
സമുദായത്തിനുള്ളിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സഭയ്ക്കുള്ളില്‍നിന്നുകൊണ്ടുതന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണ് കര്‍ത്താവിന്റെ നാമത്തില്‍ എന്ന ആത്മകഥയിലൂടെ. ഇരുട്ടുനിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനുമുന്നില്‍ ശരീരവും ആത്മാഭിമാനവും അടിയറവു വയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു.
ആത്മകഥയുടെ ആമുഖത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുര കുറിക്കുന്നു…
കാറ്റും വെളിച്ചവും പ്രവേശിക്കുന്ന കന്യാസ്ത്രീമഠങ്ങളുടെ അന്തപ്പുരങ്ങളിലാണ് എന്റെ പ്രതീക്ഷകള്‍ നട്ടുവളര്‍ത്തുന്നത്. സ്വാതന്ത്ര്യവും ജ്ഞാനവുമുള്ള സാമൂഹികസേവനസന്നദ്ധരായ സ്ത്രീകളുടെ സഞ്ചയം മഠാന്തരത്തില്‍ ഞാന്‍ കാണുന്നു. പൗരോഹിത്യവത്കരിക്കപ്പെട്ട ക്രിസ്തീയവിശ്വാസങ്ങളുടെ പൊളിച്ചെഴുത്തിനു കാലമായെന്ന് ഞാന്‍ കരുതുന്നു. ക്രൈസ്തവ സന്ന്യസ്തതയുടെ അടിസ്ഥാന പ്രമാണങ്ങളായ അനുസരണവും ബ്രഹ്മചര്യവും ദാരിദ്ര്യവും ആത്മീയഊര്‍ജ്ജത്തില്‍ പ്രതിഫലിക്കപ്പെടുന്ന സുവിശേഷസമൂഹം രൂപപ്പെട്ടുവരുമെന്നും ഉറപ്പാണ്.
കരുണാവാനായ ഈശോവില്‍ ഞാനിപ്പോഴും വിശ്വസിക്കുന്നു. അവനോടുള്ള പ്രണയത്തില്‍ എനിക്ക് അനുതാപമില്ല. സന്ന്യസ്തമഠങ്ങളുടെ കൂറ്റന്‍ മതിലുകള്‍ക്കുള്ളില്‍ ഞെരിഞ്ഞമരുന്ന പ്രിയ സഹോദരിമാരുടെ രോദനം എന്റെ കര്‍ണപുടങ്ങളെ വേദനിപ്പിക്കുന്നുണ്ട്. പുരുഷമേല്‍ക്കോയ്മയുടെയും പുരോഹിത ആധിപത്യത്തിന്റെയും ചവിട്ടടിയില്‍ അമര്‍ന്ന് ഇഴഞ്ഞുനീങ്ങുന്ന സഹോദരീജീവിതങ്ങള്‍ക്കു വഴിവിളക്കായി ഈ അക്ഷരങ്ങള്‍ മാറണമെന്നാണ് ആഗ്രഹം.
കര്‍ത്താവിന്റെ നാമത്തില്‍ ഞാന്‍ പറയുന്നതു സത്യമാണ്. ഈ ജീവിതകഥ എന്റേതുമാത്രമല്ല. സന്ന്യസ്തതയിലേക്കു വലിച്ചിഴയ്ക്കപ്പെട്ട മുഴുവന്‍ ദേവദാസിമാരുടേതുമാണ്. ഈശോ ഏല്പിച്ച ദൗത്യമാണു നിര്‍വ്വഹിക്കുന്നതെന്നാണ് എന്റെ വിശ്വാസം. ജീവിതയാത്രയില്‍ ശത്രുക്കളോ മിത്രങ്ങളോ എനിക്കില്ല. ഒരേ ആവേഗത്തോടെ ഈ ദ്വന്ദ്വത്തെ ഞാന്‍ സ്വീകരിക്കുന്നു. സംഭവവിവരണത്തിനിടെ സൂചിപ്പിക്കേണ്ടിവന്ന നാമധാരികളെ വ്യക്തിപരമായല്ല പ്രതിപാദിക്കേണ്ടിവന്നത്. അഴുകിയ സമ്പ്രദായത്തിന്റെ ഉത്പന്നമാണ് സഹോദരിമാരുടെ ദുരന്തജീവിതം. അജ്ഞതയുടെയും അസ്വാതന്ത്ര്യത്തിന്റെയും പരിസരത്തുനിന്നുള്ള മോചനസാക്ഷ്യമാണ് ഈ ഗ്രന്ഥത്തിലെ വരികളും വാചകങ്ങളും. വ്യക്തിപരമായി അധിക്ഷേപിക്കുക എന്റെ ലക്ഷ്യമല്ല. ഞാന്‍ എന്റെ ജീവിതം തുറന്നു പറയുകയാണ്.
മാധ്യമപ്രവര്‍ത്തകനായ എം.കെ.രാമദാസാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ കര്‍ത്താവിന്റെ നാമത്തില്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.