വെയില്‍ അറിഞ്ഞ് വെയിലില്‍ അലഞ്ഞ് വെയിലില്‍ പുരണ്ട് വെയിലിനൊപ്പം കളിച്ച് വെയില്‍ താണ്ടി വളര്‍ന്ന കുറെ മനുഷ്യരുടെ കഥയാണ് പെരുമാള്‍ മുരുകന്റെ ‘എരിവെയില്‍’. പെരുമാള്‍ മുരുകന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവല്‍. പുസ്തകത്തിന്റെ മലയാളം പരിഭാഷ ഇപ്പോള്‍ ഇ-ബുക്കായി വായനക്കാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. എസ്. ജയേഷാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
പുസ്തകത്തിന് പെരുമാള്‍ മുരുകന്‍ എഴുതിയ ആമുഖം വായിക്കാം
എരിവെയില്‍’ എന്ന നോവലിന്റെ ഇരുപത്തിയഞ്ചാം വര്‍ഷമാണിത്. എന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ പ്രസിദ്ധീകൃതമായ ഈ നോവല്‍ എന്നോടൊപ്പം കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. വെറുതേ പിന്നിടുകയല്ലായിരുന്നു. എനിക്കൊരു അടയാളം നല്‍കിക്കൊണ്ടായിരുന്നു വന്നത്. അതെ, കാല്‍ നൂറ്റാണ്ട് കാലമായി തുടര്‍ച്ചയായി ഓടിക്കൊണ്ടിരിക്കാനായുള്ള എന്റെ അച്ചുതണ്ടായി മാറിയിരുന്നു ഈ നോവല്‍. 1988-ല്‍ എന്റെ ആദ്യത്തെ ചെറുകഥ പ്രസിദ്ധീകരിച്ചതിനു ശേഷം ചില വര്‍ഷങ്ങള്‍ ചെറുകഥകളും കവിതകളും മാത്രം എഴുതിക്കൊണ്ടിരുന്നു. എന്റെ ആവേശത്തിനും വേഗത്തിനും ആ രൂപങ്ങള്‍ മതിയാവില്ലായിരുന്നു. കുറച്ചു കൂടി വിശാലമായ ഇടം ആവശ്യമായിത്തീര്‍ന്നു. അപ്പോഴാണ് ‘എരിവെയില്‍’ എഴുതിയത്. ഇതെഴുതിയ കാലത്ത് നോവലിന്റെ രൂപത്തിനെപ്പറ്റി കാര്യമായ മനസ്സിലാക്കല്‍ ഒന്നും ഇല്ലായിരുന്നു. ഇന്നും അത്രയ്ക്ക് മനസ്സിലാക്കിയിട്ടുണ്ടെന്നത് സംശയമാണ്. എന്നാല്‍ മനസ്സിലാക്കാതെതന്നെ എഴുതിയ ഇതിന് മനോഹരമായ ഒരു രൂപം സ്വയം സൃഷ്ടിക്കപ്പെട്ടു. തലക്കെട്ടും അങ്ങനെയാണ്.
എന്റെ നോവലുകളുടെ തലക്കെട്ടുകളില്‍ ഇതിനൊപ്പമുള്ള തലക്കെട്ട് വേറെയില്ല. വെയില്‍ അറിഞ്ഞ് വെയിലില്‍ അലഞ്ഞ് വെയിലില്‍ പുരണ്ട് വെയിലിനൊപ്പം കളിച്ച് വെയില്‍ താങ്ങി വളര്‍ന്ന ദേഹമാണിത്. ചിലപ്പോള്‍ ഇളംവെയില്‍. ഇളംവെയിലില്‍ നീരാടിക്കളിച്ചു. മിക്കപ്പോഴും ഉച്ചവെയില്‍ ആയിരിക്കും. ഉച്ചവെയിലില്‍ പാറയില്‍ എറിയപ്പെട്ട പുഴുവായി തുടിച്ചു. വെയില്‍ മൂത്തുകൊണ്ടേയിരിക്കും. മേഘം മറയ്ക്കുന്ന ഒരു നിമിഷം പോലുമില്ല. താഴ്ന്ന മുഖവും അതിനില്ല. എരിവെയിലിനെ എന്റെ ജീവിതത്തിന്റെ അടയാളമായി ഞാന്‍ കാണുന്നു. എന്റെ ജീവിതത്തിന് മാത്രമല്ലാതെ പൊതുസമൂഹത്തിന്റെ ജീവിതത്തിനും അടയാളമായി മാറുന്നതാണ് ഈ നോവലിനെ ഇന്നും ജീവിപ്പിച്ചു നിര്‍ത്തുന്നത്.
ഞാന്‍ ഏതോ ഒരു തേരുവടം പിരിച്ചുകൊണ്ടിരിക്കുന്നതുപോലെ തോന്നുന്നു. അതില്‍ എന്റെ ഓരോ നോവലും ഓരോ കണ്ണിയാകുന്നു. ഈ കണ്ണികളെ വടത്തിന്റെ എവിടെയൊക്കെ ചേര്‍ക്കുമെന്നതില്‍ പൂര്‍ണമായും വ്യക്തതയില്ല. ഇനിയും പല കണ്ണികള്‍ നിര്‍മ്മിച്ച ശേഷം വേണമെങ്കില്‍ കോര്‍ത്തുനോക്കാം. മുന്നും പിന്നുമായി എഴുതിയെങ്കിലും ഇപ്പോഴത്തേക്ക് മൂന്ന് കണ്ണികള്‍ അടുത്തടുത്ത് ശരിയായി യോജിച്ചിട്ടുണ്ട്. ‘സൂളമാതാരി’, ‘ഏറുവെയില്‍’, ‘കങ്കണം’ എന്നിങ്ങനെയുള്ള നിരയാണിത്. ഇവയില്‍ ഞാന്‍ ആദ്യം പിരിച്ച കണ്ണി ‘എരിവെയില്‍’ ആണ്. എന്റെ കൈകൊണ്ട് സൃഷ്ടിച്ച ഇതിനെ ഞാന്‍ ആശ്ചര്യത്തോടെ നോക്കുന്നു. ഇപ്പോഴും ഇത് തരുന്ന ആശ്ചര്യത്തിന് കുറവില്ല. ഈ വടം പിരിക്കുന്ന ജോലി തുടര്‍ന്ന് ഇതു തീര്‍ക്കുന്നതുവരെ ഇടവേളകള്‍ കുറയ്ക്കാമെന്ന് ഒരു കാലത്ത് വിചാരിച്ചിരുന്നു. എന്നാല്‍ ഇനി അത് സാധ്യമാകുമോയെന്ന ചോദ്യം ഇപ്പോഴുണ്ട്. വടം പിരിക്കുന്ന ജോലിയില്‍ മടുപ്പും ദേഷ്യവും ചേര്‍ന്ന് കൈകുടഞ്ഞ് എഴുന്നേറ്റിരിക്കുന്നു.
ഇനി മറ്റൊരു ജോലി അന്വേഷിക്കും. ഒരേ ജോലിയില്‍ത്തന്നെ ജീവിതം കഴിച്ചുകൂട്ടി തുലയ്ക്കുന്ന നമ്മുടെ സമൂഹമനോനില എന്റെയുള്ളിലും ഇതുവരെ ഉണ്ടായിരുന്നുപോലും. അത് മനസ്സിലാക്കി ആ വിലങ്ങില്‍നിന്നും എന്നെ വിടുവിക്കുന്നതും ഇതേ സമൂഹംതന്നെ. എന്റെ കൈത്തഴമ്പുകള്‍ കണ്ട് വാപൊളിക്കുന്നു. എന്തിനാണ് ഇങ്ങനെ മൂടിക്കെട്ടിക്കിടന്നതെന്ന് പശ്ചാത്താപം തോന്നുന്നു. പല കാലം വിലങ്ങില്‍ അടിഞ്ഞ് കിടന്നവന് പെട്ടെന്ന് തന്നെ മുഴുവനായും വിട്ടുപോരാന്‍ കഴിയില്ലല്ലോ. എങ്കിലും വിലങ്ങിനെ കുടഞ്ഞെറിഞ്ഞതുപോലെ, അത് തന്ന അപകര്‍ഷതാബോധത്തെയും കുടഞ്ഞെറിയാന്‍ ശ്രമിക്കുകയാണ്. അത് ഉടനടിയായി സാധിക്കില്ലെങ്കിലും പടിപടിയായി സാധിക്കും എന്ന വിശ്വാസം ഉണ്ട്.
‘എരിവെയില്‍’ പല പതിപ്പുകള്‍ വന്നുകഴിഞ്ഞു. ഓരോ പതിപ്പിനും രസകരമായ ഒരു കഥ ഞാന്‍ കരുതിയിട്ടുണ്ടാകും. ആദ്യത്തെ കുഞ്ഞിനെ എടുത്തുയര്‍ത്തി അഭിമാനിക്കുന്നതുപോലെ ഇതിന്റെ ആദ്യത്തെ പതിപ്പിന്റെ സമയം എനിക്ക് ആഹ്ലാദം തന്നിരുന്നു. അതിന്റെ പിന്നില്‍ എത്രയോ വിഷമങ്ങളുണ്ടായിരുന്നു. അതെല്ലാം കടന്ന് പുസ്തകമായി കൈയില്‍ എടുത്തു നോക്കിയപ്പോഴുണ്ടായ ഉത്സാഹം ഇപ്പോഴും ഓര്‍മ്മയുണ്ട്. അത് ഇന്നും ഒരു കഥയായി എന്റെയുള്ളില്‍ രൂപമെടുത്തിട്ടുണ്ട്. ഇപ്പോഴത്തെ ഈ തിരുത്തിയ പതിപ്പിനും ഒരു കഥയുണ്ട്. പുസ്തകം തരുന്ന സ്വാരസ്യത്തേക്കാള്‍ ആ പുസ്തകത്തിന്റെ അണിയറക്കഥ കൂടുതല്‍ സ്വാരസ്യമുള്ളതായിരിക്കും. ‘എരിവെയിലി‘ന് അങ്ങനെ ഒന്ന് എഴുതിനോക്കാന്‍ ആഗ്രഹം വരുന്നു. അപ്പോള്‍ ഈ പതിപ്പിന്റെ കഥയും പറയും. ഇപ്പോള്‍ പറയാനുള്ളത് ഇതാണ്: ഈ നോവല്‍ മുഴുവനായും ഭാവനയാണ്. ഇതിന്റെ പശ്ചാത്തലവും കഥാപാത്രങ്ങളും എന്റെ മനോലോകത്ത് ഉദിച്ചലയുന്നവയാണ്. ഒരു സ്ഥലത്തെയും ഒരാളെയും കുറിച്ചുള്ളതല്ല. എല്ലാവര്‍ക്കും നന്ദി.