പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങളെ ആധാരമാക്കി രചിച്ചതും ലോകമെമ്പാടും വ്യാപകമായി വായിക്കപ്പെടുകയും ചെയ്ത ഇഎല്‍ ജെയിംസിന്റെ നോവല്‍ത്രയമാണ് ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ, ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഡാര്‍ക്കര്‍, ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഫ്രീഡ് എന്നിവ. ഫിഫ്റ്റി ഷേഡ്‌സ് എന്ന നോവല്‍ ത്രയത്തിന്റെ പ്രമേയം രതിബദ്ധ പ്രമേയമാണ്.
അനസ്താസ്യ സ്റ്റീല്‍ എന്ന സാഹിത്യ ബിരുദ വിദ്യാര്‍ത്ഥിനിയും അമേരിക്കയിലെ അറിയപ്പെടുന്ന ബിസിനസ്സ് മാഗ്നറ്റായ ക്രിസ്റ്റ്യന്‍ ഗ്രേയുമായുള്ള ആഴത്തിലുള്ള പ്രണയബന്ധത്തിന്റെ ഓരോ നിമിഷങ്ങളുടെയും അടരുകളാണ് രതിമിഥുനത്തില്‍ ഇതള്‍ വിരിയുന്നത്. ഒരു പക്കാ ഇറോട്ടിക് നോവലെന്നതിനപ്പുറം വായനക്കാരെ തുടര്‍ വായനയ്ക്കു പ്രേരിപ്പിക്കുന്ന ഒരു രസതന്ത്രം ഈ നോവലുകള്‍ക്കിടയിലെ വരികള്‍ക്കിടയിലും കഥാപാത്രങ്ങള്‍ക്കിടയിലുമുണ്ട്. അതുകൊണ്ടാണ് ഇതിലെ സാഡിസവും മസോക്കിസവുംപോലും വായനക്കാര്‍ കഥാപാത്രങ്ങള്‍ക്കനുയോജ്യമായ നീതീകരണമായി കാണുന്നത്.
ഇരുപത്തിയൊന്നു വയസ്സുള്ള അനസ്താസ്യയും ഇരുപത്തിയേഴു വയസ്സുള്ള ക്രിസ്റ്റ്യന്‍ ഗ്രേയും തമ്മില്‍ ആദ്യം കണ്ടുമുട്ടുന്നത് കലാലയ പത്രത്തിലേക്കുള്ള അഭിമുഖ സംഭാഷണത്തിനായാണ്. ആദ്യ ഹസ്തദാനത്തില്‍ത്തന്നെ അവര്‍ ആകൃഷ്ടരാകുന്നുവെങ്കിലും വെറും തോന്നലെന്നു കരുതി നിര്‍ബന്ധപൂര്‍വ്വം വിട്ടുകളയുന്നു. പിന്നീടുള്ള കണ്ടുമുട്ടലുകള്‍ ഈ തോന്നലിന് ആക്കം കൂട്ടുകയും അവര്‍ പരസ്പരം പ്രണയബദ്ധരായിത്തീരുകയുമാണ് ചെയ്യുന്നത്.
ഇതിനിടയില്‍ അവര്‍പോലുമറിയാതെ പ്രണയരതിയിലേക്കു വീഴുന്നുമുണ്ട്. ഒരു സ്ത്രീയെ മാനസികമായും ശാരീരികമായും സംതൃപ്തയാക്കാന്‍ ഗ്രേയ്ക്കു കഴിയുന്നുണ്ടെങ്കിലും ഗ്രേയിലെവിടെയോ ദുരൂഹതകളുള്ളതായി അനയ്ക്ക് അനുഭവപ്പെടുന്നു. പല നിമിഷങ്ങളിലായി വെളിപ്പെടുത്തലുകളുടെ ചില മുറി വാക്കുകളല്ലാതെ മറ്റൊന്നും ഗ്രേയില്‍ നിന്ന് ലഭിക്കുന്നില്ല. എന്നാല്‍ അതുപോരായിരുന്നു അനയ്ക്ക്. വേണ്ടത് ക്രിസ്റ്റിയനെ ആയിരുന്നു. അതും പൂര്‍ണ്ണമായി. അതിനു വേണ്ടിയായിരുന്നു ഉടമയായ അവന്‍ തയ്യാറാക്കിയ
ഉടമ്പടിയില്‍ അടിമ എന്ന മേല്‍വിലാസത്തില്‍ അവള്‍ ഒപ്പു വയ്ക്കുന്നത്. ക്രിസ്റ്റ്യന്‍ ഗ്രേ രതിവൈകൃതങ്ങള്‍ക്ക് (മസോക്കിസം) അടിമയാണെന്നു മനസ്സിലാക്കിയിട്ടുകൂടിയാണ് അവള്‍ അതിനു മുതിരുന്നത്. എന്നിട്ടും അവള്‍ ഒരു ദിവസം അവനെ വിട്ടു പോകുന്നു.
ലൈംഗികതയുടെ അതിപ്രസരം ഈ നോവലുകള്‍ക്ക് ഒരേസമയം ഭംഗിയും അഭംഗിയും നല്‍കുന്നുണ്ടെന്നു പറയാതെ വയ്യ. എന്നാലും മലയാളിക്ക് അപരിചിതമായ ലൈംഗികഭൂമിക വായനക്കാരെ കുറച്ചൊന്നു ചെടിപ്പിക്കുകയും അത്ഭുതത്തിലാഴ്ത്തുകയും ചെയ്യും.ലോകമെമ്പാടുമുള്ള പുസ്തകശ്രേണിയിലെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാമതെത്തിയതാണ് ഈ നോവല്‍ത്രയം.
കടപ്പാട് ; വൺ ഇന്ത്യ മലയാളം