കഥകളും ഉപകഥകളും കൊണ്ട് നിര്‍മ്മിച്ചതാണ് വിനോയ് തോമസിന്റെ പുതിയ നോവലായ പുറ്റ്.
കൂട്ടുജീവിതം ആരംഭിച്ചനാള്‍ മുതലുള്ള മനുഷ്യരുടെ ജീവിതകഥകളാണ് ഈ പുറ്റിന്നകം നിറയെ. ആ കഥകള്‍ പാപവും പുണ്യവും സംസ്കാരത്തിന്റെ ബാധകകളുമില്ലാതെ, കാടും മേടും വെട്ടി മനുഷ്യര്‍ മനുഷ്യരായ വളര്‍ന്ന കുടിയേറ്റങ്ങളുടെ ചരിത്രമാണ്. ഈ ചരിത്രത്തില്‍ അജ്ഞാതരായ മനുഷ്യരുടെ കടുംപച്ചയായ ജീവിതമാണ് വിനോയ് തോമസിന്റെ പുറ്റ് എന്ന നോവല്‍ ആവിഷ്കരിക്കുന്നത്. സംസ്കരിക്കപ്പെട്ട ഭാഷയിലല്ല, ആദിമമായ ആസക്തികള്‍ നിറഞ്ഞ നഗ്നമായ ഭാഷയില്‍തന്നെയാണ് വിനോയ് തോമസ് ഈ നോവില്‍ കഥകള്‍ പറയുന്നത്.
പുറ്റ് എന്ന നോവലിലെ ഒരു ഭാഗം വായിക്കാം
തിണ്ണയില്‍ തൂണുചാരിയിരുന്ന മാത്തു പോള്‍സാറിന്റെ കഥ കേട്ടു.
“നീറുകുഴി അച്ചന്റെ കാലത്താണ്. അന്നു പള്ളിയൊന്നും ഉണ്ടായിട്ടില്ല. ഇപ്പോ പള്ളിയിരിക്കുന്നിടത്തു പുല്ലുമേഞ്ഞ ഒരു ഷെഡുണ്ട്. ഞായറാഴ്ച്ചമാത്രം ഒരു കുര്‍ബ്ബാന. അതിനു വേണ്ടി പുളിയന്തറേന്ന് അച്ചന്‍ വരുകാ ചെയ്യുന്നെ. ശനിയാഴ്ച്ച വൈകുന്നേരം ഈ ഷെഡിലു വന്നുകിടക്കും. ഞാന്‍ ഒരു കട്ടിലുംകൊണ്ടുവന്ന് അച്ചന് കൂട്ടുകെടക്കുവാരുന്നല്ലോ. ഒരു ഞായറാഴ്ച കാലത്തു കുര്‍ബ്ബാനചൊല്ലാന്‍ നോക്കുമ്പോളാണ് എല്ലാര്‍ക്കും കൊടുക്കാനൊള്ള ഓസ്തിയില്ലെന്നു കാണുന്നത്. പോളേ, എന്നാ ചെയ്യൂടാന്ന് അച്ചന്‍. ഞാന്‍ പറഞ്ഞു അച്ചോ, പ്രസംഗം ഒന്ന് നീട്ടിപ്പിടിച്ചോ, കുര്‍ബ്ബാന കൊടുക്കാറുകുമ്പോഴത്തേക്കും ഞാന്‍ ഓസ്തിയുമായിട്ടെത്തിയിരിക്കും. എവടെ? കുന്നോത്ത് പോണം. അന്ന് പടുക്കയിലെ കുട്ടിച്ചേട്ടന്റടുത്ത് ഒരു സൈക്കിളുണ്ട്. ഞാനതുമെടുത്ത് ഒരു പോക്കാ. എന്തിനു പറയുന്നു. പ്രസംഗം പറഞ്ഞു തീരുന്നേനിപ്പുറം ഞാന്‍ ഓസ്തിയും കൊണ്ടു വന്നു. പക്ഷെ ഓസ്തി അച്ചന്റെ കൈയില്‍കൊടുത്തതേ ഞാന്‍ കൊഴഞ്ഞങ്ങു വീണു. അതുപോലെ പറപ്പിക്കുകല്ലായിരുന്നോ സൈക്കിള്‍.”
ഇങ്ങനെയൊക്കെ പറയുമ്പോഴും ആ ഞായറാഴ്ച വൈകുന്നേരംവരെ പ്രസംഗമാണെന്ന മട്ടില്‍ എന്തെല്ലാമോ വിളിച്ചു പറഞ്ഞു വശംകെട്ട അച്ചനും അതുകേട്ട ഇടവകക്കാരും പള്ളിഷെഡില്‍ കുഴഞ്ഞുവീണു കിടക്കുന്നതാണു താന്‍ വരുമ്പോള്‍ കണ്ടതെന്നകാര്യം പോള്‍സാറിന്റെ മനസ്സിലുണ്ടായിരുന്നില്ല. നീറുകുഴിയച്ചനു കൂട്ടുകിടക്കാന്‍ പോയതിനേപ്പറ്റിയാണ് അപ്പോള്‍ സാറ് ഓര്‍ത്തത്.
ഞായറാഴ്ചത്തെ കുര്‍ബ്ബാനചൊല്ലാന്‍വേണ്ടി ശനിയാഴ്ച വൈകുന്നേരംതന്നെ ഷെഡിലേക്കു കിടക്കാന്‍വരുന്ന അച്ചനു കട്ടില്‍ വേണമെന്നു നിര്‍ബന്ധമായിരുന്നു. വൈകുന്നേരമാകുമ്പോള്‍ പത്തുപതിനെട്ടു വയസ്സുള്ള പോള്‍ വീട്ടിലുള്ള ചൂടിക്കട്ടിലും ചുമന്നുകൊണ്ടു ഷെഡിലേക്കു പോകും. രാത്രിയുടെ തുടക്കത്തില്‍ പോള്‍ തറയിലും അച്ചന്‍ കട്ടിലിലുമാണു കിടക്കുക. കുറച്ചു കഴിയുമ്പോള്‍ അച്ചന്‍ പറയും.
“മക്കളേ നെലത്തു കെടക്കണ്ട, നല്ല തണുപ്പല്ലേ ഇങ്ങു കേറിപ്പോരെ. കെട്ടിപ്പിടിച്ചു കിടക്കാല്ലോ.”
സ്നേഹമുള്ള അച്ചനാണല്ലോ എന്നോര്‍ത്തു പോള്‍ കയറി അച്ചന്റെകൂടെ കട്ടിലില്‍ കിടക്കും.
“നിനക്ക് ഓടക്കുഴല് വിളിക്കാനറിയാവോടാ പോളേ?”
കെട്ടിപ്പിടിച്ചുകിടക്കുന്നതിനി
പണ്ട് ചന്ദനപ്പാപ്പന്‍ പഠിപ്പിച്ച വായനപ്പരിപാടി പോളിനും ഇഷ്ടമായിരുന്നു. ഓടക്കുഴലിന്റെ ഈണത്തിനനുസരിച്ച് കട്ടില് ഞരങ്ങും. പിറ്റേന്നുരാവിലെ അച്ചന്‍ ആ കട്ടിലുതന്നെയെടുത്തു കുത്തിച്ചാരിവെച്ചു കുമ്പസാരക്കൂടാക്കി മാറ്റും. അടുത്തു കിണറും വെള്ളവുമൊന്നുമില്ലാത്തതുകൊണ്ട് ഇതെല്ലാം കഴിഞ്ഞിട്ട് കുളിക്കാതെയാണല്ലോ അച്ചന്‍ കുര്‍ബ്ബാന ചൊല്ലുന്നതെന്നായിരുന്നു പോളിന് അതിശയം. കുറേകാലം കഴിഞ്ഞ്, എന്നുപറഞ്ഞാല്‍ നീറുകുഴിഅച്ചന്‍ ഇടവകഭരണവും സഭാചുമതലകളുമൊക്കെ വിട്ടു വിശ്രമജീവിതത്തിനായി പ്രീസ്റ്റുഹോമിലേക്കു പോയി രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍, അങ്ങേര് പെരുമ്പാടിയിലുള്ള പഴയ ഇടവകക്കാരെയൊക്കെയൊന്നു കാണാന്‍വേണ്ടി വന്നു. പോള്‍സാറ് അപ്പോള്‍ റിട്ടയര്‍ചെയ്തു വീട്ടിലിരിക്കുകയാണ്. നവീകരണഭവനത്തിലെത്തി പോള്‍സാറിനെ കണ്ടതേ അച്ചന്‍ ചോദിച്ചു.
“പോളേ, സുഖമാണോടാ മാനേ? നീ ഓര്‍ക്കുന്നുണ്ടോ നമ്മളു പണ്ട് കട്ടില് കുമ്പസാരക്കൂടാക്കി വെച്ചത്?”
“ഓ, ഞാനല്ലേ അച്ചോ കട്ടില് ചുമന്നോണ്ടു വന്നിരുന്നത്.”പോള്‍സാറ് എന്തെല്ലാമോ മനസ്സിലോര്‍ത്തു പറഞ്ഞു.
“അതെയതേ, ഒരു ദിവസം ഞാന്‍ കുമ്പസാരിപ്പിക്കാനിരിക്കുമ്പോ ചേടത്തിമാരൊക്കെക്കൂടി തള്ളിത്തള്ളി കട്ടിലും മറിച്ചോണ്ടു വീണു. ഞാനും ഒരു ചേടത്തീംകൂടി കെട്ടിപ്പിടിച്ചോണ്ട് കട്ടിലിന്റെ അടീല്. ഒരു രസവാരുന്നു അതൊക്കെ. അങ്ങനൊള്ള കാര്യങ്ങളെല്ലാം വെച്ചോണ്ട് ഞാനൊരു ആത്മകഥയങ്ങോട്ടെഴുതി.”
“നന്നായി. എന്നതാ ആത്മകഥേടെ പേര്?”
“ഒരു ഓടക്കുഴലിന്റെ ആത്മസങ്കീര്‍ത്തനം. എങ്ങനുണ്ട് കൊള്ളാവോ?”
“അതു തന്നെയാ അച്ചോ അതിനിടണ്ട പേര്.”
പോള്‍സാറ് കടത്തിയാലോചിക്കാതെ പറഞ്ഞു. അച്ചനു കാപ്പിയും പലഹാരവുമൊക്കെ കൊടുത്താണു വിട്ടത്. കുമ്മണ്ണൂരെ പോള്‍സാറിന് നീറുകുഴിയച്ചനെ മറക്കാന്‍ പറ്റില്ല. ചിന്നയേയും പോളിനേയും കുമ്മണ്ണൂരുനിന്നും പെരുമ്പാടിയില്‍ കൊണ്ടുവന്നാക്കി ലോനച്ചന്‍ ഒത്തിരി പറമ്പൊക്കെ മേടിച്ചു കൊടുത്തിട്ടുണ്ടെങ്കിലും വേണ്ട ആദായമൊന്നും അവിടെയുണ്ടായിരുന്നില്ല. എന്തെങ്കിലും നട്ടുനനച്ചുണ്ടാക്കിയാല്‍ അതു പന്നിയായിട്ടും കൊരങ്ങായിട്ടും മലാനായിട്ടുമൊക്കെ കൊണ്ടുപോകും. സ്വന്തമായിട്ടു പണിയെടുത്തു ജീവിക്കാനുള്ള കെല്‍പ്പും കിളിരവും പോളിനൊട്ട് ആയിട്ടുമില്ല. പിന്നെ തള്ളേം മോനും മാത്രമുള്ള വീടായതുകൊണ്ടാണ് വലിയ കുടുംബചെലവില്ലാതെ മുന്‍പോട്ടു പോകാന്‍ പറ്റിയത്.
“ഓരോ നാട്ടിലും ജീവിക്കാന്‍ ഓരോ വഴിയാ. നമ്മുടെ ആരോഗ്യം, നമ്മടെ സാഹചര്യം അതൊക്കെവെച്ച് എന്തു ചെയ്താണോ ജീവിക്കാന്‍ പറ്റുക അതു ചെയ്തോണം. ജീവിക്കുകാന്നുള്ളതല്ലേ ചിന്നേ പ്രധാനം? നിനക്കു ഞാന്‍ തന്ന ജീവിതം നീ ജീവിച്ചോന്നേ ഒടുക്കം അങ്ങുചെല്ലുമ്പോ ഒടേതമ്പുരാന്‍ ചോദിക്കത്തുള്ളൂ. അങ്ങേര്‍ക്ക് ഈ തെറ്റും ശരീം ഒക്കെ ഒണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാം അങ്ങേര് തന്നെയല്ലേ?”
ഇടുക്കിയിലെ ചന്ദനപാപ്പന്‍ പെരുമ്പാടിയിലേക്ക് ആദ്യമായിട്ടു വന്നതായിരുന്നു അന്ന്. രാത്രിയില്‍ പുള്ളിതന്നെ കാട്ടുപാക്കാനാണെന്നും പറഞ്ഞു എവിടുന്നോ പിടിച്ചുകൊണ്ടുവന്ന ഒരു ചെറിയ പൂച്ചയെ കൊന്നു കറിവെച്ചു. അതും കൂട്ടി വാട്ടുകപ്പ തെകത്തിയതു തിന്നുമ്പോള്‍ പറയുന്നതാണ്.
“കര്‍ണ്ണാടകത്തില്‍ അങ്ങ് ഉഡുപ്പി കഴിഞ്ഞു കൊല്ലൂരുന്ന് പറയുന്ന സ്ഥലത്തുനിന്നും കെഴക്കോട്ട് കയറിയാല്‍ മൊത്തം മലകളാണ്. അവിടുത്തെ ഗുഹകളില്‍ തപസ്സുചെയ്യുന്ന സ്വാമിമാര്‍ക്ക് ദിവസ്സോന്നു പറഞ്ഞപോലെ ഈ മരുന്നു വേണം. ഞാന്‍ സാധനവുമായിട്ട് കൊല്ലൂര് ചെല്ലും. അവിടുന്ന് ഭക്തന്‍മാര് ഇതും മേടിച്ച് മലകയറും. സ്വാമിമാര്‍ക്കുള്ള കാഴ്ചവസ്തുവാ. മാഹീപ്പള്ളീല് ജമന്തിപ്പൂ കൊടുക്കുന്നതുപോലെ. ഒരു പോലീസും പിടിക്കുകേല. നമ്മടെ പള്ളീല് അച്ചന്‍മാര് നമ്മക്കു തരത്തില്ലെങ്കിലും വീഞ്ഞല്ലേ കുര്‍ബ്ബാനക്കു എടുക്കുന്നത്? അന്നേരം ചെറുതരിപ്പിനുള്ള അളവ് അച്ചന്‍മാര് വീശുന്നുണ്ടല്ലോ. കുന്നത്തൂര്പാടീല് കള്ളാണ് മുത്തപ്പന് ബീത്തുന്നത്. സ്വാമിമാരുടെ കെട്ടുനെറക്ക് എത്രപേര്‍ക്ക് ഞാന്‍ നീലച്ചടയന്‍ കൊടുത്തിരിക്കുന്നു. എന്നതാന്നേ അതിനാത്തൊക്കെ തെറ്റ്?”
പിന്നെയും പുള്ളി എന്തൊക്കെയോ പറഞ്ഞെങ്കിലും ചിന്ന ഉറക്കം വന്നതുകൊണ്ടു വാതിലടച്ചു കിടന്നിരുന്നു. തീറ്റ കഴിഞ്ഞപ്പോള്‍ വേറൊരാവശ്യത്തിന് പുള്ളി ചിന്നേടെ വാതിലിലൊന്നു മുട്ടിനോക്കി. മുട്ടുകേട്ടപ്പോള്‍
“പാപ്പനിങ്ങോട്ടു പോരെ.”എന്ന് പോള് അവന്റെ മുറീലേക്ക് വിളിച്ചു. പാപ്പന് അന്ന് അതിനല്ല തോന്നിയതെങ്കിലും ഒട്ടുമില്ലാത്തതിനേക്കാള്‍ നല്ലതാണല്ലോ ഇട്ടൂപ്പ് എന്ന ന്യായത്തില്‍ അയാള്‍ പോളിന്റെ മുറിയിലേക്കു കയറി. പിന്നെ പോളിനെയാണ് അയാള്‍ ഉപദേശിച്ചത്.
“നിനക്കിപ്പോ പത്തുപതിനാറ് വയസ്സായി. നിന്റെ ഈ പ്രായത്തില്‍ ഞാനെവിടെയാ ഒള്ളതെന്നു നിനക്കറിയാവോ? കൊരങ്ങാട്ടീന്നു പറയും. നേര്യമംഗലത്തുനിന്നു ഒന്നരദിവസത്തെ നടപ്പുണ്ട് അങ്ങോട്ടേക്ക്. പപ്പുംപൂടേം വെച്ചു ഇനി എവടെയേലും പോയി തേടിത്തിന്നോന്നും പറഞ്ഞു അപ്പന്‍ വിട്ടതായിരുന്നു അത്. അങ്ങനെവേണം കാര്‍ന്നോമ്മാരെന്ന് ഞാനിന്നും പറയും. നിന്റെ കാര്യത്തില്‍പിന്നെ കാര്‍ന്നോമ്മാരെ കണക്കു കൂട്ടണ്ടല്ലോ. കൊരങ്ങാട്ടീല് എനിക്കു തെരുവവാറ്റാ പണീന്നു പറയാം. അതു പേരിനേ ഒള്ളു. വാറ്റുന്നതു നാടനാ. തിരുവിതാംകൂറിലെ വല്യ അബ്കാരിക്കു വേണ്ടീട്ട്. പുള്ളീടെ ആളുകളു വന്നു മലയിറക്കി സാധനം കൊണ്ടുപൊയ്ക്കോളും. അന്നുതൊട്ട് ഇന്നുവരെ ഇതുക്കൂട്ടു മറ്റേപ്പണിയേ പാപ്പനെടുത്തിട്ടൊള്ളൂ. അതുകൊണ്ടെന്നാ പണത്തിനു വേണ്ടി ഒരുത്തന്റേം മുന്നില്‍ കൈനീട്ടേണ്ടി വന്നിട്ടില്ല. നിന്നോട് സ്നഹമുള്ളതുകൊണ്ട് പറയുവാ. തന്തയില്ലാത്ത നിനക്കു പാപ്പന്‍ വഴി പറഞ്ഞുതരാം. ഒരുത്തനേം മൊനാശിക്കാണ്ട് ജീവിക്കാനുള്ള വഴി.”
ആദ്യമായിട്ടാണു വരുന്നതെങ്കിലും പെരുമ്പാടിയില്‍ അവിടെയും ഇവിടെയുമായി താമസിക്കുന്ന എല്ലാവര്‍ക്കും ആ വരവില്‍തന്നെ പാപ്പന്‍ വേണ്ടപ്പെട്ടവനായി മാറി.