
മലയാളത്തിന്റെ എഴുത്തമ്മയായ പ്രിയപ്പെട്ട ലീലാവതി ടീച്ചര്‍ക്ക് ഇന്ന് പിറന്നാള്‍. സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായ മുണ്ടനാട്ട് ലീലാവതി എന്ന ഡോ.എം. ലീലാവതി മലയാളസാഹിത്യത്തിലെ സജീവസാന്നിധ്യമാണ്.
1949 മുതല്‍ സേന്റ് മേരീസ് കോളേജ് തൃശൂര്‍, സ്‌റ്റെല്ല മാരീസ് കോളേജ് ചെന്നൈ, പാലക്കാട് ഗവ.വിക്ടോറിയ കോളേജ്, മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് മുതലായ വിവിധ കലാലയങ്ങളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് 1983ല്‍ വിരമിച്ചു. കുറച്ചുകാലം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ്ങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.
ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍ ഒരു പഠനം, അപ്പുവിന്റെ അന്വേഷണം, വര്‍ണ്ണരാജി, കവിതാരതി, നവതരംഗം, ശൃംഗാരചിത്രണം സി.വിയുടെ നോവലുകളില്‍, ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങള്‍, അണയാത്ത ദീപം, കവിതയും ശാസ്ത്രവും, കണ്ണീരും മഴവില്ലും, മലയാള കവിതാസാഹിത്യ ചരിത്രം എന്നിങ്ങനെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
സോവിയറ്റ്‌ലാന്റ് നെഹ്‌റു അവാര്‍ഡ് (1976) , ഓടക്കുഴല്‍ അവാര്‍ഡ് (1978)വര്‍ണ്ണരാജി, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ രാമവര്‍മ അവാര്‍ഡ്(2007), എഴുത്തച്ഛന്‍ പുരസ്‌കാരം (2010) തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ ലഭിച്ച ഡോ. എം ലീലാവതിയെ 2008ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാഷ്ട്രം ആദരിച്ചു.
‘ശ്രീമദ് വാത്മീകി രാമായണം’ എന്ന സംസ്‌കൃത കവിതയുടെ വിവര്‍ത്തനത്തിനായിരുന്നു കേന്ദ്ര സാഹിത്യ പുരസ്‌കാരം. ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
അധ്യാപനമേഖലയിലെ അനുകരണീയമായ ശൈലിക്കുടമ, പക്വവും പ്രസന്നവുമായ നിരൂപണരീതിയില്‍ മാതൃത്വത്തിന്റെ വാത്സല്യവും സ്ത്രീത്വത്തിന്റെ ഉള്‍ക്കരുത്തും സമന്വയിപ്പിച്ച ലീലാവതി ടീച്ചര്‍ക്ക് ഡിസി ബുക്‌സിന്റെ പിറന്നാള്‍ മംഗളങ്ങള്‍.
ഡോ എം ലീലാവതിയുടെ ‘ശ്രീമദ് വാത്മീകി രാമായണം’ ഇപ്പോൾ തന്നെ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെ ഓർഡർ ചെയ്യാൻ സന്ദർശിക്കുക.
The post മലയാളത്തിന്റെ എഴുത്തമ്മയായ പ്രിയപ്പെട്ട ലീലാവതി ടീച്ചർക്ക് പിറന്നാൾ മംഗളങ്ങൾ first appeared on DC Books.