
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ കര്‍ത്താവിന്റെ നാമത്തില്‍ ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളില്‍ പരിഭാഷയ്‌ക്കൊരുങ്ങുന്നു. പ്രമുഖ പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സാണ് ഇംഗ്ലീഷിലുള്ള വിവര്‍ത്തനം പ്രസിദ്ധീകരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഏറെ പ്രചാരമുള്ള ദിനമലര്‍ ദിനപത്രത്തിന്റെ പ്രസിദ്ധീകരണവിഭാഗമാണ് തമിഴിലുള്ള വിവര്‍ത്തനം പുറത്തിറക്കുക. പരിഭാഷകള്‍ ഉടന്‍ തന്നെ വായനക്കാരിലെത്തും.
സമുദായത്തിനുള്ളിലെ അധികാരദുര്‍വിനിയോഗത്തിനെതിരെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സമരം ചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സന്യാസജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണ് കര്‍ത്താവിന്റെ നാമത്തില്‍ എന്ന ആത്മകഥയിലൂടെ. ഇരുട്ടുനിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനുമുന്നില്‍ ശരീരവും ആത്മാഭിമാനവും അടിയറവു വയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു. 2019 ഡിസംബറിലാണ് ഡി സി ബുക്‌സ് കര്‍ത്താവിന്റെ നാമത്തില്‍ പ്രസിദ്ധീകരിക്കുന്നത്.