നാടുഗദ്ദിക, മാവേലിമന്റം, ബസ്പുര്‍ക്കാന, ഗുഡ്‌ബൈ മലബാര്‍ എന്നീ കൃതികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ കെ.ജെ. ബേബിയുടെ ഏറ്റവും പുതിയ നോവല്‍ ‘മാവേലിമന്റം’ ഇപ്പോള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാം.
‘മാവേലിമന്റം’ –ത്തെക്കുറിച്ച് കല്‍പറ്റ നാരായണന്‍ എഴുതിയത്
വയനാട്ടിലെ ഗിരിവർഗക്കാർ മുമ്പും നമ്മുടെ നേവലുകളിൽ മുഖം കാട്ടിയിട്ടുണ്ട്. ഉദാരമതികളായ ചിലരുടെ രണ്ടോ മൂന്നോ ആഴ്ചക്കാലത്തെ അർത്ഥദീർഘമായ ടൂറിസ്റ്റ് പാർപ്പുകളുടെ പാർശ്വഫലങ്ങളെന്ന നിലയിൽ. കാപ്പിച്ചില്ലകൾ വകഞ്ഞുമാറ്റി പുറത്തേക്കുവരുന്ന കൗതുകങ്ങൾ എന്ന നിലയിൽ. അത്തരം സഞ്ചാരീഭാവങ്ങൾ കൂട്ടിക്കുഴച്ച് നിർമ്മിച്ചതൊന്നുമല്ല ഈ നോവൽ. ഈ നോവലിൽ അവർ ലജ്ജാവിവശരായ ആശ്രിതർ മാത്രമല്ല. നമ്മുടെ സംസ്‌കാരത്തിന്റെ ഹാസ്യാനുകരണമല്ല. അവർ ആർക്ക് അടിമപ്പെട്ടിരിക്കുന്നുവോ, ആരുടെ പരിഷ്‌കാരം അവരെ കൂടുതൽക്കൂടുതൽ അന്യവൽക്കരിച്ചുകൊണ്ടിരിക്കുന്നുവോ, ആരുടെ സ്വാർത്ഥം അവരുടെ അകപുറങ്ങളെ ശൂന്യമാക്കിക്കൊണ്ടിരിക്കുന്നുവോ ആ പരിഷ്‌കൃതരെക്കാൾ എത്രയോ ഗംഭീരമായ ഒരു പൈതൃകത്തിന്റെ അവകാശികളാണ്. അവരുടെ ഭാഷയിലും പാട്ടുകളിലും തുടിച്ചൊല്ലുകളിലും ആചാരങ്ങളിലും ഉറങ്ങുന്ന ആ ശക്തിയുടെ നാനാവിധ വൈവിദ്ധ്യങ്ങളെയും ആദരവോടെ ആവിഷ്‌കരിക്കുന്നു ഈ നോവൽ.