പിറ്റേന്ന് ഉച്ചകഴിഞ്ഞ് എനിക്കൊപ്പം രാജേഷും ഓഷ്യന്‍ റോഡ് ആശുപത്രിയിലേക്ക് വന്നു. വേണ്ട, ഞാന്‍ തനിച്ചു പൊയ്‌ക്കോളാം എന്നു പറഞ്ഞിട്ടും അദ്ദേഹം സമ്മതിച്ചില്ല. കൂടെച്ചെന്ന് വേണ്ടതെല്ലാം ചെയ്തു കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ച്, ഉച്ചതിരിഞ്ഞ് അവധിയും കൊടുത്ത് മാനേജിങ് ഡയറക്ടര്‍ ചാള്‍സ് ആദം മെജലിവ നിര്‍ബന്ധിച്ച് അയച്ചിരിക്കുകയാണത്രേ.
നാലു മണിക്കായിരുന്നു ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജൂലിയസ് വൈസലേഗ ഞങ്ങള്‍ക്ക് സമയം അനുവദിച്ചിരുന്നത്. പതിനഞ്ച് മിനിറ്റുകള്‍ മുന്‍പേ ഞങ്ങള്‍ അദ്ദേഹത്തിന്റെ ഓഫീസിനു മുന്നില്‍ ഹാജരായി. അപ്പോള്‍തന്നെ സെക്രട്ടറി ഞങ്ങളെ ഉള്ളിലേക്കു പോകാന്‍ അനുവദിക്കുകയും ചെയ്തു.
മന്ത്രിയുടെ റെക്കമെന്റേഷനില്‍ ചെന്നതുകൊണ്ടാവും ഞങ്ങളെ കണ്ടതും അദ്ദേഹം കസേരയില്‍നിന്ന് എഴുന്നേറ്റ് ഹ്‌സതദാനം ചെയ്ത് സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഓഫീസ് മുറിയില്‍ അന്നേരം ചില ഡോക്ടേഴ്‌സും മറ്റു ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അവരോട് പുറത്തു കാത്തിരിക്കാന്‍ പറഞ്ഞിട്ട് അദ്ദേഹം നേരിട്ട് ഞങ്ങളോടു സംസാരിക്കുന്നതിലേക്ക് കടന്നു. ഞങ്ങള്‍ക്ക് അനുവദിച്ച സമയത്തിന് ഇനിയും പതിനഞ്ചു മിനിറ്റുകൂടി ബാക്കിയുണ്ടെന്നും ഞങ്ങള്‍ പുറത്തു കാത്തുനില്‍ക്കാമെന്നും രാജേഷ് ഒരു ഉപചാരം പറഞ്ഞു.
‘സമയക്രമം എന്നത് ഒരു യൂറോപ്യന്‍ ആശയമാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡം അത് സ്വീകരിച്ചിട്ട് അധികം നാളുകള്‍ ആയിട്ടില്ല എന്നൊരു യൂറോപ്യന്‍ സഞ്ചാരി പറഞ്ഞത് നൂറുശതമാനം ശരിയാണ്. അതിനു മുന്‍പ് എപ്പോഴാണോ അതിഥി എത്തുക അപ്പോഴായിരുന്നു ഞങ്ങള്‍ മീറ്റിങ്ങുകള്‍ തുടങ്ങിയിരുന്നത്. എപ്പോഴാണോ വണ്ടികള്‍ നിറയുക അപ്പോഴായിരുന്നു അത് പുറപ്പെട്ടിരുന്നത്. എപ്പോഴാണോ പണി തീരുക അപ്പോഴായിരുന്നു ജോലി അവസാനി
പ്പിക്കുക. രണ്ട് നൂറ്റാണ്ടുകാലം യൂറോപ്യന്മാര്‍ ഞങ്ങളെ ഭരിച്ചിട്ടും അധികം മാറ്റമൊന്നും അതിനുണ്ടായിട്ടില്ല’. ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ വന്ന കാര്യം ആദ്യം നടക്കട്ടെ’
എന്റെ സന്ദര്‍ശാനോദ്ദേശ്യം ഞാന്‍ വളരെ കുറച്ചു വാക്കുകളില്‍ അദ്ദേഹത്തോട് പറഞ്ഞു ബോധിപ്പിച്ചു. പിഎച്ച്.ഡി പഠനത്തിന്റെ ഭാഗം എന്നു കൂട്ടിച്ചേര്‍ത്ത് രാജേഷ് അതിനെ ഇത്തിരി പൊലിപ്പിക്കുകയും ചെയ്തു.
ഇത്തിരിനേരം അദ്ദേഹം ആലോചനയില്‍ നിറഞ്ഞിരുന്നു.
‘ഈ ആശുപത്രിക്ക് അങ്ങനെയൊരു ഭൂതകാലം ഉണ്ടായിരുന്നു എന്ന് ഞങ്ങള്‍ പോലും ഇപ്പോള്‍ ഓര്‍ക്കുന്നില്ല. കാരണം ഇതിന് അന്നു ഞങ്ങളെ വെറുപ്പായിരുന്നു. അന്നത്തെ യൂറോപ്യന്‍ ആശുപത്രിയുടെ കോമ്പൗണ്ടില്‍ കാലുകുത്താന്‍പോലും ഞങ്ങള്‍ ആഫ്രിക്കക്കാര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. യൂറോപ്യന്മാര്‍ക്ക് മാത്രമായുള്ള ആശുപത്രി ആയിരുന്നു അന്നിത്. അതുകൊണ്ടാണ് സ്വാതന്ത്ര്യം ലഭിച്ച ഉടനേതന്നെ ഞങ്ങളിതിന്റെ പേരു പോലും മാറ്റിക്കളഞ്ഞത്.’
അതെനിക്ക് ശരിക്കും ഒരു പുതിയ അറിവായിരുന്നു. യൂറോപ്യന്‍ ആശുപത്രി എന്ന പേരില്‍നിന്നുപോലും ഞാനത് ഊഹിച്ചുമില്ല. കൗതുകം അതല്ല, ഒരു കാലത്ത് ആഫ്രിക്കക്കാര്‍ക്കു പ്രവേശനം നിഷേധിച്ചിരുന്ന ഈ ആശുപത്രിക്ക് ഇന്ന് നിരവധി യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളുമായും മെഡിക്കല്‍ സെന്ററുകളുമായും അഫിലിയേഷന്‍ ഉണ്ട്. കാലത്തിന്റെ മറിമായം എന്നല്ലാതെ എന്തു പറയാന്‍.’അന്നത്തെ സ്റ്റാഫുകളില്‍ ബഹുഭൂരിപക്ഷവും യൂറോപ്യന്‍സ്തന്നെ ആയിരുന്നു എന്നാണു ഞാന്‍ കേട്ടിട്ടുള്ളത്. അക്കൂട്ടത്തില്‍ ഒരു ഇന്ത്യാക്കാരി ഉണ്ടായിരുന്നോ ഇല്ലയോ എന്നു പറയാന്‍ ഞാനാളല്ല’ ഡോ. ജൂലിയസ് വൈസലേഗ പറഞ്ഞു. ‘ഇനി നിങ്ങള്‍ ആവശ്യപ്പെട്ട പഴയ രേഖകള്‍. അതിവിടെ ഉണ്ടോ അതോ അറുപത്തിയൊന്നില്‍ ബ്രിട്ടീഷുകാര്‍ പോയപ്പോള്‍ അവരത് കൊണ്ടുപോയോ അതോ അതിനുശേഷം അത് നശിപ്പിച്ചുകളഞ്ഞോ എന്നൊന്നും എനിക്കു നിശ്ചയമില്ല. എന്നാല്‍ എച്ച്. ആര്‍ ഡിപ്പാര്‍ട്ടുമെന്റിനു നിങ്ങളെ കൂടുതല്‍ സഹായിക്കാന്‍ കഴിഞ്ഞേക്കും.’
അദ്ദേഹം അപ്പോള്‍തന്നെ എച്ച്. ആര്‍ ഡിപ്പാര്‍ട്ടുമെന്റിലേക്കു വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കുകയും ഒരു സ്റ്റാഫിനെ കൂട്ടി ഞങ്ങളെ അവിടേക്ക് അയയ്ക്കുകയും ചെയ്തു.
രണ്ടു ബില്‍ഡിങ് അപ്പുറത്ത് ഒരു ഒഴിഞ്ഞ മൂലയില്‍ ആയിരുന്നു എച്ച്. ആര്‍ ഡിപ്പാര്‍ട്ടുമെന്റ്.
ഡോ. ജൂലിയസ് വൈസലേഗ ഞങ്ങള്‍ക്കു നല്‍കിയതുപോലെ അത്ര ഊഷ്മളമായ സ്വീകരണമായിരുന്നില്ല ആ വിഭാഗത്തിന്റെ തലവനില്‍നിന്ന് ഞങ്ങള്‍ക്കു കിട്ടിയത്. സമയം മെനക്കെടുത്താന്‍ വന്ന രണ്ടെണ്ണം എന്ന മട്ടിലായിരുന്നു അയാളുടെ മുഷിഞ്ഞ പെരുമാറ്റം. പിന്നെ ഡയറക്ടര്‍ പറഞ്ഞതല്ലേ സഹായിക്കാതിരിക്കുന്നതെങ്ങനെ എന്നൊരു അലസഭാവവും. അയാള്‍ ഒരു വാക്കുപോലും ഇംഗ്ലിഷില്‍ സംസാരിക്കില്ല എന്നത് എനിക്കു കൂടുതല്‍ ബുദ്ധിമുട്ടായി. രാജേഷ് കൂടെ ഉണ്ടായിരുന്നതുകൊണ്ട് സ്വഹിലിയില്‍നിന്നുള്ള പരിഭാഷയ്ക്ക് വേറേ ആളെ കണ്ടെത്തേണ്ടി വന്നില്ല എന്നുമാത്രം.
‘ഇംഗ്ലിഷ് അറിയാത്തതല്ല ഞാനത് മനപൂര്‍വ്വം സംസാരിക്കാത്തതാണ്’ ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ അയാള്‍തന്നെ ഞങ്ങളോട് പറഞ്ഞു. അതിന്റെ കാരണമായിരുന്നു ഏറ്റവും കൗതുകകരം.
‘ബബേല്‍ ഗോപുരം പണിയുന്ന കാലത്ത് ദൈവം കലക്കിക്കളയുന്നതിലൂടെയാണ് ഭൂമിയില്‍ പല ഭാഷകള്‍ ഉണ്ടാവുന്നത്. അറിയാമല്ലോ?’ കടുത്ത പ്രൊട്ടസ്റ്റന്റ് വിശ്വാസിയായ അയാള്‍ പറഞ്ഞു തുടങ്ങി. ഒട്ടും താത്പര്യം ഇല്ലാതിരുന്നിട്ടും ഞങ്ങളത് ശ്രദ്ധയോടെ കേട്ടിരുന്നു. അപ്പോള്‍ ഞങ്ങളായിരുന്നു ശരിക്കും ആവശ്യക്കാര്‍. അയാളുടെ സംസാരം ഈ ദിവസം മുഴുവന്‍ നീണ്ടാലും അതു കേട്ടിരിക്കാന്‍ തല്‍ക്കാലം ഞങ്ങള്‍ ബാധ്യസ്ഥരായിരുന്നു.
‘അന്നുവരെ മനുഷ്യന് ഒറ്റ ഭാഷയേ ഉണ്ടായിരുന്നുള്ളൂ. ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിലും ഓസ്‌ട്രേലിയയിലും അധിവസിച്ചിരുന്ന മനുഷ്യര്‍ക്ക് പരസ്പരം സംസാരിക്കാന്‍ കഴിയുമായിരുന്നു. അതിലൂടെ മനുഷ്യന്‍ ഭയങ്കര അഹങ്കാരികളായി മാറി. ദൈവത്തെപ്പോലും വെല്ലുവിളിക്കാമെന്നായി. അങ്ങനെ അവന്‍ സ്വര്‍ഗ്ഗത്തെ തൊടുന്ന ഗോപുരം പണിയാന്‍ തുടങ്ങി. അപ്പോഴാണ് ദൈവം അവന്റെ ഭാഷയെ കലക്കിക്കളയുന്നത്. അക്കാര്യത്തില്‍ മനുഷ്യനോടുള്ള ദൈവത്തിന്റെ ദേഷ്യം എത്രയെന്ന് മനസ്സിലാക്കാന്‍ ഇന്ന് ഭൂമുഖത്തുള്ള ഭാഷകളുടെ എണ്ണം നോക്കിയാല്‍ മതി. ഒരു കൊച്ചുരാജ്യമായ ടാന്‍സാനിയയില്‍ മാത്രം മുപ്പത്തിരണ്ട് ഭാഷകള്‍ ഉണ്ട്. ലോകത്തെമ്പാടുമായി ആറായിരത്തി അഞ്ഞൂറിലധികം ഭാഷകളിലാണു മനുഷ്യര്‍ സംസാരിക്കുന്നത്. അതായത് ശബ്ദംകൊണ്ട് ഏകമായിരുന്ന മനുഷ്യജാതിയെ ദൈവം ആറായിരത്തിയഞ്ഞൂറ് കഷണങ്ങളാക്കി ചിന്നിച്ചുകളഞ്ഞു എന്നുസാരം. എന്നാലിപ്പോള്‍ ലോകം മുഴുവന്‍ ഇംഗ്ലിഷ് പഠിക്കുന്നതിലൂടെ ദൈവഹിതത്തിന് എതിരേ പ്രവര്‍ത്തിക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. അത് മനുഷ്യന്റെ
നാശത്തിലാണ് അവസാനിക്കാന്‍ പോകുന്നതെന്ന് ഈ വിഡ്ഢികള്‍ മനസ്സിലാക്കുന്നില്ല. അതുകൊണ്ട് ഈ ജന്മത്ത് ഇംഗ്ലിഷില്‍ സംസാരിച്ച് ലോകനാശത്തിനു കാരണക്കാരനാവാന്‍ ഞാന്‍ തയ്യാറല്ല.’
ശരിക്കും അയാള്‍ തമാശ പറയുകയോ ഞങ്ങളെ കളിയാക്കുകയോ ചെയ്യുകയാണ് എന്നാണ് ആദ്യം ഞാന്‍ വിചാരിച്ചത്. എന്നാല്‍ അങ്ങനെയല്ല, താന്‍ ഉറച്ചു വിശ്വസിക്കുന്ന കാര്യം ഞങ്ങളെക്കൂടി ബോധ്യപ്പെടുത്തുന്നു എന്ന രീതിയിലാണ് അയാള്‍ സംസാരിക്കുന്നത് എന്ന് പിന്നെ എനിക്കു മനസ്സിലായി. വിശ്വാസത്തിന്റെ ആധിക്യത്തില്‍ ബുദ്ധി നഷ്ടപ്പെട്ടുപോയ എല്ലാ മനുഷ്യരും അവരവരുടെ ധാരണകളെപ്പറ്റി ഇങ്ങനെതന്നെയാണു സംസാരിക്കുന്നത്. ഇങ്ങനെതന്നെ ഉള്ളില്‍ ചിരിച്ചുകൊണ്ടാണ് ഞാനവരെ കേട്ടിരിക്കുന്നതും.
ഇനി എന്തുവേണം എന്നു വിചാരിച്ച് ആശങ്കപ്പെട്ടിരിക്കുമ്പോള്‍ ഞങ്ങളുടെ ഭാഗ്യം
പോലെ അന്നേരം ആ ഓഫീസിലേക്ക് ഒരു ലേഡി സ്റ്റാഫ് കയറി വന്നു.
ബെന്യാമിൻ എഴുതിയ ‘നിശബ്ദ സഞ്ചാരങ്ങള്‍’ ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
The post വിശ്വാസത്തിന്റെ ആധിക്യത്തില്‍ ബുദ്ധി നഷ്ടപ്പെട്ടുപോയ എല്ലാ മനുഷ്യരും അവരവരുടെ ധാരണകളെപ്പറ്റി ഇങ്ങനെതന്നെയാണു സംസാരിക്കുന്നത്! first appeared on DC Books.