Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

ജോലിയില്‍ തിരിച്ചെടുക്കില്ലെന്ന് ഉറപ്പായതോടെ തകര്‍ന്നുവീണത് ഞാനും സലോമിയും രണ്ടുമൂന്നു മാസക്കാലമായി പടുത്തുയര്‍ത്തിയ മനക്കോട്ടകളാണ്…പ്രൊഫ ടി ജെ ജോസഫിന്റെ ആത്മകഥയിൽ നിന്നും ഉള്ളു പൊള്ളിക്കുന്ന ഒരദ്ധ്യായം

$
0
0

അദ്ധ്യായം 34

ജോലിയില്‍ തിരിച്ചെടുക്കില്ലെന്ന് ഉറപ്പായതോടെ തകര്‍ന്നുവീണത് ഞാനും സലോമിയും രണ്ടുമൂന്നു മാസക്കാലമായി പടുത്തുയര്‍ത്തിയ മനക്കോട്ടകളാണ്.
ജോലിയില്‍ തിരികെ പ്രവേശിച്ചാല്‍ കിട്ടുമായിരുന്നത് മാസം തോറുമുള്ള ശമ്പളമായിരുന്നില്ല. മാനേജര്‍ പറഞ്ഞിരുന്നതുപോലെ മാര്‍ച്ച് അവസാനം എന്നെ തിരിച്ചെടുത്താല്‍ ആ മാസംതന്നെ 31-ന് റിട്ടയര്‍ ചെയ്യും. അപ്പോള്‍ ലഭ്യമാകുന്നത് പിരിച്ചുവിട്ടപ്പോള്‍ മുതലുള്ള ശമ്പള കുടിശ്ശികയും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ അപ്പാടെയുമാണ്. എല്ലാംകൂടിയാകുമ്പോള്‍ നല്ലൊരു തുക വരും.

പണയപ്പെടുത്തിയ ആഭരണങ്ങള്‍ തിരിച്ചെടുക്കണം; മക്കള്‍ രണ്ടാളുടെയും വിദ്യാഭ്യാസ വായ്പ മുഴുവനായി അടച്ചുതീര്‍ക്കണം; കേടായിരുന്ന വാഷിങ് മെഷീന്‍, ഫ്രിഡ്ജ് മുതലായവ മാറ്റി പുതിയതു വാങ്ങണം; വീട് പെയിന്റ് ചെയ്ത് വൃത്തിയാക്കുക മാത്രമല്ല, രണ്ടു കിടപ്പുമുറികള്‍ കൂടി ഉള്‍പ്പെടുത്തി മുകള്‍നില പണിയണം; ആമിയുടെ കല്യാണം നടത്തണം. ഇങ്ങനെയൊക്കെയാണ് കിട്ടാന്‍പോകുന്ന പണം വക കൊള്ളിച്ചിരുന്നത്.

നാലുവര്‍ഷക്കാലം വാടിനിന്നിട്ട് വീണ്ടും തളിരണിഞ്ഞ ആശാസങ്കല്പങ്ങളെ ഇടിത്തീ എന്നവണ്ണമാണ് കോളജ് മാനേജ്മെന്റിന്റെ വഞ്ചന കരിച്ചുകളഞ്ഞത്. ഇത്രയുംകാലം അചഞ്ചലയായി നിന്ന സലോമിക്ക് അതുകൂടി താങ്ങാന്‍ കെല്‍പുണ്ടായിരുന്നില്ല.

സലോമിയും അമ്മയും ഞാനും മാത്രമേ അക്കാലത്ത് വീട്ടിലുണ്ടായിരുന്നുള്ളൂ. എന്നെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് സലോമിയില്‍ ആദ്യം ഉണ്ടാകുന്ന മാറ്റം. അത് നിസ്സാരകാര്യങ്ങള്‍ക്കുമാണ്. പല്ലുതേക്കുമ്പോള്‍ ഓക്കാനിക്കുന്നതിന്; ഉറക്കെ തുമ്മുന്നതിന്; ഭക്ഷണം കഴിക്കുമ്പോള്‍ ശബ്ദമുണ്ടാക്കുന്നതിനൊക്കെ അവള്‍ എന്നെ ആക്ഷേപിച്ചുതുടങ്ങി. ഭക്ഷണം ആസ്വദിച്ചു കഴിക്കുമ്പോള്‍ അല്‍പം ശബ്ദം ഉണ്ടാകുമെന്നൊക്കെ ഞാന്‍ മറുപടി പറഞ്ഞെ ങ്കിലും അവളുടെ മനോവ്യാപാരങ്ങള്‍ക്ക് അല്‍പം പന്തികേടുണ്ടെന്ന് എനിക്ക് തോന്നാതിരുന്നില്ല. ആമിയുടെ വിവാഹക്കാര്യത്തിലാണ് അവള്‍ക്ക് ഏറെ ഉത്കണ്ഠ എന്നു മനസ്സിലാക്കിയ ഞാന്‍ പ്രോവിഡന്റ് ഫണ്ട് ക്ലോസ് ചെയ്യുമ്പോള്‍ കിട്ടുന്ന പണംകൊണ്ട് അതൊക്കെ നടക്കുമെന്നു പറഞ്ഞ് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

പിരിച്ചുവിട്ടകാലത്തുതന്നെ പി.എഫ്. ക്ലോസ് ചെയ്യാമായിരുന്നതാണ്. എന്നാല്‍ അത് പിരിച്ചുവിടല്‍ നടപടിയെ ഞാന്‍ അംഗീകരിക്കുന്നതുപോലെയാവും എന്നൊരു അനാവശ്യചിന്തകൊണ്ടും ഒരു സമ്പാദ്യമായി കിടക്കട്ടെ എന്ന കരുതലുകൊണ്ടും വാങ്ങാതിരുന്നതാണ്. 2014 മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്യുന്നവരോടൊപ്പം 2013 ആഗസ്റ്റ് മാസത്തില്‍ പി.എഫ്. ക്ലോസ് ചെയ്യാനുള്ള അപേക്ഷ ഞാനും കൊടുത്തിരുന്നതാണ്. മറ്റ് അധ്യാപകരുടെ പണമൊക്കെ പ്രിന്‍സിപ്പല്‍ വാങ്ങിക്കൊടുത്തെങ്കിലും എന്റെ കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. പണത്തിന് വളരെ ആവശ്യമുള്ളതുകൊണ്ട് എന്റെ പി.എഫ്. ക്ലോസ് ചെയ്ത് പണം ലഭിപ്പാനുള്ള സത്വരനടപടി സ്വീകരിക്കണമെന്ന് പ്രിന്‍സിപ്പലിനോട് വീണ്ടും ആവശ്യപ്പെടുകയും അക്കാര്യത്തില്‍ പ്രിന്‍സിപ്പലിന് പ്രത്യേക നിര്‍ദ്ദേശം കൊടുക്കണമെന്ന് ഇതിനോടകം മാനേജരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സലോമിയുടെ കുറ്റപ്പെടുത്തല്‍ മനോഭാവം മാറി. പകരം കുറ്റബോധമായി. ഇത്രയും പീഡകളൊക്കെ അനുഭവിച്ച എന്നോട് വേണ്ടാത്തതിനൊക്കെ വഴക്കുണ്ടാക്കിയെന്നും പറഞ്ഞ് സങ്കടപ്പെടാന്‍ തുടങ്ങി.

കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തില്‍ ഞാന്‍ സലോമിയെ കൊണ്ടുപോയി. പണ്ട് മെലങ്കോളിയ (Melancholia) എന്ന് പറയപ്പെട്ടിരുന്നതും ഇക്കാലത്ത് ‘ഡിപ്രഷന്‍’ എന്ന് അറിയപ്പെടുന്നതുമായ വിഷാദരോഗമാണ് അവള്‍ക്കെന്ന് ഡോക്ടര്‍ പറഞ്ഞു. ഇത്തരം രോഗികള്‍ക്ക് ആത്മഹത്യാപ്രവണത ഉണ്ടാകുമെന്നും അതിനാല്‍ വേണ്ടത്ര ശ്രദ്ധയുണ്ടാകണമെന്നും ഡോക്ടക്ടര്‍ നിര്‍ദ്ദേശിച്ചു. മുടങ്ങാതെ മരുന്നുകഴിക്കണമെന്നും മരുന്ന് മറ്റാരെങ്കിലും കൈവശം വെച്ച് വേണ്ടസമയത്ത് കൊടുക്കണമെന്നും പ്രത്യേകമായി ഓര്‍മ്മിപ്പിച്ചു.

വീട്ടിലുണ്ടായിരുന്ന ചില കീടനാശിനികളൊക്കെ തപ്പിയെടുത്ത് ഞാന്‍ നശിപ്പിച്ചുകളഞ്ഞു. വാട്ടാനുള്ള കപ്പ അരിയുന്ന ചില മൂര്‍ച്ചയുള്ള കത്തികള്‍ കൈ എത്താത്ത ഇടങ്ങളില്‍ ഞാന്‍ ഒളിപ്പിച്ചുവെച്ചു. മരുന്ന് മറ്റൊരു മുറിയിലെ മേശവലിപ്പില്‍ പൂട്ടിവെച്ച് ഞാന്‍തന്നെ കൃത്യസമയത്ത് കൊടുത്തുകൊണ്ടുമിരുന്നു.
കഴിക്കുന്ന മരുന്നിന്റെ ശക്തികൊണ്ടാവാം രാവിലെ എണീക്കാനോ പ്രഭാതഭക്ഷണം ഉണ്ടാക്കാനോ അവള്‍ക്ക് വയ്യായിരുന്നു. രാവിലെ ഞാന്‍ മുറ്റമടിക്കുമ്പോള്‍ ഇടയ്ക്കിടെ വന്ന് എണീക്കാതെ കിടക്കുന്ന അവളെ ജനലിലൂടെ നോക്കും. ഭക്ഷണമുണ്ടാക്കുന്ന സമയത്ത് എണീപ്പിച്ച് എന്റെ അടുക്കല്‍ കൊണ്ടുവന്നിരുത്തും.
പറഞ്ഞറിയിക്കാനാവാത്ത അസ്വസ്ഥതകളാണ് ചിലപ്പോള്‍ ഉണ്ടാകുന്നതെന്നും അപ്പോള്‍ മരിക്കാനുള്ള കടുത്ത തോന്നല്‍ ഉണ്ടാകുമെന്നും ഒരിക്കല്‍ അവള്‍ എന്നോടു പറഞ്ഞു. ഭയപ്പാടോടെ അവളെ അണച്ചുപിടിച്ചിട്ട് അത്തരം സന്ദര്‍ഭങ്ങളില്‍ വേദോപദേശക്ലാസ്സുകളില്‍ പഠിച്ച സുകൃതജപങ്ങള്‍ ഉരുക്കഴിക്കാന്‍ ഞാന്‍ ഉപദേശിച്ചു. ചിലതൊക്കെ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

കൂടുതല്‍ കാര്യക്ഷമമായി അവളെ ശ്രദ്ധിക്കുന്നതിനും പരിചരിക്കുന്നതിനുമായി ഹൈറേഞ്ചിലുള്ള മേരിച്ചേച്ചിയെ ഞാന്‍ വിളിച്ചു. ചേച്ചി വന്ന് ഞങ്ങളോടൊപ്പം താമസിച്ചു. സിവില്‍ സര്‍വ്വീസ് എക്സാമിനേഷനുവേണ്ടിയുള്ള കോച്ചിങ്ങിനു പോയിരുന്ന മിഥുന്‍ രണ്ടാഴ്ച കൂടുമ്പോഴാണ് വീട്ടില്‍ വന്നുകൊണ്ടിരുന്നത്. അമ്മയെ നന്നായി നോക്കി ക്കൊള്ളണമെന്ന് തിരിച്ചുപോകുമ്പോള്‍ അവന്‍ മേരിച്ചേച്ചിയെ ഓര്‍മ്മിപ്പിച്ചിരുന്നു.

2014 മാര്‍ച്ച് 14-ന് എന്റെ പ്രോവിഡന്റ് ഫണ്ടിന്റെ കാര്യമന്വേഷിക്കാന്‍ ന്യൂമാന്‍ കോളജില്‍ ഞാന്‍ വീണ്ടും ചെന്നു. എന്നാല്‍ അതിനുള്ള നടപടികളൊന്നും കോളജില്‍നിന്ന് സ്വീകരിച്ചിരുന്നില്ല. അതിനുള്ള തടസ്സങ്ങളെന്താണെന്ന് സലോമി എന്നോടു ചോദിച്ചു. അവര്‍ പറഞ്ഞ തടസ്സവാദങ്ങള്‍ എനിക്കു മനസ്സിലായിട്ടില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. തുടര്‍ന്ന് പി.എഫ്. ക്ലോസ് ചെയ്തു തരാനുള്ള എന്റെ അപേക്ഷയിന്മേല്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ കത്ത് (reminder) രജിസ്‌റ്റേഡായി പ്രിന്‍സിപ്പലിന് അയയ്ക്കുകയും ചെയ്തു.

വേനല്‍ക്കാലമായിരുന്നു അത്. മൂന്നുനാലു മാസമായി മഴപെയ്തിട്ടേയില്ല. വേനല്‍ച്ചൂട് അതികഠിനമായി തുടര്‍ന്നു.

മാര്‍ച്ച് 19. സെന്റ് ജോസഫിന്റെ തിരുനാള്‍ ദിനമാണ്. എന്റെ പേരിനു കാരണമായ പുണ്യവാന്റെ തിരുനാളായതിനാല്‍ എന്റെ ‘ഫീസ്റ്റ്’ ആണ്. അയല്‍ക്കാരനായ എം.സി. ജോസഫ് സാര്‍ പള്ളിയില്‍ നിന്നുകിട്ടിയ നേര്‍ച്ചപ്പായസം കൊണ്ടുവന്നുതന്നു.

സലോമിക്ക് ഡോക്ടറെ കാണേണ്ട ദിവസമായിരുന്നു അന്ന്. ഹോസ്പിറ്റലിലേക്ക് വിളിച്ച് പതിവായി കാണുന്ന ഡോക്ടര്‍ ഉണ്ടോ എന്ന് അന്വേഷിച്ചു. ഉണ്ടെന്നു പറഞ്ഞതിനാല്‍ അപ്പോയിന്റ്മെന്റ് എടുത്തു.

Prof T J Joseph-Attupokatha Ormakalസലോമി അന്ന് പതിവിലധികം ക്ഷീണിതയായിരുന്നു. പ്രഭാതഭക്ഷണത്തിനു ശേഷം അവളെയും കൂട്ടി ഞാനും മേരിച്ചേച്ചിയും ഹോസ്പിറ്റലില്‍ പോയി.
സലോമിയോടൊപ്പം ഡോക്ടറെ കണ്ടത് മേരിച്ചേച്ചിയാണ്. ഞാനും എനിക്കു ഗാര്‍ഡായി വന്ന പോലീസുകാരനും വെയിറ്റിങ് റൂമിലിരുന്നു. ഇടയ്ക്ക് ഞങ്ങള്‍ ഹോസ്പിറ്റല്‍ വളപ്പിലുള്ള റ്റീസ്റ്റാളില്‍ ചായ കുടിക്കാന്‍ പോയി. അവിടെ വില്‍പനയ്ക്കിട്ടിരുന്ന ഒരു ആരോഗ്യമാസികയും ഞാന്‍ വാങ്ങി. ‘വിഷാദരോഗം സ്ത്രീകളില്‍’ എന്ന വിഷയത്തെക്കുറിച്ചുള്ള സ്പെഷ്യല്‍ പതിപ്പായിരുന്നു അത്. വാങ്ങിയപ്പോള്‍ മുതല്‍ ആ മാസിക കൈവശം വെച്ച് വായിച്ചുകൊണ്ടിരുന്നത് എന്റെ പോലീസുകാരനാണ്.

രണ്ടുമണിയോടെ വീട്ടിലെത്തിയ ഞങ്ങള്‍ ഊണിനിരുന്നു. പരിക്ഷീണയായി കാണപ്പെട്ട സലോമി ഞാന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് അല്പം കഴിച്ചത്. ഭക്ഷണത്തിനുശേഷം അവള്‍ കിടന്നു. അവളുടെ ഹാന്‍ഡ് ബാഗിലായിരുന്നു അന്ന് ഹോസ്പിറ്റലില്‍ നിന്നുകിട്ടിയ ഗുളികകള്‍. ബാഗില്‍ സൂക്ഷിച്ചിരുന്ന വെള്ളക്കുപ്പിയുടെ അടപ്പുതുറന്ന് ഗുളികകള്‍ ഇട്ടിരുന്ന പേപ്പര്‍ നനഞ്ഞിരുന്നു. ഞാന്‍ അതെല്ലാമെടുത്ത് മറ്റൊരു മുറിയില്‍ കൊണ്ടുപോയി ഉണങ്ങാനായി നിരത്തിവെച്ചു.

പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി വെച്ചിട്ടു വന്ന മേരിച്ചേച്ചി ഡോക്ടര്‍ പറഞ്ഞ കാര്യം എന്നോടു പറഞ്ഞു. പെട്ടെന്നൊന്നും രോഗം മാറില്ല. കുറേക്കാലം മരുന്നു കഴിക്കേണ്ടിവരും. തനിക്കും ഒരു വീടുള്ളതിനാല്‍ അതുവരെ ഇവിടെ തങ്ങാനാവില്ലെന്ന് ചേച്ചി പറഞ്ഞു. പോകണമെന്നുള്ളപ്പോള്‍ ചേച്ചിക്ക് പോകാമെന്നും പകരം എന്തെങ്കിലും സംവിധാനം ഉണ്ടാക്കിക്കൊള്ളാമെന്നും ഞാന്‍ ചേച്ചിയോടു പറഞ്ഞു.

പിന്നീട് അല്പമൊന്നു കിടക്കാനായി ഞാനും സലോമി കിടക്കുന്ന മുറിയിലേക്ക് ചെന്നു. സലോമിയെ കട്ടിലില്‍ കാണാനില്ല. ഞാന്‍ ബാത് റൂമിലേക്ക് നോക്കി. വാതില്‍ കാല്‍ഭാഗം തുറന്നു കിടക്കുകയാണ്. അതിനാല്‍ ബാത്റൂമില്‍ പോയതല്ലെന്നു വിചാരിച്ച് മറ്റു മുറികളില്‍ പോയി നോക്കി. എവിടെയും കാണാഞ്ഞ് പരിഭ്രാന്തിയോടെ ബാത്‌റൂമിന്റെ അടുത്ത് വീണ്ടും ചെന്നു. കതകു മുഴുവനും തുറന്നു നോക്കി.

ബാത്റൂമിന്റെ ഭിത്തിയിലുള്ള ടവ്വല്‍റാഡില്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന തോര്‍ത്തിന്റെ ഒരറ്റം കെട്ടിയിട്ട് മറ്റേയറ്റം കഴുത്തിലും ബന്ധിച്ച് ഭിത്തിയോടു ചാരി സലോമി നില്‍ക്കുകയാണ്. കാലിന്റെ മുട്ടുരണ്ടും മടങ്ങിപ്പോയതിനാല്‍ കഴുത്തിലെ കുരുക്ക് മുറുകിപ്പോയി. കണ്ടനിമിഷം ആര്‍ത്തനായി മേരിച്ചേച്ചിയെ വിളിക്കുകയും ഒപ്പം കക്ഷത്തിലൂടെ കൈകളിട്ട് സലോമിയെ ഞാന്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. എന്റെ നിലവിളി കേട്ട് ഓടിയെത്തിയ മേരിച്ചേച്ചി ഒരു കത്തി എടുത്തുകൊണ്ടുവന്ന് തോര്‍ത്തുമുറിച്ചു. കഴുത്തിലെ കുരുക്കും അഴിച്ചെടുത്തു. സലോമിക്ക് അപ്പോള്‍ ബോധം ഉണ്ടായിരുന്നില്ല. തറയില്‍ കിടത്തിയ അവളുടെ വായിലേക്ക് ഞാന്‍ ജീവവായു ഊതിക്കയറ്റി. ഇരുകൈകളും ചേര്‍ത്തുപിടിച്ച് നെഞ്ച് അമര്‍ത്തിക്കൊടുത്തു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ മേരിച്ചേച്ചി വിളിച്ചുകൊണ്ടുവന്നു. അവരും നെഞ്ചിലമര്‍ത്തി ശ്വാസഗതി നേരേയാക്കാന്‍ ശ്രമിച്ചു. ഇടയ്ക്കൊന്ന് ശ്വാസമെടുത്തപോലെ തോന്നി. ഉടന്‍തന്നെ അവര്‍ സലോമിയെ എടുത്ത് പുറത്തേക്ക് കൊണ്ടുവന്നു. അവരില്‍ ഒരാള്‍ എന്റെ കാര്‍ സ്റ്റാര്‍ട്ടുചെയ്തു. മറ്റുരണ്ടുപേര്‍ അവളെ വണ്ടിയില്‍ കയറ്റി. കാര്‍ മൂവാറ്റുപുഴ നിര്‍മ്മല ഹോസ്പിറ്റലിലേക്ക് പാഞ്ഞു.

എന്റെ മടിയില്‍ തല വെച്ചിരുന്ന അവളുടെ നെഞ്ചില്‍ ഒരു കൈയാല്‍ ഞാന്‍ അമര്‍ത്തിക്കൊണ്ടിരുന്നു. അങ്ങനെതന്നെ ചെയ്തുകൊള്ളാനും ഇപ്പോള്‍ ശ്വാസമെടുക്കുന്നുണ്ടെന്നും മുന്‍സീറ്റിലിരുന്ന പോലീസുകാരന്‍ തിരിഞ്ഞുനോക്കിക്കൊണ്ട് എന്നോട് പറഞ്ഞു.

കാറില്‍നിന്ന് പുറത്തിറക്കി സ്ട്രെച്ചറില്‍ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രിജീവനക്കാരെ പോലീസുകാരും സഹായിച്ചു.

സലോമിയെ പരിശോധിച്ച കാഷ്വാലിറ്റിയിലെ ഡോക്ടര്‍ തിടുക്കത്തിലൊന്നും ചെയ്യുന്നതായി കാണാഞ്ഞ് ഞാന്‍ അലറിപ്പറഞ്ഞു: ”കൃത്രിമശ്വാസം കൊടുക്കാനുള്ള ഏര്‍പ്പാട് വേഗത്തില്‍ ചെയ്യ്…”

ഡോക്ടര്‍ നിര്‍വ്വികാരമായി പറഞ്ഞു.”മരിച്ച ആള്‍ക്ക് അങ്ങനെ ശ്വാസം കൊടുത്തിട്ടു കാര്യമില്ല.”

എനിക്ക് ഭാരം ഇല്ലാതാകുന്നതുപോലെ തോന്നി. ആരോ പിടിച്ച് എന്നെ ഒരു കസേരയില്‍ ഇരുത്തി.

അല്പം കഴിഞ്ഞ് മറ്റൊരു ഡോക്ടര്‍ വന്ന് എന്റെ കരം ഗ്രഹിച്ചു. അദ്ദേഹം അവിടുത്തെ ഡോക്ടറാണെന്ന് എനിക്കപ്പോള്‍ മനസ്സിലായില്ല. എന്നെ അറിയുന്ന ആരോ ആണെന്നേ കരുതിയുള്ളൂ. അത്യധികമായ ദീനതയോടെ ഞാന്‍ പറഞ്ഞു:

”എന്റെ ഭാര്യ മരിച്ചുപോയി. ഇതേ… ഇപ്പോള്‍.”

അതു പറയുമ്പോള്‍ എന്താണാവോ ഞാന്‍ പ്രതീക്ഷിച്ചത്? കാരുണ്യമോ സഹതാപമോ?

പിന്നീടാരും എന്റെ അടുത്തേക്കു വന്നില്ല. അപ്പാടെ തോല്‍പിക്കപ്പെട്ടവനായി ഞാന്‍ അവിടെയിരുന്നു.

പിന്നീടെപ്പോഴോ ഒരു നേഴ്സ് എന്റെയരികില്‍ വന്ന് ഒരു കടലാസു പൊതി എന്നെ ഏല്പിച്ചു. സലോമിയുടെ ശരീരത്തില്‍നിന്ന് ഊരിയെടുത്ത താലിമാല, കമ്മല്‍, കല്യാണമോതിരം, മിഞ്ചി എന്നിവയായിരുന്നു അതിനുള്ളില്‍.

സന്ധ്യയോടെ സുഹൃത്തുക്കള്‍ എന്നെ വീട്ടിലേക്കു കൊണ്ടുവന്നു.

നാലുമാസത്തെ ഇടവേളയ്ക്ക്ശേഷം വാനമിരുണ്ട് മഴ പെയ്തു.

രാത്രിയോടെ തിരുവനന്തപുരത്തായിരുന്ന മിഥുന്‍ എത്തി. എനിക്ക് ചില വിമ്മിട്ടങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് മിഥുന്‍ എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. സെഡേഷനിലൂടെ അവര്‍ എന്നെ മയക്കിക്കിടത്തി. രാവിലെയാണ് വീട്ടിലേക്ക് പോന്നത്.

പോണ്ടിച്ചേരിയില്‍നിന്ന് സിസ്റ്റര്‍ മാരിസ്‌റ്റെല്ല രാവിലെതന്നെ എത്തി. പതിനൊന്നു മണിയോടെ ആമി ഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗ്ഗം വന്നു. ബന്ധുക്കളും സുഹൃത്തുക്കളും എത്തി. എന്നാല്‍ ആരോരുമില്ലാത്തവനെപ്പോലെ ഒരു മുറിയില്‍ ഞാന്‍ ശൂന്യനായി ഇരുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. അവളുടെ കണ്ണുകള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ തലേന്നുതന്നെ ഞാന്‍ ഒപ്പിട്ടുകൊടുത്തിരുന്നു. അജ്ഞാതരായ രണ്ടുപേര്‍ക്ക് അവളുടെ കാഴ്ച പകുത്തു നല്കിയിട്ട് ഇരുപത്തിയെട്ടുകൊല്ലം മുമ്പ് ഞാന്‍ അണിയിച്ച മന്ത്രകോടി പുതച്ചുകൊണ്ട് ഏകദേശം അഞ്ചുമണിയോടെ അവള്‍ വീണ്ടും വീട്ടിലെത്തി.

വീടിനുള്ളില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നതിനാല്‍ ഒരു ബാത്‌റൂമില്‍ കൊണ്ടുപോയി എന്റെ കൗമാരകാല സുഹൃത്തായിരുന്ന പതിപ്പള്ളില്‍ റ്റോമി, പള്ളിയില്‍ പോകാനുള്ള വസ്ത്രം എന്നെ ധരിപ്പിച്ചു. പണ്ട് എന്റെ വിവാഹവസ്ത്രം വാളിപ്ലാക്കല്‍ റെജി എന്ന അയല്‍ക്കാരന്‍ ഉടുപ്പിച്ചത് ഞാനപ്പോള്‍ ഓര്‍ത്തു.
ആകാശത്ത് കരിമേഘങ്ങള്‍ വന്ന് കിടുകിടുത്തെങ്കിലും മഴ പൊടിഞ്ഞില്ല.

അന്ത്യചുംബനം നല്‍കി ഞാനും മക്കളും അവളെ യാത്രയാക്കി. ആയിരക്കണക്കിനാളുകള്‍ അതിനു സാക്ഷികളായി.

പള്ളിയില്‍ വെച്ച് കൈപിടിച്ച് കൂടെക്കൂട്ടിയ അവളെ പള്ളിസെമിത്തേരിയിലെ കല്ലറയില്‍ അടക്കം ചെയ്തു മടങ്ങുമ്പോള്‍ എന്റെ മനസ്സെന്നപോലെ വാനവും ഘനപ്പെട്ടു നിന്നു.

പുസ്തകം ഇപ്പോൾ തന്നെ വെറും 99 രൂപയ്ക്ക് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>