രോഗഭീതിയേക്കാൾ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ് കൊറോണ വൈറസ് ലോകത്ത് വിതച്ചുകൊണ്ടിരിക്കുന്നത്. കോവിഡിനു മുൻപും പിൻപും എന്നു വേർതിരിക്കാവുന്ന വിധം ഈ വൈറസുകൾ കൃത്യമായും ലോകത്തെ അളന്നുമുറിച്ചിടുന്നു. വ്യക്തിയുടെ മാത്രമല്ല, സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ, വികസന സങ്കൽപങ്ങളിൽ, സുരക്ഷിതമെന്ന വ്യാജബോധ്യങ്ങളിൽ ഒക്കെ വിള്ളൽവീണു. സാങ്കേതികവിദ്യ ബഹിരാകാശക്കൊടി പാറിക്കുമ്പോഴും ഉറുമ്പിനെപ്പോലെ നിസ്സാരനും നിസ്സഹായനുമാണെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞു.
‘ലോകമേ തറവാട്’ എന്ന സങ്കൽപത്തെ വിശാലാർഥത്തിൽ സമീപിച്ചാൽ കൊറോണ വൈറസിനുംകൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന ചിന്തയിലേക്കെത്താം. ഭീതിയും ദുരന്തവും മനുഷ്യനെ ഒന്നിപ്പിക്കുകയാണു ചെയ്യാറുള്ളതെങ്കിലും കോവിഡ് മറിച്ചാണ്. അതു സമൂഹജീവിതം ആഘോഷമാക്കിയ മനുഷ്യരെ മുറിയടച്ചിരുത്തി.
അടിസ്ഥാനപരമായി സമൂഹജീവിയാണു മനുഷ്യനെങ്കിലും ഏകാന്തതയുടെ വില നന്നായറിയുന്നവനാണ് അവൻ. പ്രതിസന്ധി ഘട്ടങ്ങളിൽ ‘എന്നെ ഒറ്റയ്ക്കുവിടൂ’ എന്ന് അവൻ മുറവിളികൂട്ടുന്നത്, ഏകാന്തതയുടെ സാധ്യതകളെപ്പറ്റി ബോധ്യമുള്ളതുകൊണ്ടാണ്. തനിച്ചാവുന്നവനുള്ളതാണു ബോധോദയങ്ങൾ. അല്ലെങ്കിലും കലയും സാഹിത്യവുമടക്കമുള്ള വിചാരവിപ്ലവങ്ങളെല്ലാം ഏകാന്തതയുടെ ഉൽപന്നങ്ങളാണല്ലോ. കോവിഡ് കാലം ആ അർഥത്തിൽ മനുഷ്യനെ അവനിലേക്കു തിരിച്ചുനടത്തിയ കാലമാണ്. കൃഷിയിലേക്ക്, പരിമിതമായ വിഭവങ്ങളിലേക്ക്, വായനയിലേക്ക്, സംഗീതത്തിലേക്ക്….അങ്ങനെയങ്ങനെ. ഫെയ്സ്ബുക്കും വാട്സാപ്പും സ്വകാര്യതയുടെ ദീർഘചതുരത്തിൽ തളച്ചിട്ട ജീവിതത്തിന്റെ അതിരുകളെ കോവിഡ് കുറേക്കൂടി ശക്തിപ്പെടുത്തി എന്നും പറയാം.
പക്ഷേ, അന്നന്നത്തെ വരുമാനംകൊണ്ട് ദിവസം കഴിച്ചുകൂട്ടുന്ന ബഹുഭൂരിപക്ഷത്തിന്റെയും ജീവിതത്തിൽ കോവിഡ് ഏകാന്തതയുടെ ലയതരംഗം തീർത്തില്ലെന്നതു പ്രധാനമാണ്. ലോക്ഡൗണിന്റെ ഓരോദിനം പിന്നിടുന്തോറും അവന്റെയുള്ളിൽ ആശങ്കയുടെ വൈറസ് പെരുകുകയാണ്. ജീവിതം തിരിച്ചുപിടിക്കാനും, നഷ്ടപ്പെട്ട ദിനങ്ങളുടെ വിടവു നികത്താനും എന്തു ചെയ്യണമെന്നതിന് എവിടെനിന്നും ഉത്തരമില്ലാതെ പോകുന്നു. ഇത്തിരി സമാശ്വാസത്തിന് ഓടിയെത്താൻ ദൈവാലയങ്ങൾ പോലുമില്ലാതായി, അവന്.
ഇതേസമയം, മറുവശത്ത്, ആർഭാടവും പെരുപ്പിച്ചെടുത്ത ആശങ്കകളുമാണ് ജീവിതത്തിന്റെയും ആയുസ്സിന്റെയും പകുതിയും അപഹരിച്ചതെന്നു ബോധ്യപ്പെടുത്തിത്തരാൻ കൊറോണ വൈറസിനു കഴിഞ്ഞുവെന്നും പറയാം. ഇല്ലെങ്കിൽ ആശുപത്രികളിലേക്കും ഭക്ഷണശാലകളിലേക്കും നോക്കൂ. ചെറിയ രോഗത്തിനുപോലും ആശുപത്രിയിലേക്ക് ഓടിപ്പൊയ്ക്കൊണ്ടിരിക്കുകയായിരുന്നില്ലേ നമ്മൾ? വാരിവലിച്ചു കഴിക്കാനും കുടിക്കാനുമുള്ള ഇടംമാത്രമാക്കി മാറ്റിയിരുന്നില്ലേ ആഘോഷങ്ങളെ നമ്മൾ? തൽക്കാലത്തേക്കാണെങ്കിലും എത്രവേഗം അവ നിലച്ചു. ശീലങ്ങൾ മാറ്റാനും വലിയ പ്രയാസമില്ലെന്ന് നാമറിയുന്നു.
സ്നേഹവും സന്തോഷവും പങ്കിടാൻ സ്പർശം അനിവാര്യമെന്നു കരുതിയ മനുഷ്യനോട് സഹജീവിയെ തൊടരുതെന്ന് പഠിപ്പിക്കുകകൂടി ചെയ്യുന്നുണ്ട് കൊറോണ വൈറസ്. ‘ചെറുതാണു സുന്ദരം’ എന്നത് ‘ചെറുതാണ് അപകടകരം’ എന്നും, ‘സാമീപ്യമാണ് സന്തോഷം’ എന്നത് ‘അകലമാണ് ആദരം’ എന്നതിലേക്കും മാറ്റിയെഴുതപ്പെടുകയാണ്. സിനിമയിലും സാഹിത്യത്തിലും വരയിലുമൊക്കെ കോവിഡ് കാലം ഭാവിയെ എങ്ങനെ അടയാളപ്പെടുത്തും എന്നതു കാത്തിരുന്നു കാണേണ്ടതാണ്.