ഗോകുൽ കൃഷ്ണൻ ജി.എസ്. (എം.ഫിൽ വിദ്യാർത്ഥി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, കേരള യൂണിവേഴ്സിറ്റി)
ഒരു കഥ ജനിക്കുന്നത് ആ കഥ എഴുതപ്പെടുന്നതിനും ഒരുപാട് മുൻപേ ആയിരിക്കും. കാലാകാലങ്ങൾ കൊണ്ട് കേട്ടതും, എപ്പോഴെങ്കിലും അനുഭവിച്ചതും, നമ്മുടേതായതും അല്ലാത്തതുമൊക്കെയായ ഒരുപാട് കഥകൾ ഒഴുകി, ഒരൊറ്റ ഒഴുക്കായി ഒരു കഥയായി മാറിയേക്കാം. ഈ ജൈവീകമായ പ്രക്രിയയിലൂടെയാകാം സഞ്ജീവ് സഹോട്ട തൻ്റെ ചൈന റൂം എന്ന നോവൽ എഴുതിയത്. 2021 ബുക്കർ പുരസ്‌കാരത്തിനായി ചൈന റൂം ലോങ് ലിസ്റ്റ് ചെയ്യപ്പെടുമ്പോൾ, പഞ്ചാബിൽ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയവരുടെ പിൻതലമുറക്കാരുടെ കഥപറച്ചിലിലേക്ക് ലോകവായനക്കാരുടെ ശ്രദ്ധ പതിക്കുകയാണ്.
നോവൽ രണ്ടു കഥാധാരകളിലൂടെ മുന്നോട്ട് പോകുന്നു. 1929-ൽ പഞ്ചാബിൽ നടക്കുന്ന മെഹർ കൗറിന്റെ കഥയും എഴുപതു വർഷങ്ങൾക്കിപ്പുറം 1999-ൽ നടക്കുന്ന ബ്രിട്ടനിൽ ജനിച്ച പഞ്ചാബ് വേരുകളുള്ള ഒരു ചെറുപ്പക്കാരന്റെ കഥയും. രണ്ടു കഥകളും വ്യസ്ത്യസ്തമായ സഞ്ചാര പാതങ്ങളിലൂടെ ഒഴുകുന്നെന്നു തോന്നുമ്പോളും, കാലഘട്ടത്തിന്റെ വേർതിരിവുകൾ മാഞ്ഞു അവ പലപ്പോഴും കൂട്ടിമുട്ടുന്നു.
മെഹർ കൗറിനേയും മറ്റു രണ്ടു പെൺകുട്ടികളെയും മൂന്നു സഹോദരങ്ങൾ വിവാഹം കഴിക്കുന്നിടത്തു നിന്നാണ് നോവൽ ആരംഭിക്കുന്നത്. വിചിത്രമായ കാര്യമെന്തെന്നാൽ, പെൺകുട്ടികൾക്ക് തങ്ങൾ ആരെയാണ് വിവാഹം ചെയ്തതെന്ന് അറിഞ്ഞുകൂടാ. കൂരിരുട്ടിൽ ചില ദിവസങ്ങളിൽ തങ്ങളെ രാത്രി വന്ന് ഭോഗിക്കുന്ന മുഖമറിയാത്ത രൂപം മൂന്നിൽ ഏതു സഹോദരനാണെന്ന ചോദ്യത്തിൽ നോവൽ പുരോഗമിക്കുന്നു. ഈ പെൺകുട്ടികൾ താമസിക്കുന്ന ഇടുങ്ങിയ മുറിയെയാണ് ചൈന റൂം എന്ന് വിളിക്കുന്നത്. സഹോട്ട ഒരുപക്ഷെ ജീവിതത്തിൽ എപ്പോഴെങ്കിലും കേട്ട കഥയായിരിക്കാമിത്. എന്നിരുന്നാലും, മുഖമില്ലാത്ത ഈ ഭർതൃസംയോഗം, സാമൂഹികമായ അധികാരഘടനകളാൽ ഉട്ടിയുറപ്പിക്കപ്പെട്ട ഒരു വിവാഹവ്യവസ്ഥയുടെ രൂപകമായും കാണാം.
രണ്ടാമത്തെ കഥാധാര 1999-ൽ തൻ്റെ ഹെറോയിൻ ആസക്തിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു മാറ്റത്തിനായി ബ്രിട്ടനിൽ നിന്ന് പഞ്ചാബിലെ തൻ്റെ ബന്ധുവീട്ടിലേക്കുവരുന്ന ചെറുപ്പക്കാരന്റെയാണ്. അയാൾ അവിടെ താമസിക്കുന്ന ആൾവാസമില്ലാത്ത ഫാം ഹൗസ്, ഏഴ് ദശാബ്ദങ്ങൾക്കു മുന്നേ ഒന്നാം കഥാധാരയിലെ പെൺകുട്ടികളെ പാർപ്പിച്ചിരുന്നിടമാണ്. അവിടെ താമസിച്ചിരുന്ന മെഹർ കൗർ തൻ്റെ മുതുമുത്തശ്ശി ആയിരുന്നു എന്നയാൾ ഒരു നാട്ടുകാരനിൽ നിന്ന് തിരിച്ചറിയുന്നു.
ഡയസ്പോറിക് എഴുത്തുകളിൽ, ഒന്നാം തലമുറക്കാരിൽ പൊതുവായി കാണുന്ന, പിറന്നനാടിനോടും അവിടെ ചിലവഴിച്ച കാലത്തിനോടുമുള്ള ഒരു വൈകാരികമായ അഭിവാഞ്‌ഛ കഥയിലെ ചെറുപ്പകാരനിൽ കാണാനില്ല. അതിനു കാരണം, ഒരുപക്ഷെ, താൻ ജനിച്ചുവളർന്ന നാടിനെ (ബ്രിട്ടൺ) അയാൾ സ്വന്തമെന്ന് കരുതുന്നത് കൊണ്ടാകാം. എങ്കിലും, അയാൾ കടന്നുപോകുന്ന പരോക്ഷവും അല്ലാത്തതുമായ വംശീയത, അയാളെ നിരന്തരമായി തൻ്റെ ഡയസ്പോറിക് സ്വത്വത്തെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഇതിന്നു ലോകം മുഴുവൻ ചർച്ച ചെയുന്ന ഒരു രാഷ്ട്രീയവിഷയമായി മാറിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പശ്ചാത്തലം ഒരുപരിധിക്കപ്പുറം സഹോട്ട പറയുന്നില്ലെങ്കിലും, രാഷ്ട്രീയവും എന്നാൽ അങ്ങേയറ്റം സ്വകാര്യവുമായ ഈ വിഷയം അയാളെ ബാധിച്ചിട്ടുണ്ടാകാം. ഇതിൽ നിന്നൊക്കെയുള്ള ഒരു വിട്ടുനിക്കലാകാം അച്ഛന്റെ താത്പര്യപ്രകാരമുള്ള പഞ്ചാബ് യാത്ര.
ജനിതകമായ ബന്ധത്തിനുമപ്പുറം അനുഭവമണ്ഡലങ്ങളിൽ മെഹറും ചെറുപ്പക്കാരനും ഏഴുദശാബ്ദങ്ങളുടെ അകൽച്ചയില്ലാതെ ഐക്യപ്പെടുന്നു. മെഹർ അനുഭവിക്കുന്ന ട്രോമയുടെയും യാതനയുടെയും മറ്റൊരു വകഭേദം തന്നെയാണ് കാലങ്ങൾക്കിപ്പുറം ചെറുപ്പക്കാരനും അനുഭവിക്കുന്നത്. മെഹർ അഞ്ചു വയസ്സുതൊട്ട് നിരന്തരമായ ജൻഡറിങ്ങിനും (gendering) ചിട്ടയായ അധികാരപ്രയോഗങ്ങൾക്കും വിധേയയാകുന്നു. ചുറ്റും ആൾക്കാരുണ്ടാകുമ്പോളും തോന്നുന്ന ഏകാന്തതയുടെയും, അതിൽ നിന്ന് മോചനം ലഭിക്കാനുള്ള ആഗ്രഹങ്ങളുടെയും ഒരു കൂടിച്ചേരൽ രണ്ടുപേരുടെയും ജീവിതത്തിൽ ഉണ്ടാകുന്നുണ്ട്. അടിച്ചമർത്തലിന്റെ പുരാതനമായ ക്ഷതങ്ങൾ പേറുന്ന മെഹറും,തന്റേതായ നിലങ്ങൾ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുന്ന ചെറുപ്പക്കാരനും ഒരേ തരത്തിലുള്ള എന്നാൽ പലതായി പ്രത്യക്ഷമാകുന്ന ചരിത്രത്തെയാണ് തുറന്ന് കാട്ടുന്നത്.
സഞ്ജീവ് സഹോട്ടയുടെ ഈ നോവലിൽ ആത്മകഥാംശം ഉണ്ടായേക്കാം. അതൊരു വായനക്കാരൻ അറിയണമോ ഇല്ലയോ എന്നത് ചോദ്യമായി നില്കുന്നു! ഏതു കഥകളിലാണ് ആത്മകഥാംശമില്ലാത്തതു! പുസ്തകത്തിന്റെ അവസാനമൊരു വൃദ്ധയുടെയും കുഞ്ഞിന്റെയും ചിത്രമുണ്ട്. ആരായിരിക്കാമത്? ഇത്രെയും പേജുകൾ വായിച്ചു തീർത്തൊരാൾക് അത് മെഹറും ചെറുപ്പക്കാരനുമല്ല എന്ന് സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടാണ്. കഥയുടെയും ആത്മകഥയുടെയും വരമ്പുകൾ മായുകയാണോ?
The post ചൈന റൂം: അനുഭവങ്ങൾ തലമുറകൾ താണ്ടുമ്പോൾ first appeared on DC Books.