ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയേതെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമേയുള്ളു..ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള. 2016 ലെ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള ഒക്ടോബര്‍ 19 മുതല്‍ 23 വരെയായിരുന്നു. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള 7000ല്‍ അധികം പ്രസാധകരാണ് പുസ്തകമേളയില്‍ പങ്കെടുത്തത്. അഞ്ച് ദിവസം കൊണ്ട് നാലായിരത്തോളം പരിപാടികളും 454 പുസ്തകങ്ങളുടെ പ്രകാശനവുമാണ് ഇത്തവണ നടന്നത്. കേരളത്തില്‍നിന്നും ഡി സി ബുക്‌സ് ഉള്‍പ്പെടെയുള്ള പ്രസാധകരും മുഖ്യാധാര എഴുത്തുകാരുമാണ് പുസ്തകമേളയില്‍ പങ്കെടുത്തത്.
ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ നിന്നും എ കെ അബ്ദുള്‍ ഹക്കീം എഴുതുന്നു..
പുസ്തകം ഒരായുധമാണ് എന്ന് ബ്രഹ്ത് പറഞ്ഞതിനു മുമ്പും പിമ്പും അതങ്ങനെ തന്നെയാണ്. പുസ്തകങ്ങളുടെ രൂപവും ഭാവവും പുസ്തകത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ തന്നെയും ഏറെ മാറിയെങ്കിലും മനുഷ്യനെ ആകര്‍ഷിക്കാനുള്ള അതിന്റെ ശേഷി തുടരുക തന്നെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകളെ ഒരു പുസ്തകമേളയിലേക്കെത്തിക്കുന്നത് മറ്റെന്താണ്? ഒക്ടോബര്‍ 19 മുതല്‍ 23 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന ബുക് ഫെയറില്‍ ( ഫ്രാങ്ക്ഫര്‍ട്ട് ബുക് മെഷേ എന്ന് ഔദ്യോഗിക നാമം) പങ്കെടുക്കാന്‍ പുറപ്പെടുമ്പോള്‍ കേട്ടറിവുകളില്‍ നിന്ന് പൊലിച്ചെടുത്ത ഒരു അദ്ഭുതലോകം മനസ്സില്‍ രൂപപ്പെടുത്തിയിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള പുസ്തകങ്ങള്‍ എത്തുന്ന ഒരു മേള തീര്‍ച്ചയായും ലോകത്തിന്റെ ഒരു പ്രതിരൂപമായിരിക്കണമല്ലോ. പുസ്തകങ്ങളുടെ ഈ മഹോത്സവ വേദിയിലേക്ക് കാലെടുത്തു വെക്കുന്ന നിമിഷം മുതല്‍ ആ മറുലോകം നമ്മുടെയുള്ളില്‍ സ്പന്ദിക്കാന്‍ തുടങ്ങും.
ഫ്രാങ്ക്ഫര്‍ട്ടില്‍ പുസ്തകമേള ആരംഭിച്ചിട്ട് അഞ്ഞൂറോളം വര്‍ഷമായെന്നാണ് സംഘാടകരുടെ അവകാശവാദം. ഒരു പക്ഷേ ഉത്സവത്തിന്റെ രൂപഭാവങ്ങള്‍ ഇങ്ങനെയായിരിക്കില്ലെങ്കിലും ഒരു ഗുട്ടന്‍ബര്‍ഗ് അനന്തര ലോകത്തിന്റെ ചരിത്രസാക്ഷ്യം ഈ ഫെയറിന് പാരമ്പര്യമായുണ്ട്. ഇന്ന് എഴുത്തുകാരുടേയും പ്രസാധകരുടേയും വായനക്കാരുടേയും പ്രാതിനിധ്യം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവങ്ങളുടെ നിരയിലാണ് ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയറിന്റെ സ്ഥാനം.
ഫ്രാങ്ക്ഫര്‍ട്ടില്‍ വിമാനമിറങ്ങുമ്പോള്‍ തന്നെ ഫെയറിന്റെ ഒരു ആംബിയന്‍സിലേക്ക് നാം പ്രവേശിച്ചു തുടങ്ങും. ഇമിഗ്രേഷന്‍ കൗണ്ടറില്‍ പോലും ബുക്ക് ഫെയര്‍ പ്രതിനിധി എന്നത് ഒരു പ്രിവിലേജ് പോലെ അനുഭവപ്പെടും.പരിശോധനകള്‍ പെട്ടെന്ന് തീര്‍ത്ത് ഊഷ്മളമായ സ്വാഗതം നുകര്‍ന്ന് പുറത്തിറങ്ങാം. ഫ്രാങ്ക്ഫര്‍ട്ട് നഗരം ഫെയറിനെത്തുന്നവര്‍ക്ക് വലിയ പരിഗണനകളാണ് നല്‍കുന്നത്. ഫെയറിന്റെ പാസ് കയ്യിലുണ്ടെങ്കില്‍ ബസിലും ട്രാമിലും മെട്രോയിലുമെല്ലാം യാത്ര സൗജന്യമാണ്. പുസ്തകപ്രേമികള്‍ ഇവിടെ കള്‍ച്ചറല്‍ അംബാസിഡര്‍മാരായിത്തീരുന്നു.
ഏക്കറുകള്‍ വ്യാപിച്ചുകിടക്കുന്ന അതിവിശാലമായ കണ്‍വെന്‍ഷന്‍ സെന്ററിലാണ് മേള നടക്കുന്നത്. ആറു നിലകളിലായി പരന്നു കിടക്കുന്ന ആറായിരത്തോളം സ്റ്റാളുകളിലായി കാലത്തിന്റേയും ലോകത്തിന്റേയും വിശ്വരൂപദര്‍ശനം. ആയിരക്കണക്കിന് എഴുത്തുകാര്‍, അനന്ത വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍, വേറിട്ടു നില്‍ക്കുമ്പോഴും ഏകലോക സാധ്യതകള്‍ പ്രകാശിപ്പിക്കുന്ന സംസ്‌ക്കാരവിശേഷങ്ങള്‍, വായനകളുടെ വേറിട്ട വഴികള്‍, മേള അനന്വയമാവുന്നത് ഇങ്ങനെയൊക്കെയാണ്. ആദ്യ മൂന്നു ദിവസം മേളയില്‍ തിരക്കേറിയ വ്യാപാരത്തിന്റെ ദിനങ്ങളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനിക്കുന്ന പുസ്തകങ്ങള്‍ അന്യഭാഷകളിലേക്ക് കുടിയേറുന്നത് ഈ വ്യാപാരക്കരാറുകളിലൂടെയാണ്. പ്രസാധകരുടെ പ്രതിനിധികള്‍ മുഴുവന്‍ ഈ നാളുകളില്‍ വ്യാപാര ചര്‍ച്ചകളില്‍ മുഴുകിയിരിക്കും. കോപ്പിറൈറ്റ് വിവര്‍ത്തനാവകാശങ്ങള്‍ കൈമാറുന്നതിലൂടെ കോടിക്കണക്കിന് യൂറോയുടെ വ്യാപാരമാണ് ഈ ചര്‍ച്ചകളില്‍ ഉറപ്പിക്കപ്പെടുന്നത്. അവസാന രണ്ടു ദിവസം പൂര്‍ണമായി വായനക്കാരുടേതാണ്. പുസ്തകങ്ങളുടെ പുതുലോകം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഇതിനിടയിലാണ് എഴുത്തുകാരുമായുള്ള സംവാദങ്ങളും പുതിയ പ്രവണതകളെക്കുറിച്ചുള്ള ചര്‍ച്ചകളും പുസ്തക പ്രകാശനങ്ങളും നടക്കുന്നത്. ലബ്ധപ്രതിഷ്ഠരായവരോടൊപ്പം പുതിയ എഴുത്തുകാരും സംവാദ വേദികളില്‍ അതിഥികളായെത്തുന്നുണ്ട്.ഇത്തരമൊരു വേദിയില്‍ വെച്ചാണ് മാര്‍ഗരറ്റ് ഗിഡന്‍സ് എന്ന വായനക്കാരിയെ പരിചയപ്പെടുന്നത്. വായനയുടെ തലമുറകള്‍ താണ്ടിയ ആ മുത്തശ്ശി ഏറ്റവും പുതിയ തലമുറയിലെ ഫിലിപ്‌സ്…എന്ന കവിയെ ഒരു നോക്കു കാണാന്‍ കൂട്ടുകാരിയോടൊത്ത് വന്നതാണ്.ഭ്രാന്തമായ അഭിനിവേശമുള്ള ഇത്തരം വായനക്കാരാണ് ഈ സംവാദസദസ്സുകളെ സമ്പന്നമാക്കുന്നത്.
ഓരോ വര്‍ഷവും മേളയില്‍ ഒരു ഫോക്കസ് കണ്‍ട്രിയെ തിരഞ്ഞെടുക്കാറുണ്ട്. നെതര്‍ലാന്‍ഡ്‌സാണ് ഇത്തവണത്തെ ഫോക്കസ്. മേളയുടെ പ്രായോജകത്വം മുതല്‍ ദൈനംദിന ഇവന്റുകളില്‍ വരെ ഫോക്കസ് രാജ്യത്തിന്റെ മുദ്രയുണ്ടാവും. മുമ്പ് ഇന്ത്യയ്ക്കും ഈ ഫോക്കസ് രാജ്യപദവി ലഭിച്ചിട്ടുണ്ട്. മേളയിലെ വിഷയവൈവിധ്യം നമ്മെ അമ്പരപ്പിക്കുന്നതാണ്. വിവിധ സാഹിത്യ വ്യവഹാരങ്ങള്‍ക്കൊപ്പം വൈജ്ഞാനിക വിഷയങ്ങള്‍, പ്രൊഫഷണല്‍ മേഖലകള്‍, ലൈഫ് സ്‌റ്റൈല്‍ സെല്‍ഫ് ഹെല്‍പ്, മത ഗ്രന്ഥങ്ങള്‍ മുതല്‍ ഇറോട്ടിക് ലിറ്ററിച്ചര്‍ വരെ നൂറുകണക്കിന് വിഷയ മേഖലകളാണ് നിരന്നു കിടക്കുന്നത്. കുട്ടികളെ ഫോക്കസ് ചെയ്യുന്ന നൂറിലധികം സ്റ്റാളുകള്‍ കാണാം. ഉള്ളടക്കത്തിലേയും രൂപകല്പനയിലേയും വിസ്മയിപ്പിക്കുന്ന സാധ്യതകള്‍ ബാലസാഹിത്യത്തെ ഏറെ മുന്നോട്ടു കൊണ്ടു പോയിരിക്കുന്നു. സാഹിത്യചലച്ചിത്ര വിനിമയങ്ങള്‍ക്കു വേണ്ടി മാത്രം നൂറുകണക്കിന് സ്റ്റാളുകള്‍ സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്. ലോകമെങ്ങുമുള്ള അഡാപ്‌റ്റേഷന്‍ സിനിമകളുടെ സാധ്യതകള്‍ ഇവിടെയാണ് അന്വേഷിക്കപ്പെടുന്നത്.
ഗൗരവത്തിന്റേയും കാര്‍ണിവലിന്റെയും മാറി മറിയുന്ന മുഖങ്ങളുണ്ട് ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയറിന് .അതിഥി സ്വീകരണത്തിന്റേയും വ്യാപാര ചര്‍ച്ചകളുടേയും തിരക്കേറിയ ഗൗരവാന്തരീക്ഷത്തിലാണ് മേളയുടെ ഓരോ ദിനവും തുടങ്ങുന്നത്. ഓരോ സ്റ്റാളിലും അതിഥികള്‍ ഊഷ്മളമായി സ്വീകരിക്കപ്പെടുന്നു. കാപ്പിയും പലഹാരവും പഴങ്ങളും പേന പോലുള്ള ചെറിയ ഉപഹാരങ്ങളും ഓരോ സ്റ്റാളിലുമുണ്ടാവും. സ്റ്റാളുകളിലെ വ്യാപാര ചര്‍ച്ചകളും ഓപന്‍ ഫോറങ്ങളിലെ സംവാദങ്ങളുമായി ദിവസം നീങ്ങുന്നതറിയുകയേയില്ല. ഇടയ്ക്കിടെയുള്ള കോഫി ഷോപ്പുകളും റസ്റ്റാറന്റുകളും ബിയര്‍ പാര്‍ലറുകളും സ്‌മോക്കിംഗ് സോണുകളും ഫ്രീ വൈ ഫൈ സോണുകളും ചെറിയ ഇടവേളകളുടെ സുഖം പകരും. ഏഴു മുതല്‍ പതിനൊന്നുവരെ ഡിഗ്രി സെന്റീ ഗ്രേഡാണ് ഫ്രാങ്ക്ഫഫര്‍ട്ടിലെ ഇപ്പോഴത്തെ താപനിലയെങ്കിലും ഫെയറിലെ ഹീറ്റര്‍ സംവിധാനം നമ്മെ മുഷിപ്പിക്കില്ല. വൈകുന്നേരം 5 മണിക്കു ശേഷം കാര്യങ്ങളാകെ മാറി മറിയും.പിന്നെ മേള കാര്‍ണിവലിന്റെ അയഞ്ഞ അന്തരീക്ഷത്തിലേക്കു മാറും. അതു വരെയുള്ള ബിസിനസ് പിരിമുറുക്കങ്ങളില്‍ നിന്ന് പ്രതിനിധികള്‍ മോചിതരാവുന്ന വേളയാണത്. ഓരോ രാജ്യങ്ങളായി സ്‌പോണ്‍സര്‍ ചെയ്യുന്ന ഷാംപെയിന്‍ പാര്‍ട്ടികളില്‍ സായാഹ്നം നുരഞ്ഞു പൊങ്ങും. അതിഥികള്‍ക്കെല്ലാം ഷാംപെയ്‌നും വൈനും ബിയറും കോഫിയും സോഫ്റ്റ് ഡ്രിങ്ക്‌സുമെല്ലാം യഥേഷ്ടം സൗജന്യമായി ലഭിക്കും. സൗഹൃദങ്ങളുടെ വലിയ ഒരു ആഘോഷവേദിയായി രൂപാന്തരപ്പെടും ഫെയറിലെ ഓരോ സ്റ്റാളും .
ഇന്ത്യയില്‍ നിന്ന് ഒട്ടേറെ പ്രസാധകര്‍ മേളയില്‍ സജീവമായുണ്ടായിരുന്നു. പുസ്തകങ്ങളുടെ പ്രമോഷനു വേണ്ടി പ്രവര്‍ത്തിക്കുന്ന കാപ്പലെക്‌സ് (?) പ്രസാധകര്‍ക്ക് പങ്കാളിത്തത്തിനു വേണ്ട സാമ്പത്തികമുള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്യുന്നുണ്ട്. മലയാളത്തില്‍ നിന്ന് ഡി.സി.ബുക്സ്സ് ഉള്‍പ്പെടെയുള്ള പ്രസാധകര്‍ മേളയിലുണ്ടായിരുന്നു. മലയാളത്തിന്റെ പങ്കാളിത്തം ഉറപ്പിക്കുന്നതിനും മലയാളത്തില്‍ നിന്നുള്ള സാഹിത്യകൃതികളുടെ വിവര്‍ത്തനവും വില്പനയും പ്രോത്സാഹിപ്പിക്കുന്നതിനുമായി മലയാള സര്‍വ്വകലാശാല ഇത്തവണ മേളയില്‍ മാതൃകാപരമായ നേതൃത്വം വഹിക്കുകയുണ്ടായി. സര്‍വ്വകലാശാല ഏറ്റെടുത്ത സ്റ്റാളിലായിരുന്നു മലയാള പ്രസാധകരെല്ലാം ഒരു കുടക്കീഴിലെന്ന വണ്ണം ഒരുമിച്ചുകൂടിയത്. കരനാഥനെപ്പോലെ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ശ്രീ.കെ.ജയകുമാര്‍ എല്ലാറ്റിന്റേയും മുന്നില്‍ നിന്നു.സേതുവിന്റെ ‘പാണ്ഡവപുരം ‘ജര്‍മന്‍ ഭാഷയില്‍ പ്രകാശിപ്പിച്ചതായിരുന്നു ഈ വേദിയില്‍ നടന്ന ഒരു പ്രധാന ചടങ്ങ്. ഒട്ടേറെ പ്രവാസി മലയാളികള്‍ ഒട്ടൊരു ഗൃഹാതുരത്വത്തോടെ മലയാളത്തിന്റെ ഈ ഇടത്തില്‍ വന്നു പൊയ്‌ക്കൊണ്ടേയിരുന്നു.
The post ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള: പുസ്തക സൗഹൃദങ്ങളുടെ ആഘോഷവേദി appeared first on DC Books.