ലോകത്തെമ്പാടും ത്രില്ലറുകള്‍ ഇഷ്ടപ്പെടുന്ന വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍
ഡാന്‍ ബ്രൗണിന് ഇന്ന് ജന്മദിനം. ചരിത്രവും വസ്തുതകളും യാഥാര്‍ത്ഥ്യവും യഥോചിതം കലര്‍ന്ന, സത്യവും മിഥ്യയും വേര്‍തിരിച്ചെടുക്കാനാകാത്ത ഒരു മായികലോകത്തുനിന്നുകൊണ്ടാണ് ഡാന്‍ ബ്രൗണ്‍ തന്റെ നോവലുകള്‍ ആഖ്യാനം ചെയ്യുന്നത്.വായിച്ചുതീര്‍ത്തിട്ട് മാത്രം താഴെവയ്ക്കാന്‍ പറ്റൂ എന്ന നിലയില്‍ പുസ്തകത്തിലൂടെ വായനക്കാരെ കൊണ്ടുപോകാന്‍ കഴിവുള്ള ജാലവിദ്യക്കാരനാണു അദ്ദേഹം. സ്തോഭജനക നോവലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ബ്രൌൺ ഏറെ വിവാദങ്ങളുണ്ടാക്കിയ ദ ഡാവിഞ്ചി കോഡ് എന്ന നോവലിലൂടെയാണ് പ്രശസ്തനായത്. 54 ഭാഷകളിലായി 200 ദശലക്ഷക്ഷത്തിലധികം കോപ്പികൾ ഇദ്ദേഹത്തിന്റെതായി ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.
ഹാർവാർഡ് സർവകലാശാലയിലെ അധ്യാപകനും ചിത്രകലാസ്വാദകനുമായ റോബർട്ട് ലാങ്ടൺ എന്ന കഥാപാത്രത്തെ ഡാൻ ബ്രൗൺ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് 2000ൽ ഇറങ്ങിയ ‘ഏഞ്ചൽസ് ആൻഡ് ഡീമെൺസ് എന്ന നോവലിലൂടെയാണ്. എന്നാൽ ഡാൻ ബ്രൗണിനെയും റോബർട്ട് ലാങ്ടണെയും ലോകം അറിഞ്ഞത് 2003 -ൽ പുറത്തിറങ്ങിയ ‘ദി ഡാവിഞ്ചി കോഡ്’ എന്ന നോവലിലൂടെയും. കത്തോലിക്ക-ക്രിസ്തീയ സമൂഹത്തിൽ നിന്നുണ്ടായ എതിർപ്പുകൾ ഒരുതരത്തിൽ പുസ്തകത്തിന് ഗുണകരമാകുകയും ജനപ്രിയമാകുകയുമായിരുന്നു. തുടർന്ന് വന്ന ‘ദി ലോസ്റ്റ് സിംബൽ’, ‘ഇൻഫെർണോ’, ‘ഒറിജിൻ’ എന്നീ പുസ്തകങ്ങളിലും റോബർട്ട് ലാങ്ടൺ തന്നെയായുരുന്നു കേന്ദ്ര കഥാപാത്രം.’
എഴുത്തിലേക്ക് തിരിയാൻ ഡാൻ ബ്രൗണിന് പ്രചോദനമായത് ഭാര്യ ബ്ലൈത്ത് ആണ്. ലോസ് ആഞ്ജലീസിലെ നാഷണൽ അക്കാദമി ഓഫ് സോങ് റൈറ്റേഴ്സ് എന്ന സംഘടനയിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഹാസ്യരചനകളാണ് ഡാൻ ബ്രൗൺ ആദ്യ കാലത്ത് പരീക്ഷിച്ചത്. 1996-ൽ അധ്യാപക ജോലി ഉപേക്ഷിച്ച് അദ്ദേഹം മുഴുവൻസമയ എഴുത്തുകാരനായി. 1998-ൽ ‘ഡിജിറ്റൽ ഫോർട്രെസ്’ എന്ന ആദ്യ നോവൽ പുറത്തിറക്കി. 2000-ൽ ‘ഏഞ്ചൽസ് ആൻഡ് ഡീമെൺസ്’, 2001-ൽ ”ഡിസപ്ഷൻ പോയിന്റ്” എന്നീ നോവലുകൾ പുറത്തിറങ്ങിയങ്കിലും തുടക്കകാലത്ത് ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല.
നിഗൂഢതകളിലൂടെ വായനക്കാരെ ഹരംകൊള്ളിക്കുന്ന ഡാന്‍ ബ്രൗണിന് ജന്മദിനാശംസകള്‍
ഡാന്‍ ബ്രൗണിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
ഡാന്‍ ബ്രൗണിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക