കറുത്തവംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തെത്തുടര്‍ന്ന് അലയടിക്കുന്ന പ്രക്ഷോഭം അമേരിക്കയ്ക്ക് പുറത്തേക്കും വ്യാപിക്കുകയാണ്. ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന മുദ്രാവാക്യവുമായി പതിനായിരങ്ങളാണ് തെരുവില്‍ നിറയുന്നത്. ഈ പ്രക്ഷോഭത്തിനിടയില്‍ പലപ്പോഴും ഉയര്‍ന്നുവരുന്ന പേരാണ് അസാറ്റ ഷാക്കൂറിന്റേത്. വര്‍ണ്ണവെറിയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത അസാറ്റ ഷാക്കൂറിന്റെ ജീവിതം സംഭവബഹുലമായിരുന്നു.
അസാറ്റയുടെ യഥാര്‍ത്ഥനാമം ജോആന്‍ ഡെബോറാ ബൈറന്‍ എന്നാണ്. മന്‍ഹാറ്റന്‍ കമ്യൂണിറ്റി കോളേജിലും സിറ്റി കോളേജ് ഒഫ് ന്യൂയോര്‍ക്കിലും പഠിക്കുന്ന കാലത്തുതന്നെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമായി. ബിരുദപഠനത്തിനുശേഷം ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയില്‍ ചേരുകയും അസാറ്റ ഷാക്കുര്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. താമസിയാതെ അമേരിക്കന്‍ ഗവണ്‍മെന്റിനെതിരെ സായുധപോരാട്ടത്തിലേര്‍പ്പെട്ടിരുന്ന ബ്ലാക്ക് ലിബറേഷന്‍ ആര്‍മിയുടെ ഭാഗമായി. 1971-1973 കാലഘട്ടങ്ങളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുകയും പൊലിസ് വേട്ടയാടുകയും ചെയ്തു. ന്യൂ ജേഴ്‌സി പൊലിസ് ഉദ്യോഗസ്ഥനായ വേണര്‍ ഫോര്‍സ്റ്ററിന്റെ മരണത്തില്‍ക്കലാശിച്ച വെടിവെപ്പില്‍ പങ്കെടുത്ത അസാറ്റ അറസ്റ്റ് ചെയ്യപ്പെട്ടു. അസാറ്റയുടെ വിചാരണ അമേരിക്ക മുഴുവന്‍ ആകാംക്ഷയോടെ നോക്കിക്കണ്ടു. ഭരണകൂടവും കറുത്തവംശജരും തമ്മിലുള്ള പോരാട്ടമായിരുന്നു കോടതിമുറിയില്‍ അരങ്ങേറിയത്. ചൂടേറിയ വാഗ്വാദങ്ങളും പൗരാവകാശത്തെച്ചൊല്ലിയുള്ള ചൂടന്‍ ചര്‍ച്ചകളും ആ വിചാരണയെ അതീവപ്രാധാന്യമുള്ളതാക്കിമാറ്റി. ഒടുവില്‍ കൊലപാതകം, വധശ്രമം, ബാങ്ക് കൊള്ള, തട്ടിക്കൊണ്ടുുപോകല്‍ എന്നീ വകുപ്പുകളിലായി ജീവപര്യന്തം തടവിന് അസാറ്റ ശിക്ഷിക്കപ്പെട്ടു. ക്ലിന്റന്‍ കറക്ഷനല്‍ ഫെസിലിറ്റി ഫോര്‍ വിമന്‍ എന്നയിടത്ത് ശിക്ഷയില്‍ക്കഴിയവേ സായുധധാരികളായ കൂട്ടാളികള്‍ സുരക്ഷാജീവനക്കാരെ തോക്കിന്‍മുനയില്‍നിര്‍ത്തി അസാറ്റയെ രക്ഷപെടുത്തി. രക്ഷപെട്ട അസാറ്റ സാഹസികമായി ക്യൂബയില്‍ എത്തി. അമേരിക്കന്‍ ഗവണ്‍മെന്റെ് നിരവധിതവണ ശ്രമിച്ചെങ്കിലും അസാറ്റയെ വിട്ടുകൊടുക്കാന്‍ ക്യൂബ തയ്യാറായിട്ടില്ല. ഇപ്പോഴും ക്യൂബയില്‍ കഴിയുന്നു.
അസാറ്റയുടെ സാഹസികമായ ജീവിതകഥ ആദ്യമായി ഇതാ ഡിസി ബുക്‌സ് മലയാളത്തില്‍ പുറത്തിറക്കിയിരിക്കുന്നു. പുസ്‌കത്തിന്റെ ഡിജിറ്റല്‍ പതിപ്പാണ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.