പിച്ചിരിക്കുന്നത്. സക്കറിയ, പന്ന്യന്‍ രവീന്ദ്രന്‍, ഡോ.അഷ്‌റഫ് കടയ്ക്കല്‍, ടി.ജെ.ജോസഫ് എന്നിവര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുന്നു.
തൊടുപുഴ ന്യൂമാന്‍ കോളെജിലെ മലയാളവിഭാഗം അധ്യാപകനായിരിക്കേ മതതീവ്രവാദികളുടെ ക്രൂരതയ്ക്ക് വിധേയനായ പ്രൊഫ. ടി.ജെ.ജോസഫിന്റെ ജീവിതത്തിലെ സമാനതകളില്ലാത്ത അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്ന ആത്മകഥ ദുരന്തത്തിന്റെ പത്താം വാര്‍ഷികത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. നാല്പതോളം അധ്യായങ്ങളിലായി രണ്ടു ഭാഗങ്ങളായിട്ടാണ് ‘അറ്റുപോകാത്ത ഓര്‍മ്മകള്‍‘ എഴുതപ്പെട്ടിരിക്കുന്നത്.
അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളെ രേഖപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാള്‍ ആ അനുഭവങ്ങളെ മുന്‍നിര്‍ത്തി തന്റെ ജീവിതം തുറന്നെഴുതുന്നു.