ആ പൂവ് നീ എന്തുചെയ്തു..?
ഏതുപൂവ്
രക്തനക്ഷത്രംപോലെ കടുംചെമപ്പായ ആ പൂവ്?
ഒ.. അതോ.
അതേ.അതെന്തു ചെയ്തു.?
തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്
ചവട്ടിയരച്ചുകളഞ്ഞോ എന്നറിയുവാന്‍?
കളഞ്ഞുവെങ്കിലെന്ത്
ഓ… ഒന്നുമില്ല. എന്റെ ഹൃദയമായിരുന്നു അത്..!
ബഷീറിന്റെ മനസ്സില്‍നിന്നും തൂലികയില്‍നിന്നും ഇറ്റുവീണ പ്രണയമാണ് ഈ വാക്കുകള്‍.. പ്രണയത്തെ എടുത്തുകാട്ടുവാന്‍ ഇതില്‍ കൂടുതലൊന്നുംവേണ്ട..എല്ലാം അതിലുണ്ട്. ഇങ്ങനെ പ്രണയത്തെ രണ്ടുവാക്കിലും വരിയിലും ഭംഗിയോടെ വികാരതീവ്രതയോടെ തുറന്നിട്ടവരാണ് എക്കാലത്തെയും എഴുത്തുകാര്‍. അത് സ്‌നേഹപൂര്‍വ്വം വായനക്കാരും ഏറ്റുചൊല്ലിയിട്ടുണ്ട്. തലമുറകള്‍ ഏറ്റുചൊല്ലിയ.. എത്രയോ കാമുകമനസ്സുകള്‍.. ഏറ്റുചൊല്ലിയ.. പ്രണയമൊഴികള്‍ കോര്‍ത്തിണക്കി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരജോഡികളായ ആഷിക് അബുവും റിമകല്ലിങ്കലും..
അതെന്റെ ഹൃദയമായിരുന്നു എന്ന തലക്കെട്ടില്‍ സമാഹരിച്ചിരിക്കുന്ന പ്രണയമൊഴികളില്‍ മലയാളത്തിലെയും വിശ്വസാഹിത്യത്തിലെയും എഴുത്തുകാരുടെ കവിതാശകലങ്ങളും.., സംഭാഷണങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
പുസ്തകത്തിന് റിമയും ആഷിക് അബുവും എഴുതിയ ആമുഖം;
പ്രണയിക്കുകയെന്നാല്‍ അതിനര്‍ത്ഥം, ഒരേ മഴയില്‍ രണ്ടുപേര്‍ ഒന്നിച്ചു നനയുകയാണെന്ന് ഡി വിനയചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. പ്രണയം എന്ന വികാരം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ എഴുപതുകള്‍മുതല്‍ ഉദാത്തമായൊരു തലത്തിലേക്കുയരുന്നത് നമ്മുടെ കാമ്പസുകളില്‍ നിന്നായിരുന്നു. അതിനുമുമ്പ് കലാലയങ്ങളില്‍ പ്രണയം പൂത്തുലഞ്ഞിരുന്നില്ലെന്നല്ല. അത്രയും തീക്ഷണമായി മലയാളിയുടെ വൈയക്തികാനുഭവങ്ങളിലേക്ക് പ്രണയം രക്താക്ഷരങ്ങളില്‍ കോറിയിട്ടിരിക്കുന്നില്ലെന്നു മാത്രം.
വിപ്ലവത്തോടു കൂട്ടിവായിച്ചിരുന്ന പ്രണയം പോലും കപട സദാചാരവാദികളുടെ ഒറ്റുകൊടുക്കലോ കയ്യേറ്റശ്രമങ്ങളോ ആയിത്തീരുന്ന, ഇരുവര്‍ ഒരുമിച്ചിരിക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുകയും പ്രണയത്തിന്റെ തുറസ്സുകളെ അടയ്ക്കുകയും ചെയ്യുന്ന കാലത്താണ് പ്രണയോദ്ധരണികളുടെ പുസ്തകവുമായി ഞങ്ങള്‍ വായനക്കാരുടെ മുന്നിലെത്തുന്നത്.
സാഹിത്യത്തിലും പാട്ടിലും സിനിമയിലും ആവിഷ്‌കാരത്തിന്റെ സമസ്തതലങ്ങളിലും പ്രണയപൂര്‍വ്വം ജീവിച്ച കാലങ്ങളെ എല്ലാക്കാലത്തേക്കുമായി വീണ്ടെടുക്കാന്‍ ഈ ശ്രമത്തിനു കഴിയുന്നുവെങ്കില്‍ ഞങ്ങളുടെ ഈ പുസ്തകപ്രേമം സഫലമായി…
പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
The post അതെന്റെ ഹൃദയമായിരുന്നു! first appeared on DC Books.