Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

പെണ്ണും പ്രകൃതിയും വല്ലിയില്‍

$
0
0
Valli By: Sheela Tomy
 Valli By: Sheela Tomy
Valli
By: Sheela Tomy

ഗോത്രസംസ്‌കൃതിയുമായി ബന്ധപ്പെട്ട സാംസ്‌കാരിക പശ്ചാത്തലമാണ് വയനാടിനുള്ളത്. ഇതര പ്രദേശങ്ങളിൽനിന്നും എത്തിച്ചേർന്ന ജനവിഭാഗങ്ങളുടെ ഭാഷ, ആചാരം, സംസ്കാരം, ജീവിതരീതി എന്നിവയും, അവരുടെ മതവിശ്വാസങ്ങളും വയനാടൻ തനിമയിൽ കഴിഞ്ഞുപോന്ന ആദിമവാസികളും അവരുടെ ആചാരാനുഷ്ഠാനങ്ങളും എല്ലാം ഇഴുകിച്ചേർന്ന ഒരു സങ്കരസംസ്കാരം ഇവിടെ ഉടലെടുത്തു വികസിച്ചു വരുന്നതായി കാണാം. കേരളത്തിന്റെ പൊതുവായ സവിശേഷതകളിൽ നിന്ന് പലതുകൊണ്ടും വ്യത്യസ്തമായ ചരിത്രപശ്ചാത്തലവും സാംസ്‌കാരിക പൈതൃകവുമുള്ള ദേശമാണ്‌ ബയല്‍നാട് എന്ന വയനാട്.

കുടിയേറ്റ ജീവിതങ്ങൾ എക്കാലത്തും പ്രകൃതിയോട് പടവെട്ടിയാണ് വളർന്നുവരുന്നത്. നിലനിൽപ്പാണതിന്റെ ലക്ഷ്യമെങ്കിലും പ്രകൃതിയെയും കാടിനേയും ആദിമനിവാസികളെയും എല്ലാം അത് സദാ മുറിവേൽപ്പിച്ചുകൊണ്ടിരിക്കും. വയനാടൻ കാടുകളിൽ കണ്ണുവെച്ച വെള്ളക്കാരന് വയനാട്ടിലേക്ക് വഴികാട്ടികൊടുത്ത കരിന്തണ്ടന്‍റെ കഥക്ക് മുമ്പും പിമ്പും മുറിവേല്പ്പിക്കപ്പെടുന്ന മണ്ണിന്‍റെയും മനുഷ്യന്‍റെയും കഥ തുടരുന്നു. വയനാട്ടിലേക്ക് നടന്ന കുടിയേറ്റങ്ങളും വന്‍കിട കോര്‍പ്പറേറ്റ് കയ്യേറ്റങ്ങളും എങ്ങനെ അവിടുത്തെ ആദിമവാസികളെയും ഭൂപ്രകൃതിയെയും പുഴയെയും മണ്ണിനെയും മലയെയും ഒക്കെ തകർത്തു കളഞ്ഞു എന്ന യാഥാർഥ്യം കൃത്യമായി ചിത്രീകരിക്കുന്ന ഒരു നോവലിനെക്കുറിച്ച് പറയാം.

സാറ ജോസഫ് അവതാരികയിൽ പറഞ്ഞിരിക്കുന്നതുപോലെ വയനാടിന്‍റെ ജീവിതമെഴുതിയ പുതിയകാല നോവലുകളിൽ ഏറ്റവും ശ്രദ്ധേയമാണ് ഷീല ടോമിയുടെ വല്ലി. കുടിയേറ്റക്കാരുടെ ഭാഗത്തു നിന്നുകൊണ്ടുള്ള വയനാടിന്‍റെ വായനയാണത്. എപ്പോഴും പരാജയപ്പെടുന്ന ആദിവാസികളെപ്പോലെ തന്നെയാണ് വൻഭൂവുടമകളാലും കയ്യേറ്റക്കാരാലും രാഷ്ട്രീയക്കാരാലും പരാജയമേറ്റുവാങ്ങുന്ന പാവപ്പെട്ട കുടിയേറ്റ കർഷകരും. പന്നിയോടും കാട്ടാനയോടും മറ്റു വന്യമൃഗങ്ങളോടും എതിരിട്ട് തോൽക്കുകയും കാർഷിക ഉൽപ്പന്നങ്ങൾക്ക് വിലയില്ലാതെ കടം പെരുകി ആത്മഹത്യയില്‍ എത്തുകയും ചെയ്യുന്ന കുടിയേറ്റക്കാരുടെ വേദനയുടെ കൂടി ചരിത്രമാകുന്നുണ്ട് വല്ലി. അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും വയനാടന്‍ ഗാഥ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയായി മാറുന്നു. എന്നാല്‍ അതിനെല്ലാമുപരി വയനാടന്‍ പരിസ്ഥിതിയുടെ സ്ത്രീപക്ഷ വായനയായി ഈ രചനയെ വിശേഷിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

മിത്തുകളുടെ അപനിര്‍മ്മാണം

സൂസന്റെ ഓർമ്മകൾ മകളായ ടെസ്സയിലേക്കു പകരുന്ന കത്തുകളിലൂടെയാണ് വല്ലിയുടെ ആഖ്യാനം. സൂസന്റെ ഡയറിക്കുറിപ്പുകളിലൂടെ കല്ലുവയലിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പരിസ്ഥിതിയും വെളിപ്പെട്ടുവരുന്നു. മണ്ണിന്‍റെ മണമുള്ള നിരവധി കഥാപാത്രങ്ങൾ. അവരുടെ ഒക്കെ ജീവിതാവസ്ഥകൾ. അതിലുമുപരി മിത്തുകളും ഭാവനയും കഥകളും ചരിത്രവും യാഥാർഥ്യവും നുണകളും വല്ലിയില്‍ ഒന്നായ് കൂടിക്കലരുന്നുണ്ട്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്കു അനായാസം പടർന്നു കയറുന്ന വശ്യമായ ആഖ്യാനം. മിത്തുകളുടെ വള്ളിപ്പടര്‍പ്പുകൊണ്ട് തീര്‍ത്ത ഒരു നോവലാണ്‌ വല്ലി. ഉണ്ണിയച്ചിയുടെയും കരിന്തണ്ടന്റെയും വേടരാജകുമാരിയുടെയും പാക്കംകോട്ടയുടെയും വള്ളിയൂര്‍ക്കാവിന്‍റെയും കുറുവാ ദ്വീപിന്‍റെയും പ്രാചീന തിരുമരതൂരങ്ങാടിയുടെയും തൊവരിമലയുടെയും രാമംഗല്യംകോട്ടയുടെയും വയനാടന്‍ രാമായണത്തിന്‍റെയും കഥകള്‍ക്കൊക്കെ പുതിയ സ്ത്രീ പരിപ്രേക്ഷ്യങ്ങള്‍ തീര്‍ക്കുകയാണ് എഴുത്തുകാരി. പുതിയ കാലത്തിന് അനുഗുണമായി വയനാടന്‍ മിത്തുകള്‍ അപനിര്‍മ്മിക്കപ്പെടുന്ന മാന്ത്രികത. ഇതിനടിയില്‍ വന്യസംസ്കൃതിയുടെ രാഗങ്ങളും ഈണങ്ങളും ഗോത്രാചാരങ്ങളും ഏറെ സുന്ദരമായി കോര്‍ത്തിണക്കിയിരിക്കുന്നു. കാക്കപ്പുലയും ഞാറ്റുപാട്ടും നാടോടിശീലുകളുമൊക്കെ നോവല്‍ഗാത്രത്തില്‍ സമര്‍ത്ഥമായി ഇണങ്ങിനില്‍ക്കുന്നുമുണ്ട്.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

ഇക്കോഫെമിനിസം

മലയും പുഴയും ഇറക്കവും കയറ്റവും വളവും തിരിവും കാടും വയലുമുള്ള വയനാടിന്റെ ദൃശ്യപ്രകൃതിയിലൂടെ ഒരു വിസ്മയ യാത്ര യാണ് വല്ലി. വയനാടിന്റെ സ്ത്രീപക്ഷ ചരിത്രവും സന്തുലിതമായ പാരിസ്ഥിതിക ദർശനവും ഈ നോവലില്‍ അടയാളപ്പെടുന്നു. വയനാട് പശ്ചാത്തലമായി വന്ന ഇതര നോവലുകളിൽ നിന്ന് വല്ലിയെ വ്യത്യസ്തമാക്കുന്നത് ഈ സ്ത്രീപക്ഷ പരിസ്ഥിതി ആഖ്യാനമാണ്. അവളുടെ അനുഭവങ്ങൾ, സഹനങ്ങൾ, ത്യാഗങ്ങൾ, പ്രതിരോധങ്ങൾ ഒക്കെയും വയനാടൻ പ്രകൃതിയോടും പരിസ്ഥിതിയോടും ഇഴുകിച്ചേർന്നു നിൽക്കുന്നതാണ്.

തൊമ്മിച്ചന്‍ പറയുന്നു. “സാറാ, നിന്റെ സ്വഭാവമാണ് ഈ കാടിന്. ചിരിക്കുന്നതെപ്പം, കരയുന്നതെപ്പം, പൂക്കുന്നതെപ്പം, ഇലകൊഴിയുന്നതെപ്പം ഒന്നും പറയാമ്പറ്റൂലാ.” (പുറം 145). സ്ത്രീയും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം സഹജവും സ്വാഭാവികവുമാണ്. പ്രകൃതിയെ അറിയാനും അനുഭവിക്കാനും അവളെപ്പോലെ മറ്റാർക്കും കഴിയില്ല. തൊമ്മിച്ചന്റെ വാക്കുകളിൽ പ്രകൃതിക്കും സ്ത്രീക്കും വരുന്ന ജൈവികമായ ഭാവവ്യതിയാനങ്ങൾ, അതിലെ അനിശ്ചിതത്വം ഇവയൊക്കെ സ്ഫുരിക്കുന്നു. സൂക്ഷ്മമായ പാരിസ്ഥിതികാവബോധമാണ് സ്ത്രീ പ്രകൃതി സമന്വയ ചിന്തയുടെ അടിസ്ഥാനം. ഏതൊരു ചൂഷണവും നിശ്ശബ്ദതയോടെ, മൗനത്തോടെ ഏറ്റുവാങ്ങാൻ നിർബന്ധിതരാകുന്നവരാണ് സ്ത്രീയും പ്രകൃതിയും. തൊമ്മിച്ചന് മറുപടിയായി സാറാ പറയുന്നത് ഇപ്രകാരമാണ്. “, അത് എന്റെ കുറ്റമല്ല. കാടിനെ അറിയാൻ ശ്രമിക്കണം മാഷേ, പെണ്ണിനേയും“.

ആഴത്തിൽ വായിക്കപ്പെടേണ്ടവരാണ് സ്ത്രീയും പ്രകൃതിയും. ഉപരിപ്ലവമായ സമീപനങ്ങളും അയഥാർഥമായ വിലയിരുത്തലുകളും അവളെ /പ്രകൃതിയെ ഒരു ചരക്കായി, ഉപഭോഗവസ്തു മാത്രമായി മുദ്ര കുത്താന്‍ ഇടയാക്കുന്നു. മാനവികതയുടെ, മനുഷ്യരാശിയുടെ നിലനിൽപ്പിനു പ്രകൃതിയെ അറിഞ്ഞേ മതിയാവൂ. ലോകത്തിനു മുഴുവനുള്ള ഭക്ഷണം, ശുദ്ധവായു, ജലം ഒക്കെ പ്രകൃതിയുടെ സംഭാവനകളാണ്. പുനരുൽപ്പാദനത്തിലൂടെ, പാലൂട്ടലിലൂടെ പുതിയ തലമുറയെ വളർത്തുന്നത് സ്ത്രീയാണ്. സ്ത്രീയെയും കാടിനേയും അറിയണമെന്ന സാറയുടെ വാക്കുകളിൽ മനുഷ്യന്റെ നിലനിൽപ്പ് അവരിലൂടെയാണെന്ന അഗാധമായ പരിസ്ഥിതിദർശനത്തിന്റെ മുഴക്കമാണുള്ളത്.

സ്ത്രീയും പ്രകൃതിയും തമ്മിലുള്ള അനുഭവപരവും ജ്ഞാനശാസ്ത്രപരവുമായ ബന്ധത്തിന്‍റെ അടയാളങ്ങള്‍ നോവലില്‍ ഉടനീളം കാണാം. സ്ത്രീയേയും പ്രകൃതിയേയും അനുരൂപണം ചെയ്യുന്ന ഭാഷയും അലങ്കാരങ്ങളും ധാരാളമുണ്ട്. കാളിയുടെ വന്യപ്രകൃതിയിലും ഉമ്മിണിയമ്മയുടെ ജലസമാധിയും എല്ലാം അത്തരം ചില ഇടങ്ങള്‍ മാത്രം. അവസാന നിമിഷത്തില്‍ പ്രകൃതിയുടെ മടിത്തട്ടില്‍ ചിറയിലെ വെള്ളത്തില്‍ കാലിട്ടിരിക്കുകയാണ് ഉമ്മിണിത്താറ. പരല്‍മീനുകള്‍ അവരുടെ പാദങ്ങളില്‍ ഉമ്മ വെക്കുന്നു. “ഉമ്മിണിത്താറ മണ്ണിനെ ചുംബിച്ചു. വയലുകളായ വയലുകളിലൊക്കെ ഉറവ പൊട്ടി. കിണറുകളായ കിണറുകളിലൊക്കെ വെള്ളം കിനിഞ്ഞു.” (പുറം 323).

ദ്രാവിഡ സ്വത്വത്തിന്‍റെയും കീഴാളപക്ഷത്തിന്‍റെയും പ്രകൃതിവായനയാണ് ഉണ്ണിയച്ചിയില്‍ കാണുന്നത്. പതിനെട്ടരുവികളായ് കുറുവാ ദ്വീപില്‍ പുനര്‍ജനിക്കുന്ന ഉണ്ണിയച്ചി പ്രകൃതിയായിത്തന്നെ മാറുന്നു. ചമ്പുകാരന്‍റെ ആണ്‍പക്ഷ ഉണ്ണിയച്ചിയെ അടിമുടി മാറ്റി എഴുതുകയാണ് വല്ലി.

കൊയ്ത്തുകഴിഞ്ഞ, കാലികള്‍ മേയുന്ന, പാടത്താണ് ലൂക്കാക്ക് കാളിയുടെ വെട്ടേല്‍ക്കുന്നത്. സ്ത്രീ ശരീരം വിളവെടുപ്പിനാണെന്ന ആണ്‍ ബോധത്തെയാണ് കാളി വെട്ടിയിടുന്നത്. തോടു നിറയുന്നതും പുഴ നിറയുന്നതും മീന്‍ നിറയുന്നതും മാലോകരെ വിളിച്ചറിയിക്കുന്നത് അവളാണ്. കിഴക്കോട്ട് ഒഴുകുന്ന പുഴക്ക് അവളുടെ ഗന്ധമാണ്. “കാട്ടുചോലയില്‍ കുളിച്ചു കയറി ഇളം ചൂടുള്ള പാറപ്പുറത്ത് അവള്‍ ആകാശം നോക്കിക്കിടക്കും. എന്തൊരു കിടപ്പാ അത്. രാവില്‍ കാടിറങ്ങുന്ന ആനക്കൂട്ടം പാടം ചവിട്ടിമെതിച്ച് പുഴയോരത്തെത്തും. ഉറങ്ങുന്നവളെ സാകൂതം നോക്കിനില്‍ക്കും. തമ്പ്രാന്കുന്ന്‍ ചുറ്റി രാവിനൊപ്പം അവ മടങ്ങിപ്പോകും.” (പുറം 58) കാളി കാട് തന്നെ. അവള്‍ പ്രകൃതിയുടെ മകള്‍. കാട്ടുചുടലയില്‍ രാവുറങ്ങുമ്പോള്‍ ശവംതീനി മൃഗങ്ങള്‍ അവളെ സ്പര്‍ശിക്കാതെ കടന്നു പോകുന്നു. അവള്‍ക്ക് കാവലിരിക്കുന്ന ചങ്ങാതി ഒരു കാട്ടുകുരങ്ങനാണ്.

കാളി തന്നെയാണ് പ്രകൃതിയും സ്വാതന്ത്ര്യവും. പേടിയെന്തെന്നറിയാത്തവള്‍. കാറ്റിനൊപ്പം വീശുന്നവള്‍. കാടിന്‍റെ ഭാഷ അറിയുന്നവള്‍. എങ്കിലും ഇടിഞ്ഞു താണ തമ്പ്രാന്‍കുന്ന്‍ പോലെ ഒടുവില്‍ അവളും ഇല്ലാതാക്കപ്പെടുന്നു. അവളുടെ അന്ത്യയാത്രയില്‍ മുളങ്കാട്‌ വിലാപ ഗാനം പാടുന്നു. “കാട് നിര്‍ത്താതെ പെയ്യുന്നു. പച്ചയില, മഞ്ഞയില. പച്ചക്കായ. ചുവപ്പ് കായ. നീലപ്പൂവ്. മഞ്ഞപ്പൂവ്. പാട്ടു നിലച്ച ചുണ്ടില്‍, വെളിച്ചം ഒലിച്ചുപോയ കണ്ണുകളില്‍ കാടിന്‍റെ അവസാന സ്പര്‍ശം.” (പുറം 187) കാളി കാട്ടില്‍ വിലയിക്കുന്നു.

ഒരൊറ്റ പ്രണയരംഗത്തിലൂടെ വല്ലിയിലെ സുഗന്ധമായ് മാറുന്നവളാണ് രുക്കു. ബസവന്‍റെയും രുക്കുവിന്‍റെയും സ്വാഭാവിക പ്രണയത്തില്‍ പ്രകൃതി മുഴുവന്‍ അവര്‍ക്കൊപ്പം ചേരുന്നു. ‘നിനാക്കു ചെമ്പകമണ പൊണ്ണേ. ബസവന്‍ ചെമ്പകപ്പൂവിനെ ഉമ്മവെച്ചു. നിനാക്കു ബയലുചെളീന മണാ ബസവാ.. വയല്‍ച്ചേറില്‍. രുക്കു പൂണ്ടുമറിഞ്ഞു. ചോലയില്‍ നീരു കുടിക്കാന്‍ വന്ന കൊമ്പനും അവന്‍റെ കൂട്ടുകാരിയും മുളന്കൂട്ടത്തിനു പിന്നില്‍ ഏറെ നേരം കാത്തുനിന്നു. ഭൂമി നിറയേ പ്രണയം പെയ്യുന്നതും ചോല അരുവിയാകുന്നതും അരുവി പുഴയാകുന്നതും നോക്കി നില്‍ക്കെ ഇണയാനകള്‍ക്ക് മനുഷ്യനോടു പെരുത്തിഷ്ടം തോന്നി.’ (പുറം 149). വല്ലിയില്‍ നിറഞ്ഞൊഴുകുന്നത് ഈ വയല്‍ച്ചെളിയുടെ മണം തന്നെ! യൂറോപ്പിലിരുന്ന് റോബോട്ടുകള്‍ക്ക് വേണ്ടി പ്രോഗ്രാം എഴുതുന്ന ടെസയും ഒടുവില്‍ എത്തിച്ചേരുന്നത് കല്ലുവയലിലെ വയല്‍മണത്തിലേക്കാണ്. ബസവനെ ചുടലയിലേക്കെടുക്കുമ്പോള്‍ രുക്കു കരയുന്നില്ല. ആയിരം മരങ്ങളായ്‌ പുല്ലായ് നെല്ലായ് Textകല്ലുവയലില്‍ ബസവന്‍ പുനര്‍ജനിക്കുമെന്ന് രുക്കുവിനറിയാം. പ്രകൃതിയുടെ ചാക്രിക ചലനത്തിന്‍റെ ജൈവതാളത്തില്‍ അവള്‍ വിശ്വസിക്കുന്നു.

അവാന്‍ ഇപ്പിമലെ മകാ. കാടിന്‍റെ ആത്മാവറിയുന്നവന്‍.

കാറ്റ് എപ്പോള്‍ വീശും, ചോല എവിടെയുണ്ട്, എവിടെ കിയങ്ങു കിട്ടും,

എവിടെ മരുന്നു കിട്ടും, എപ്പോള്‍ കാട് പൂക്കും, പുലി യാനൈ ഏതു വഴിയില്‍ ഒളിഞ്ഞുനില്‍പ്പുണ്ട്, തേന്‍കൂടെങ്ങുണ്ട്, നെല്ലിക്ക, കുന്തിരിക്കമൊക്കെയെങ്ങുണ്ട്എല്ലാമെല്ലാമറിയുന്നവന്‍ഇഷ്ടം തോന്നാനായി ഇതിലും മുന്തിയ യോഗ്യതയൊന്നും ഒരാള്‍ക്കു വേണമെന്ന് തോന്നിയിട്ടില്ല രുക്കുവിന്.” (പുറം 182) ബസവന്‍റെ കാടറിവുകളെയാണ് രുക്കു പ്രണയിക്കുന്നത്. കാടിനെ അറിയുന്നവന്‍ തന്നെയും അറിയുമെന്ന ജൈവജ്ഞാനമാണ് രുക്കുവില്‍ കാണുന്നത്.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

വല്ലിയിലെ പെണ്ണടരുകള്‍

വ്യത്യസ്തരായ എന്നാല്‍ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളുടെ സമൃദ്ധിയാണ് വല്ലിയുടെ ഒരു സവിശേഷത. അന്നംകുട്ടി, സലോമി, ഉമ്മിണിയമ്മ, ഇസബെല്ല, സാറാ, ലൂസി, സൂസൻ, ടെസ്സ, കാളി, രുക്കു തുടങ്ങി ഓരോ കഥാപാത്രവും സ്ത്രീത്വത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ പ്രകടിപ്പിക്കുന്നു. പ്രകൃതിയുടെ അനന്യ അനുഭവപരിസരങ്ങളിലാണ് അവര്‍ ഓരോരുത്തരും സാനിധ്യമറിയിക്കുന്നത്. അപ്രധാന കഥാപാത്രങ്ങളായ ഉമ്മിണിയമ്മയും സലോമിയും പോലും കഥാപ്രകൃതിയില്‍ ആദ്യന്തം നമുക്കൊപ്പമുണ്ട്.

സ്നേഹത്തിന്റെയും സഹനത്തിന്റെയും ഒപ്പം ആത്മാഭിമാനത്തിന്റെയും പ്രതീകമായി നോവലിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് ഐവച്ചന്റെ ഭാര്യ അന്നംകുട്ടി. പ്രതികൂല സാഹചര്യങ്ങളുടെ ഇടപെടലുകൾ മൂലം തന്റെ കർതൃത്വവും സ്വത്വവും നഷ്ടപ്പെടുത്തി, കേവലം അടിമയെപ്പോലെ ജീവിക്കേണ്ടിവന്നവളാണ് അവള്‍. എങ്കിലും അവളിൽ കെടാത്ത സമരവീര്യമുണ്ട്. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുമ്പോൾ ശക്തമായി കുതറാനും രക്ഷപ്പെടാനും ശ്രമിക്കുന്ന ചേതനയാണവളുടേത്. ഏതൊരു നൊമ്പരത്തെയും പാട്ടിലൂടെ, സുവിശേഷ വചനത്തിലൂടെ സുഖമാക്കുന്ന മാതൃഭാവവും അവളിലുണ്ട്. വയനാട്ടില്‍ എത്തിയ കാലത്ത് അന്നംകുട്ടിക്ക് വയനാടന്‍ രീതികളും ശീലങ്ങളും ഒന്നും പരിചിതമായിരുന്നില്ല. എന്നാല്‍ ക്രമേണ അവള്‍ പ്രകൃതിയുടെ സംഗീതമായി മാറുന്നു. “ചേനയും കാച്ചിലും മുളനോക്കി മുറിക്കുമ്പോള്‍ചേമ്പിന്‍ കണക്കും ഇഞ്ചിപ്പാവും വേരുപറിക്കുമ്പോൾമഞ്ഞള്‍ത്തട ഒരുക്കുമ്പോള്‍വിത്ത് മുക്കാന്‍ ചാണകം കലക്കുമ്പോള്‍പാവല്‍‌ വള്ളിക്ക് പന്തിലിട്ടു കൊടുക്കുമ്പോള്‍, അന്നംകുട്ടി പാടിക്കൊണ്ടിരുന്നു. കാറുകേറുന്ന മാനംനോക്കി കുന്നിന്‍ചരിവില്‍ നില്‍ക്കുമ്പോള്‍, വെരുകും ഉടുമ്പും കുറുനരിയും സൈര്യവിഹാരം നടത്തുന്ന മലഞ്ചരിവിലൂടെ ഞൊറിവാല്‍ മുണ്ട് കയറ്റിക്കുത്തി തനിച്ചു നടക്കുമ്പോള്‍ അന്നംകുട്ടി പാടിക്കൊണ്ടിരുന്നു. ഐവാച്ചനും സംഘവും നായാട്ടിനു കാടുകയറുന്ന രാവില്‍,‌ തെറുതിയമ്മയും കുഞ്ഞുങ്ങളും ഉറക്കിത്തിലേക്ക് വീഴുമ്പോള്‍ പരലോകം പൂകിയ കാരണവന്‍മാരുടെ ചില്ലിട്ട ചിത്രം തൂങ്ങുന്ന വരാന്തയുടെ തണുപ്പില്‍‌, മഞ്ഞില്‍‌, ഇരുളില്‍‌ തനിച്ചിരുന്ന് അന്നംകുട്ടി പതിഞ്ഞൊരീണത്തില്‍‌ പാടിക്കൊണ്ടേയിരുന്നു. അന്നംകുട്ടിയുടെ പാട്ടുകേട്ട് ചെടികള്‍ പൂവിട്ടു. നടുതലകള്‍ മുളച്ചുപൊന്തി. കാപ്പിക്കായ മൂത്തുചുവന്നു. അന്നംകുട്ടിയുടെ പാട്ടുകേട്ട് കുരുമുളകുതിരി പഴുത്തുപാകമായി. പുഞ്ചപ്പാടം കതിരിട്ടു. അന്നംകുട്ടിയുടെ പാട്ടുകേട്ട് പനങ്കുറ്റിയില്‍‌ ഉറവപൊട്ടി, വെള്ളംനിറഞ്ഞു.” (പുറം 77). ഐവാച്ചന്‍ നായാട്ടുകാരനാണെങ്കില്‍ അന്നംകുട്ടി സൃഷ്ടിയുടെ പര്യായമാണ്. മകന്‍ പീറ്ററിനെ അന്വേഷിച്ച് ഓടുമ്പോള്‍ അവളുടെ മുലപ്പാല്‍ കബനിയോളം ചാലിട്ട് ഒഴുകിപ്പരക്കുന്നുണ്ട്. ഒടുവില്‍ പുഴക്കരയില്‍ അവനെ കണ്ടെത്തുന്നു. “ഓടി അണച്ചെത്തിയ അന്നംകുട്ടി മകനെ വാരിയെടുത്ത് മാറോടുചേര്‍ത്തു. ഒരു നദിയെ മുഴുവന്‍ ഹൃദയത്തില്‍ ഒളിപ്പിക്കുമ്പോലെഒരായിരം മത്സ്യങ്ങളെ വലമുറിച്ച് സ്വതന്ത്രമാക്കുംപോലെ. ചീങ്കണ്ണിപ്പാറയിലിരുന്ന്‍ അവള്‍ നനഞ്ഞ മുലഞെട്ട് കുഞ്ഞിവായിലേക്ക് വെച്ചുകൊടുത്തു. അവള്‍ കണ്ണടച്ചിരുന്നു. ചെറുമീനുകള്‍ അവളുടെ പാദത്തില്‍ ഉമ്മവെച്ചു. നിറവയറുമായി വലിയൊരു മീനമ്മ ചീങ്കണ്ണിപ്പാറയെ മുട്ടി നിന്തി. മാനത്തെ കൊച്ചുവീടിന്‍റെ ജാലകത്തിലൂടെ മഴത്തുള്ളികള്‍ കോരിയൊഴിച്ച് മാലാഖാമാര്‍ ആ അമ്മയേയും മകനെയും ഉറ്റുനോക്കിനിന്നു.” (പുറം 76) ഭൂമിയും ആകാശവും മാതൃത്വത്തിനുമുന്നില്‍ കനിയുകയാണ്. അന്നംകുട്ടി ജീവജലത്തിന്‍റെ ഉറവയായി മാറുകയാണ്.

അണയാത്ത ആത്മവിശ്വാസത്തിന്റെയും ഉൾക്കരുത്തിന്റെയും പ്രതിരൂപമായി മാറുകയാണ് ഇസബെല്ല എന്ന കത്രീന. കുത്തുവാക്കുകൾക്കിടയിൽ നിന്നും സ്വത്വം തിരിച്ചറിഞ്ഞ അവൾ കാടിന്റെ സ്വന്തമായി തീരുന്നു. പ്രണയത്തില്‍ അവള്‍ ശേബായിലെ രാജ്ഞിയാകുന്നു. ‘നിന്നിലേക്കെത്താന്‍ ഒറ്റക്ക് മരുഭൂമി താണ്ടിയവള്‍. അവള്‍ തേടി വന്നത് രാജകൊട്ടാരമല്ല. പീഡിതന്‍റെ കാല്‍വരിയായിരുന്നു.’ (പുറം 272) വനദേവത എന്നാണ്പ്രകാശന്‍ അവളെ വിശേഷിപ്പിക്കുന്നത്. പ്രകൃതിയുടെ കാരുണ്യത്തിന്‍റെ ശാലീനതയും സുഗന്ധവുമാണ് ഇസബെല്ല.

മമ്മാ, ശരിക്കും സ്വാതന്ത്ര്യം അനുഭവിക്കുന്ന രണ്ടു കൂട്ടർ കാടിനുള്ളിലെ ജീവികളും, ആകാശത്തിലെ പറവകളും ആയിരിക്കും. പക്ഷെ, വേട്ടക്കാർ അവിടെയും ഉണ്ടല്ലോ “(പുറം 47). ടെസ്സയുടെ ഈ വാക്കുകൾ സ്വാതന്ത്ര്യത്തിന്റെ ആധുനികമായ നിർവചനങ്ങളെ പൊളിച്ചെഴുതുകയാണ്.. സമൂഹത്തിന്‍റെ കെട്ടുപാടുകളില്‍നിന്ന്‍ തെന്നിമാറി സ്വാതന്ത്ര്യം പ്രഖ്യാപിച്ചവളാണ് അവളുടെ മമ്മ സൂസന്‍. ‘ഒറ്റപ്പെട്ടു പോകുന്നവര്‍ ജീവിതത്തെ നിസ്സംഗതയോടെ നോക്കികാണാൻ പഠിക്കുന്നു’ എന്ന്‍ ഡയറിയില്‍ കുറിക്കുന്ന സൂസൻ സ്വത്വം കാത്ത് സൂക്ഷിച്ചു തന്നെ മുന്നോട്ട് പോകുന്നു. നഷ്ടപ്പെട്ട ജൈവിക ഓര്‍മ്മകളില്‍ തന്നെയാണ് സൂസന്‍റെ നാഗരിക ജീവിതം. ഞണ്ടുകള്‍ കാര്‍ന്നുതിന്ന ജീവിതാന്ത്യത്തോളം ആ ജീവന്‍ നിലനില്‍ക്കുന്നത് കാടിന്‍റെയും പച്ചപ്പിന്‍റെയും ഓര്‍മ്മകളിലാണ്. “വെട്ടി മാറ്റപ്പെടുംമുമ്പ് സമയം തെറ്റി വരുന്ന ഒരു യാത്രികന് ഇത്തിരിവെട്ടമേകാന്‍” പുഴയോരത്ത് നില്‍ക്കുന്ന ചെമ്പകമരത്തിലെ കൃരുവിക്കൂട്ടില്‍ ഒരുപിടി മിന്നാമിനുങ്ങുകളെ വെക്കുകയാണ് സൂസന്‍ ഡയറിക്കുറിപ്പുകളിലൂടെ. (പുറം 28)

ജെയിംസിന്‍റെ അമ്മ ലൂസി വേദനകളുടെ കടല്‍ താണ്ടി ഒടുവില്‍ മഞ്ചാടിക്കുന്നിന്‍റെ സ്വാതന്ത്ര്യത്തിലേക്ക് കടന്നവളാണ്. തുടക്കത്തില്‍ ടോട്ടോ കുരങ്ങനോപ്പം ഞാവല്‍പ്പഴം തിന്നിരിക്കുന്ന ലൂസി കാത്തിരിപ്പിന്‍റെ പര്യായമാണ്. ഇല്ലിച്ചങ്ങാടം തുഴഞ്ഞു വരുന്ന ആരേയും കൂസാത്ത പുള്ളിപ്പാവാടക്കാരിയായി അവള്‍ ആദ്യം നമ്മുടെ മുന്നിൽ എത്തുന്നു. എന്നാല്‍ വിധിയുടെ കുത്തൊഴുക്കില്‍ ‘ഒഴിച്ചു കളഞ്ഞ വെള്ളം കണക്കെ അവൾ തൂവിപ്പോവുന്നു. കബനിയുടെ കലക്കം മാറിയാലും വർഷങ്ങൾ കഴിഞ്ഞാലും അവളുടെ മനം തെളിയുകയില്ല.’ (പുറം 99) ലൂസിയുടെ മകന്‍ ജെയിംസ്, കൃഷി തപസ്യയാക്കിയ ഏദൻ തോട്ടത്തിന്‍റെ ഉടമ, കാടോരം സ്കൂൾ നടത്തിപ്പുകാരനായും പ്രകൃതിയുടെ കാവലാളായും മാറിയതിനു പിന്നില്‍ ലൂസിയുടെ നിശബ്ദസാന്നിധ്യം കാണാം. . ‘ഒടുവിലത്തെ കാട്ടിലെ ഒടുവിലത്തെ മരത്തിലെ ഒടുവിലത്തെ ഇലത്തുമ്പിലെ നീര്‍ത്തുള്ളികള്‍!’ (പുറം 247)

കുടിയിറക്കം

വല്ലിപ്പണിയിൽ നിന്നും റിസോർട്ടിലെ പണിയിലേയ്ക്കു വളർന്ന അഭിനവയുവതയുടെ കഥ. മണ്ണില്‍ അവകാശം നഷ്ടപ്പെട്ടവന്‍റെയും എല്ലാം കൈപ്പിടിയിലാക്കി നശിപ്പിച്ച കുത്തകകളുടെയും കഥ. എഴുപതുകളിലെ വിപ്ലവത്തിന്‍റെയും കുടിയിറങ്ങിപ്പോകേണ്ടി വന്ന കാടിന്‍റെ മക്കളുടെ ഇന്നും തുടരുന്ന പോരാട്ടത്തിന്‍റെയും കഥ. അതെല്ലാമാണ്‌ വല്ലി.

ചുരം കയറിവന്ന തൊമ്മിച്ചന്റെയും സാറായുടെയും ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന കഥയായിട്ടാണ് വല്ലി വികസിക്കുന്നത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും, വയനാടൻ കാടുകളിലേക്ക് എത്തിപ്പെട്ട സാറയോട് തൊമ്മിച്ചൻ പറയുന്നു. “സാറാ, ലോകത്തിലേറ്റവും സുന്ദരമായ കാനന ഭൂമിയിലാ നമ്മടെ മധുവിധു. നോക്കൂ , ചില്ലകൾ നീട്ടി പുഴയെ തൊടുന്ന മരങ്ങൾ. പുഴയിലേക്കിറങ്ങാൻ തിടുക്കപെടുന്ന കാട്. ഒന്നാകാനാകാതെ ഒന്നായിത്തന്നെ. “(പുറം 50). നോവലിന്റെ ആദ്യഭാഗങ്ങളിൽ കാടിന്റെ സ്വത്വം തിരിച്ചറിഞ്ഞ മനുഷ്യനെയും ജീവജാലങ്ങളെയും വരച്ചിടുന്നു. തുടർന്ന്, എങ്ങനെയാണ് സ്വാർത്ഥമതിയായ മനുഷ്യൻ അവൻ കടന്നു കയറുന്ന ഇടം അവന്റേതു മാത്രമായി മാറ്റുന്നതെന്നും, മരങ്ങളും മറ്റു ജീവജാലങ്ങളും പ്രകൃതി തന്നെയും അവന്റെ ഉപഭോഗവസ്തുവായി നിലംപതിക്കുന്നതെന്നും, കല്ലുവയലിന്‍റെ ഭൂപടത്തില്‍നിന്നും പയ്യെപ്പയ്യെ അവ ഓരോന്നായ് അപ്രത്യക്ഷമാവുന്നതെന്നും കാട്ടിത്തരുന്നു.

കൊടുംകാടായിരുന്ന കല്ലുവയൽ കാട് തെളിഞ്ഞു പോയ, വയല്‍ നികത്തപ്പെട്ട, പുഴ മെലിഞ്ഞു പോയ, കല്ലുവയലായി മാറിയ ചരിത്രമാണ് വല്ലി. ബെല്ലയുടെ കൽക്കത്തയിൽ നിന്നുള്ള തിരിച്ചുവരിൽ, അവൾ കല്ലുവയലിനെ വീക്ഷിക്കുന്നത് തനിക്ക് അപരിചിതമായൊരു പ്രദേശമായാണ്. “വഴിയടയാളങ്ങളെല്ലാം മാഞ്ഞുപോയിരിക്കുന്നു. കല്ലുവയൽ മറ്റേതോ ദേശമായി രൂപാന്തരപ്പെട്ടിരിക്കുന്നു. പുഴയോരത്തു ചായപ്പീടിക ഇല്ല. കടത്തില്ല. പുഴയിലേക്കിറങ്ങുന്ന കാട്ടുമരങ്ങളില്ല. പാടവും തോടും കൈതക്കാടുമില്ല “.(പുറം 331). നഷ്ടങ്ങളുടെ ഒരു അറ്റം മാത്രമാണ് താന്‍ കണ്ടതെന്ന്‍ ബെല്ല പിന്നീട് തിരിച്ചറിയും. വന്യം/നാഗരികം എന്നീ ദ്വന്ദ്വങ്ങളെ കല്ലുവയല്‍ എന്ന കാട്ടുഗ്രാമത്തിന്‍റെ പരിവര്‍ത്തനത്തിലൂടെ പ്രശ്നവല്‍ക്കരിക്കുകയാണ് വല്ലി.

തൊമ്മിച്ചനും പത്മനാഭനും പീറ്ററും ഫാദര്‍ ഫെലിക്സും ബസവനും കേളുമൂപ്പനും ഇസബെല്ലയും ജെയിംസുമെല്ലാം പ്രകൃതിയുടെ മടിത്തട്ടിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഐവാച്ചനും മകൻ ലൂക്കായും എന്തിനെയും ഉപഭോഗത്തിന്റെ കണ്ണിലൂടെ മാത്രം കാണാൻ ശ്രമിക്കുന്നവരാണ്. സ്ത്രീയോടും പ്രകൃതിയോടും അവരുടെ മനോഭാവം ശത്രുതാപരവും ഹിംസാത്മകവുമാണ്. തുടര്‍ന്ന്‍ തമ്പ്രാന്‍കുന്ന്‍ കയ്യേറുന്ന കോര്‍പ്പറേറ്റ് മാഫിയ കുന്നിന്‍റെയും കാടിന്‍റെയും മരണത്തിന് തന്നെ കാരണമാവുന്നു. തല്‍ഫലമായി ദേശത്തെ പച്ചയായ പച്ചകളുടെയെല്ലാം തിരോധാനവും അതിനെ ഉപജീവിച്ച് കഴിഞ്ഞ ഒരു ജനവിഭാഗത്തിന്‍റെ കുടിയിറക്കവും സംഭവിക്കുന്നു. കാടിനെ ഉപജീവിച്ചു കഴിഞ്ഞിരുന്ന ഗോത്ര ജനതയെ കോണ്‍ക്രീറ്റ് കൂടുകളിലേക്ക് പുനരധിവസിപ്പിക്കുമ്പോള്‍ അതിനോടിണങ്ങാനാവാതെ കാടിന്‍റെ ജൈവികതയില്‍ മുനിമടയില്‍ പാര്‍ത്ത് ഒടുവില്‍ പ്രളയത്തില്‍ അടക്കംചെയ്യപ്പെടുന്ന കേളുമൂപ്പന്‍ കുടിയിറക്കപ്പെടുന്ന വനജീവിതത്തിന്‍റെ പ്രതിനിധാനവും കാവലാളുമാണ്.

ഓരോ അക്ഷരത്തിലും ഒരു മരം. ഓരോ മരത്തിലും ഒരു കാട്‘, എന്ന പുനരുജ്ജീവന വനസംസ്കൃതി ഛിന്നഭിന്നമാക്കപ്പെടുന്നതിന്റെ ആശങ്കയാണ് വല്ലിയുടെ സ്പന്ദനം. ഒരു കാലത്ത് പൊതുമുതലായി ജനങ്ങൾ കാത്തുസൂക്ഷിച്ച കാടും പരിസരവും സ്വകാര്യസ്വത്തായി പരിവർത്തനപ്പെടുന്നു. തമ്പ്രാൻകുന്നിലെ ഊഞ്ഞാലിടുന്ന മരങ്ങൾ പിഴുതെറിഞ്ഞു ആടിക്കളിക്കാൻ മരവിച്ച യന്ത്രങ്ങൾ സ്ഥാപിക്കുന്നു. നാഗരികതയുടെ കൃത്രിമങ്ങളിലേക്ക് ജൈവപ്രകൃതി പരിവര്‍ത്തിക്കപ്പെടുന്ന കാഴ്ച. പ്രകൃതിക്കൊപ്പം, ഇതര ജീവജാലങ്ങള്‍ക്കൊപ്പം, കുടിയിറക്കപ്പെടുന്ന മനുഷ്യന്റെ വേവലാതികളും വല്ലിയില്‍ കൃത്യമായി ആവിഷ്കരിക്കപ്പെടുന്നുണ്ട്. ഗൂഡല്ലൂരില്‍ കത്തിയെരിഞ്ഞ ലൂയിസ് എന്ന കര്‍ഷകനില്‍ നിന്ന്‍ തമ്പ്രാന്‍കുന്നില്‍നിന്ന്‍ കുടിയിറക്കപെട്ട് മഹാപ്രളയത്തില്‍ മുനിമടയില്‍ ഒടുങ്ങിയ കേളുമൂപ്പനോളം ആ ചങ്ങല നീളുന്നു.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

അധിനിവേശങ്ങള്‍, പ്രതിരോധങ്ങള്‍

വേട സാമ്രാജ്യം ചതിയില്‍ കീഴടക്കിയ ക്ഷത്രിയരുടെ കഥയുടെ രണ്ടാം ഭാഗമെന്നോണമാണ് ആധുനികരുടെ വയനാടന്‍ ഭൂമിയിലേക്കുള്ള അധിനിവേശം എന്ന്‍ വല്ലി ഓര്‍മ്മപ്പെടുത്തുന്നു. കൃഷിയിടം തേടി വന്നവര്‍, തോട്ടമുണ്ടാക്കാന്‍ വന്ന വിദേശികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തേടി വന്നവര്‍, മഞ്ഞും കുളിരും തേടി വന്നവര്‍ അപഹരിച്ചത് വയനാടിന്‍റെ ജൈവ വൈവിധ്യമാണ്.

കൂടാതെ ആധുനികതയും വികസനവും എക്കാലവും മണ്ണിന്റെ മക്കളുടെ അവകാശങ്ങളെയും പിഴുതെടുത്തുകൊണ്ടിരിക്കുന്നു. ഇന്നും പ്രതിരോധത്തിന്റെ കനൽവഴിയിൽ അവർ പൊള്ളി നടക്കുമ്പോൾ പുതുതലമുറ എവിടെ പോയെന്ന ചോദ്യവും വല്ലി ഉയർത്തുന്നു. “വർഷങ്ങൾക്കു മുമ്പേ പത്മനാഭന് വേണ്ടി ഇളകി നിന്നവരെ ഓർക്കുകയായിരുന്നു തൊമ്മിച്ചനപ്പോൾ. അന്ന് ചെറുപ്പമാണ്. ആയുധമേന്തി വരുന്നവരും അന്ന് യുവാക്കളായിരുന്നു. ഇപ്പോൾ ഇരച്ചു വന്നവരിൽ പലരും ആ പഴയ ആളുകൾ തന്നെ. നര വീണു തുടങ്ങിയവർ. ചുളിവ് വീണ മുഖമുള്ളവർ. എവിടെ അവരുടെ മക്കൾ? എവിടെ ചെറുപ്പക്കാർ? ചങ്ങലയെടുത്തണിയുകയാണോ വീണ്ടുമവർ? “(പുറം 305) മണ്ണിനും കാടിനും കാവല്‍ കിടന്ന ബസവന്‍ കൊല ചെയ്യപ്പെടുമ്പോള്‍ അവന്‍റെ പേര് ഒരു ചരിത്ര പുസ്തകത്തിലും അടയാളപ്പെടുത്തപ്പെടുന്നില്ല. നോവലിസ്റ്റിന്‍റെ വാക്കില്‍ ‘വീരക്കല്ലില്‍ കൊത്തപ്പെടാത്ത ചങ്ങാതങ്ങളാണ്’ മണ്ണിന്‍റെ മക്കള്‍.

മനുഷ്യബന്ധങ്ങളുടെ ഉറവകൾ മണ്ണിലാണെന്ന സത്യം നമ്മെ വീണ്ടും ഓർമപ്പെടുത്തുകയാണ് വല്ലി. പ്രകൃതിയോടുള്ള മനുഷ്യന്റെ മനോഭാവത്തിൽ വരുന്ന മാറ്റം, പ്രകൃതിയുടെ ഭാവഭേദങ്ങളിലും പ്രകടമാകുന്നു. എക്കാലവും ചൂഷണവിധേയരാകുന്ന സ്ത്രീയും പ്രകൃതിയും അതിനെ മറികടക്കാനുള്ള മാർഗങ്ങൾ ആരായുന്നു. അത് പ്രളയമായും ഉരുള്‍പൊട്ടലായും വരള്‍ച്ചയായും കാട്ടുതീയായും പ്രത്യക്ഷപ്പെടാം. “മങ്ങിയ വെട്ടത്തില്‍ കടിച്ചു പറിക്കപ്പെട്ട മുലകളുമായി നില്‍ക്കുന്ന യുവതിയെ കണക്കെ തോന്നിച്ചു തമ്പ്രാന്‍കുന്ന്‍.” (പുറം 303) വീണ്ടെടുപ്പിനുള്ള സ്ത്രീപ്രതിരോധങ്ങൾ നോവലിലെ പ്രതിപാദ്യവിഷയമാണ്. സ്ത്രീക്കും പ്രകൃതിക്കും മേലുള്ള പുരുഷാധിപത്യച്ചങ്ങലക്കെതിരെയുള്ള ഒരു വിരല്‍ചൂണ്ടലായി വല്ലി വ്യത്യസ്തമാകുന്നു. പ്രകൃതിയുടെയും സ്ത്രീയുടെയും സ്വത്വത്തെ, പ്രതോരോധങ്ങളെ, അത് പുനർവായനയിലേക്കു നയിക്കുന്നു.

വൻകിട കോർപ്പറേറ്റ് കയ്യേറ്റങ്ങള്‍ക്കും അവയ്ക്ക് നിയമ പരിരക്ഷ ഉറപ്പു നൽകുന്ന അധികാര ബന്ധങ്ങള്‍ക്കും എതിരെ ഒരു ദേശത്തിന്‍റെ വിഫലമായ ചെറുത്തുനില്‍പ്പ്‌ വല്ലിയില്‍ കാണാം. തമ്പ്രാന്‍കുന്ന്‍ കയ്യേറുന്ന റിസോട്ട് മാഫിയയും പ്രകാശന്‍ എന്ന വനപാലകന്‍റെ പോരാട്ടങ്ങളും കാണാം. അത് അയാളുടെ ഔദ്യാഗിക ജീവിതത്തെ പ്രശ്നഭരിതമാക്കുന്നുമുണ്ട്.

അജ്ഞതയാണ് എല്ലാ അടിമത്തങ്ങൾക്കും കാരണം. ഇച്ഛാശക്തി എന്നേക്കുമായി നഷ്ടപ്പെടും വിധം മെരുക്കപ്പെട്ടവരാണ് അടിമകൾ. കൂട്ടമായി ജീവിച്ചിരുന്ന അവരെ കൂട്ടം തെറ്റിച്ച് കാടിന്‍റെ തണുപ്പിൽ നിന്ന് കൊടും വേനലിലേക്ക് തെളിച്ചുകൊണ്ട് വരിക, വാസസ്ഥലങ്ങളും വഴിത്താരകളും നഷ്ടമാക്കുക, ക്രൂരമാണ്. മനസ്സിലെ അടിമത്തം മാറാത്തിടത്തോളം ആരും സ്വതന്ത്രരല്ല..” (പുറം 310) വല്ലി അടിച്ചമര്‍ത്തപ്പെടുന്ന, ചൂഷണം ചെയ്യപ്പെടുന്ന, മനുഷ്യര്‍ക്കൊപ്പമാണ്. പ്രകൃതിക്കും. ദേവലോകത്ത് ചെന്നാലും തങ്ങള്‍ക്ക് അടിമപ്പണിയാണെന്ന് വിശ്വസിക്കുന്ന ഗോത്രബോധത്തെ കാക്കപ്പുലപ്പാട്ടിലൂടെ വല്ലി പ്രശ്നവല്‍ക്കരിക്കുന്നു. (പുറം 188)

ഒരൊറ്റ ലോകം

ഈ നോവലിന്‍റെ ഒരു സൌന്ദര്യം ഇടയ്ക്കിടെയുള്ള കത്തുകളിലൂടെ ലോകത്തിന്‍റെ മറ്റൊരു കോണിൽ നടക്കുന്ന ചലനങ്ങളെ കഥാപശ്ചാത്തലവുമായി ബന്ധിപ്പിക്കുന്ന ഒരു ടെക്നിക്ക് എഴുത്തുകാരി സ്വീകരിച്ചിരിക്കുന്നു എന്നതാണ്. അങ്ങനെ പരിസ്ഥിതിക്കുവേണ്ടി ലോകമെമ്പാടും നടക്കുന്ന മുന്നേറ്റങ്ങളോട് ഐക്യപ്പെടാനുള്ള ശ്രമം വല്ലിയില്‍ കാണാം. ഗ്രെറ്റ എന്ന പെണ്‍കുട്ടിയുടെ പോരാട്ടത്തിന്‍റെ അനുരണനങ്ങള്‍, ന്യൂസിലാന്‍ഡിലെ മാവോരി ഗോത്രക്കാരുടെ പുഴക്ക് വേണ്ടിയുള്ള പ്രക്ഷോഭം, ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി (ഗംഗാ യമുനാ) അങ്ങനെ പോകുന്ന സൂചനകള്‍ ഗോത്രവിഭാഗത്തിന്‍റെ ഭൂമിക്ക് വേണ്ടിയുള്ള സമരത്തോളം ചെന്നെത്തി നില്‍ക്കുന്നു.

കാടിന്‍റെ ഭാഷ

കാട്ടറിവുകളുടെ ഒരു സഞ്ജയമാണ് വല്ലി. പച്ചില മരുന്നുകളും, കാട്ടു ചോലകളും, ആനവഴിത്താരകളും, ആനകളുടെ ചിന്നം വിളിയും, കാട്ടു മരങ്ങളുടെയും ലതകളുടെയും ജന്തുജാതികളുടെയും പക്ഷികളുടെയും എല്ലാം വൈവിധ്യങ്ങളും എല്ലാം നിറയുന്ന ജൈവ പുസ്തകം.. “ഓരോ മനുഷ്യനും കാടിന്‍റെ കരച്ചില്‍ കേള്‍ക്കാനാവുന്ന കാലം വരണം. കാടിന്‍റെ ഭാഷയും മനുഷ്യഭാഷയും ഒന്നാകുന്ന കാലം. അന്ന്‍ മഴുവും അറക്കവാളും മരംവെട്ടിയും ഭൂമുഖത്തുനിന്ന്‍ അപ്രത്യക്ഷമാകും. അന്ന്‍ മനുഷ്യന്‍ പരസ്പരം സ്നേഹിക്കും. അന്ന്‍ മനുഷ്യന്‍ ചിരിക്കുമ്പോള്‍ കാട് പൂക്കും.” (പുറം 144) പത്മനാഭന്‍ എന്ന വിപ്ലവകാരിയുടെ ഈ വാക്കുകള്‍ വല്ലിയുടെ ഹരിത രാഷ്ട്രീയം തന്നെയെന്ന്‍ നിശ്ചയം.

വല്ലിയിലെ കേന്ദ്ര കഥാപാത്രം വല്ലിയിലെ നിസ്സഹായയായ പ്രകൃതി തന്നെയാണ്. വല്ലി എന്ന വാക്കിന് ഭൂമി എന്നും അര്‍ത്ഥമുണ്ടല്ലോ. “മർത്ത്യകുലം ജലത്താൽ നശിപ്പിക്കപ്പെടുകയില്ലെന്ന നിത്യമായ ഉടമ്പടി അവനുമായി ചെയ്യപ്പെട്ടിരിക്കുന്നു. അങ്ങനെ പ്രളയത്തിനു ശേഷം ഭൂമിയിൽ ഒരു ഭാഗം നിലനിന്നു. വെള്ളം സന്ദർശനം നടത്തി ഇറങ്ങിപ്പോയിട്ടും ആ കൊച്ചു പുഴയോര വീട് ഇന്നും കുലുങ്ങാതെ നിൽക്കുന്നുണ്ട്.” (പുറം 382)

പീറ്ററിന്റേയും കല്ലുവയലിലെ ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷരായ ചെറുപ്പക്കാരുടേയും തിരോധാനം നിഗൂഢമാണ്. കാടിന്‍റെ നിഗൂഢത പോലെ. വായന തീരും വരെ പീറ്റർ തിരികെ വരുമെന്നൊരു പ്രതീക്ഷ ബാക്കിനില്‍ക്കുന്നു. പൊയ്പോയ കാടും പുഴയും ജൈവവൈവിധ്യവും പുനര്‍ജനിക്കുമെന്നുംവല്ലി ഒരു പ്രത്യാശയാണ്. അവശേഷിക്കുന്ന ‘ഒരാൾ നിനച്ചാലും ഒരു കാടുവളർത്താം എന്ന പ്രത്യാശ. നന്മകളുടെ കൊടുങ്കാട്.!

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

അമല്‍ഡ മാത്യു, ബ്രണ്ണന്‍ കോളേജ്, തലശ്ശേരി (‘പച്ചയുടെ ദേശങ്ങള്‍’ എന്ന കൃതിയില്‍ വല്ലിയെ അധികരിച്ച് എഴുതിയ പഠനം)


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>