ഈ ഹവേലി പുരാതനം.
തലമുറകളുടെ ശ്മശാനം.
പൊടിപ്പുകളുടെ ഉദ്യാനം.
ശബ്ദങ്ങളും മൗനങ്ങളും പിണയുമിടം.
മൃതരും ജിതരും, പ്രഭുക്കളും ഭൃത്യരും
ഒരുമിച്ചു പാര്‍ക്കും പുരാമന്ദിരം.
ഇപ്പോള്‍ ഇവിടം വെറുപ്പുകള്‍ ചീയുമിടം
ദുരകള്‍ നീറുമിടം; രോഷം എരിയുമിടം
കരുണ വരളുമിടം; വ്യാധി പടരുമിടം
പുകക്കച്ച പൊതിഞ്ഞ ഭൂമി;
പൂതലിച്ച ആകാശത്തിനുകീഴില്‍
നരച്ച സൂര്യകാന്തിപ്പാടം
ആവര്‍ത്തിക്കുന്ന ദുഃസ്വപ്നം
ദുരന്തത്തിന്റെ ദൂതദൃശ്യം.
അതെ, കരാര്‍ ഉറപ്പിച്ചുവത്രെ.
ഹിരണ്യകശിപു
പ്രത്യേക വിമാനത്തില്‍ എത്തുമത്രേ.
നെടുംതൂണുകളും ചിത്രച്ചുമരുകളും
ആദ്യമേ തകര്‍ക്കുമത്രേ.
ഒഴിയാബാധകളായ ഓര്‍മ്മകളെ
കുഴിച്ചു മൂടുമത്രേ
പിന്നാമ്പുറത്തെ അടിയാളക്കുടികളിലെ
ചിറകുവെന്ത നിഴല്‍പ്പാറ്റകള്‍ക്കിനി
അഭയാര്‍ത്ഥിസംഘമായി ഇഴയാം.
നെഞ്ചുപിളര്‍ന്നവര്‍ക്കും
ഉടല്‍ തളര്‍ന്നവര്‍ക്കും
ഇരുട്ടറയില്‍ക്കിടന്ന്
സൈ്വരമായി അസ്ഥികൂടങ്ങളാകാം.
അത് മൗലികാവകാശം;
ആര്‍ക്കാകുമത് നിഷേധിക്കാന്‍?
ശേഷിക്കുന്ന അന്തേവാസികള്‍ക്കിനി
കാണരുതാത്തതു കണ്ട് കുരുടരാകാം
കേള്‍ക്കരുതാത്തത് കേട്ട് ബധിരരാകാം
പറയരുതാത്തത് പറഞ്ഞ് മൂകരാകാം.
അനന്തരം നാള്‍വഴിയില്‍ നിന്ന്
പേരുകള്‍ ഒന്നൊന്നായി മാഞ്ഞു പോകും
പേരും നമ്പരും നഷ്ടപ്പെട്ടവര്‍ ഭാഗ്യശാലികള്‍
അവര്‍ അനാഥശവങ്ങളാകാന്‍ നിയുക്തരായവര്‍
പുഴയില്‍ ഒഴുകിയഴുകേണ്ടവര്‍.
ഇനിമേല്‍ ഹവേലിയുടെ
ആളില്ലാമുറികളില്‍ നിന്ന്
സങ്കടച്ചീവീടുകള്‍ ശബ്ദിക്കുകയില്ല
ചത്തുപോയ കുഞ്ഞുങ്ങളുടെ
തണുത്ത വിരലുകള്‍
പാതിരാവില്‍ അമ്മമാരെത്തേടി വരികയില്ല
കാണാതായ പെണ്ണുങ്ങളുടെ
ചതഞ്ഞ ആത്മാവുകള്‍ക്കിവിടെ
പണ്ടേപ്പോലെ പ്രവേശിക്കാനാവില്ല
കുരച്ചും ചുമച്ചും
കുന്തിച്ചിരിക്കുന്ന കിഴവന്മാര്‍ക്ക്
ഇനിമേല്‍ പ്രാണവായു സൗജന്യമല്ല.
മാലിന്യമുക്തവും ശബ്ദരഹിതവും
സ്മൃതിശൂന്യവുമായ
ഹവേലിയുടെ കീര്‍ത്തി
ഇനി ദിഗന്തങ്ങളിലെത്തും;
അതൊരു ആഗോള വിസ്മയമായിരിക്കും.
സ്ഫടിക കമാനങ്ങള്‍,
അംബരചുംബികള്‍,
സുവര്‍ണ്ണശില്പങ്ങള്‍,
കൂറ്റന്‍ പ്രതിമകള്‍,
എങ്ങും യന്ത്രമനുഷ്യര്‍.
കണ്ണഞ്ചിക്കുന്ന തിളക്കം!
ആനന്ദം, അദ്ഭുതം,
രോമാഞ്ചദായകം!
(പ്രേതങ്ങളുടെ കോറസ്:)
ആനന്ദം! അദ്ഭുതം!
രോമാഞ്ചദായകം!
ജൂലൈ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്
The post ഹവേലി; കെ ജയകുമാര്‍ എഴുതിയ കവിത first appeared on DC Books.