സല്‍മന്‍ റുഷ്ദി
പൊതുവര്‍ഷം പതിനാലാം നൂറ്റാണ്ടിലാണ് ബിസ്‌നാഗയുടെ കഥ തുടങ്ങുന്നത്. ഇന്ന് നമ്മള്‍ ഇന്ത്യ, ഭാരതം, ഹിന്ദുസ്ഥാന്‍ എന്നൊക്കെ വിളിക്കുന്ന പ്രദേശത്തിന്റെ തെക്കുഭാഗങ്ങളിലാണ് ആ കഥ നടക്കുന്നത്. അന്നത്തെ വൃദ്ധനായ രാജാവിന്റെ തലയാണ് ഉരുണ്ടുപോയത്. ആ വൃദ്ധരാജാവിനെ ഒരു സര്‍വ്വാധിപതി എന്നൊന്നും വിളിക്കാനാകില്ല. മഹത്തായ ഒരു രാജവംശത്തിന്റെ അവസാനത്തിനും മറ്റൊന്നിന്റെ ഉദയത്തിനും ഇടയില്‍ പൊട്ടിമുളച്ചുവന്ന തുലോം താണനിലയിലുള്ള ഒരു രാജാധികാരി എന്നേ പറയാനാകൂ. കമ്പിലി എന്ന ചെറുരാജ്യത്തിന്റെ അധിപനായിരുന്ന അയാളുടെ പേര് കമ്പീല എന്നായിരുന്നു. ‘കമ്പീല രായ’ എന്ന് വിളിക്കപ്പെട്ടു. രാജാവ് എന്നതിന്റെ ചുരുക്കാക്ഷരങ്ങളായിരുന്നു രായ. ഈ രണ്ടാം കിട രാജാവിന് തന്റെ മൂന്നാം കിട സിംഹാസനത്തില്‍, പമ്പാനദിക്കരയില്‍ ഒരു നാലാം കിട കോട്ടകെട്ടിയുണ്ടാക്കാനും അതിനകത്ത് ഒരു അഞ്ചാം കിട ക്ഷേത്രം നിര്‍മ്മിക്കാനും അരികിലെ പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളുടെ വശങ്ങളില്‍ ആഡംബരം കാണിക്കുന്ന ചില മുദ്രണങ്ങള്‍ ചാര്‍ത്താനുമുള്ള സമയം ലഭിച്ചിരുന്നു. അത്രയുമായപ്പോഴേക്കും വടക്കുനിന്നൊരു പട്ടാളം അയാളെ കൈകാര്യം ചെയ്യാനെത്തി. തുടര്‍ന്നുണ്ടായ യുദ്ധം ഏകപക്ഷീയമായിരുന്നു. ഒട്ടും പ്രാധാന്യമില്ലാത്ത ആ യുദ്ധത്തിനൊരു പേരു നല്‍കാന്‍ പോലും ആരും മിനക്കെട്ടില്ല. അതിന്റെ ആവശ്യം ആര്‍ക്കും തോന്നിയില്ല. കമ്പീലയുടെ സേനയെ വടക്കുനിന്ന് വന്നവര്‍ പിഴുതെറിഞ്ഞതിനു ശേഷം, ആ സേനയിലുണ്ടായിരുന്ന മിക്കവാറും അംഗങ്ങളെ കൊന്നൊടുക്കിയതിനു ശേഷം, അവര്‍ ആ രാജാവിനെ പിടികൂടുകയും കിരീടമില്ലാത്ത അയാളുടെ തല വെട്ടിക്കളയുകയും ചെയ്തു. വെട്ടിയെടുത്ത തലയില്‍ വൈക്കോല്‍ നിറച്ച് അത് ഡല്‍ഹിയിലെ സുല്‍ത്താന് കാഴ്ചദ്രവ്യമായി സമര്‍പ്പിച്ചു. പേരില്ലാത്ത ആ യുദ്ധത്തില്‍ പരാമര്‍ശവിധേയമാക്കേണ്ടുന്നതൊന്നുമില്ലായിരുന്നു. ആ തലയിലും അങ്ങനെയൊന്നില്ലായിരുന്നു. അക്കാലത്ത് യുദ്ധങ്ങളൊക്കെ സര്‍വ്വസാധാരണങ്ങളാണ്. അതിനൊക്കെ പേരുകൊടുക്കുക എന്നതിലൊന്നും അധികമാര്‍ക്കും താത്പര്യമില്ലായിരുന്നു. അറുത്തെടുത്ത തലകള്‍ നമ്മുടെ മഹത്തായ രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും
യാത്ര ചെയ്തുകൊണ്ടിരുന്നു. ഏതെങ്കിലും ഒരു രാജാവിന്റെ ആനന്ദത്തിനായി എല്ലാ കാലങ്ങളിലും അവയങ്ങനെ യാത്ര ചെയ്തുകൊണ്ടേയിരുന്നു. അങ്ങ് വടക്കുള്ള തലസ്ഥാന നഗരിയിലെ സുല്‍ത്താന്റെ കൈവശം ഇത്തരത്തിലുള്ള തലകളുടെ നല്ലൊരു ശേഖരംതന്നെയുണ്ടായിരുന്നു. അപ്രധാനമായ ആ യുദ്ധത്തിനു ശേഷം, അത്ഭുതമെന്ന് പറയട്ടെ, ചരിത്രം മാറ്റിക്കുറിച്ച ഒരു സംഭവമുണ്ടായി. പരാജയപ്പെടുത്തപ്പെട്ട ആ കൊച്ചു രാജ്യത്തിലെ സ്ത്രീകളില്‍ അധികവും ആ പേരില്ലായുദ്ധത്തില്‍ വിധവകളായിട്ടുണ്ടായിരുന്നു. അവര്‍ ആ നാലാം കിട കോട്ട വിട്ട് പുറത്തുവന്നു. അഞ്ചാംകിട ക്ഷേത്രത്തില്‍ അവസാന അര്‍ച്ചനകള്‍ നടത്തിയതിനു ശേഷമാണവര്‍ അങ്ങനെ ചെയ്തത്. അവര്‍ ചെറുവള്ളങ്ങളില്‍ നദി മുറിച്ചു കടന്നു. വെള്ളത്തിന്റെ കുത്തൊഴുക്കും അതിലെ ചുഴികളും അവര്‍ അപ്പോള്‍ അവഗണിച്ചു. നദി മുറിച്ചു കടന്ന അവര്‍ അതിന്റെ തെക്കന്‍ കരയിലൂടെ പശ്ചിമദിക്കിനെ ലക്ഷ്യമിട്ട് നടന്നു. അവിടെ ഒരു വലിയ ചിതയൊരുക്കി എല്ലാവരും ഒന്നിച്ച് അതില്‍ ചാടി ആത്മഹത്യ ചെയ്തു. അവര്‍ക്ക് പരാതികളൊന്നുമില്ലായിരുന്നു. അവര്‍ പരസ്പരം യാത്ര പറഞ്ഞ്, മനസ്സാക്ഷിക്കുത്തില്ലാതെ, പരപ്രേരണയില്ലാതെ ചിതയിലേക്ക് നടന്നു. മാംസത്തിനു തീപിടിച്ചപ്പോള്‍ അവര്‍ കരഞ്ഞില്ല. മരണഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞപ്പോഴും അവരാരും കരഞ്ഞില്ല. നിശ്ശബ്ദം അവര്‍ എരിഞ്ഞു. അവിടെ നിറഞ്ഞ സ്വരം അഗ്‌നിയിലെ ചില പൊട്ടിത്തെറികള്‍ മാത്രമായിരുന്നു. പമ്പ കമ്പാന ഇതെല്ലാം കണ്ടു നിന്നു. ഈ പ്രപഞ്ചം അവളോട് കാതുകള്‍ തുറന്നു പിടിക്ക്, ദീര്‍ഘനിശ്വാസം ചെയ്യ്, ജ്ഞാനമാര്‍ജ്ജിക്ക് എന്ന് സന്ദേശമയയ്ക്കുന്നുണ്ടെന്നു തോന്നി. നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഈ കാഴ്ച കണ്ടു നില്‍ക്കുമ്പോള്‍ അവള്‍ ഒമ്പതു വയസ്സുകാരിയായിരുന്നു. അവളുടെ അമ്മയുടെ കണ്ണുകള്‍ അപ്പോള്‍ വറ്റിവരണ്ടിരുന്നു. അമ്മയുടെ കൈപിടിച്ചാണവള്‍ നിന്നത്. അതെത്ര മുറുകെ പിടിക്കാമോ അത്രയും മുറുകെ അവള്‍ പിടിച്ചു. അവള്‍ക്ക് പരിചയമുള്ള സ്ത്രീകളെല്ലാം ഒന്നൊന്നായി അഗ്‌നിയിലേക്ക് നടന്നുചെല്ലുന്ന കാഴ്ച അവള്‍ കണ്ടു. അവര്‍ ആ അഗ്‌നികുണ്ഡത്തില്‍ നില്‍ക്കുകയോ ഇരിക്കുകയോ കിടക്കുകയോ ചെയ്തു. അവരുടെ വായില്‍നിന്നും കാതില്‍നിന്നും അഗ്‌നിനാളങ്ങള്‍ പെയ്തുതുടങ്ങുന്ന കാഴ്ച അവള്‍ കണ്ടു. അതില്‍ ജീവിതത്തിലെ എല്ലാ കാഴ്ചകളും കണ്ട വൃദ്ധകളും ജീവിതമെന്തെന്ന് കാണാന്‍ തുടങ്ങിയ യുവതികളുമുണ്ടായിരുന്നു. യുദ്ധത്തില്‍ മരിച്ച പിതാവിനെ വെറുത്ത മകളുണ്ടായിരുന്നു. യുദ്ധത്തില്‍ കൊല്ലപ്പെടാതെ രക്ഷപ്പെട്ടോടിയ ഭര്‍ത്താവിനെപ്രതി ലജ്ജിച്ച ഭാര്യയുണ്ടായിരുന്നു. സുന്ദരസ്വരത്തില്‍ പാടാറുള്ളവളുണ്ടായിരുന്നു. ഭയപ്പെടുത്തുന്ന ഒച്ചയില്‍ ചിരിക്കുന്നവളുണ്ടായിരുന്നു. വടിപോലെ മെലിഞ്ഞവളും തണ്ണീര്‍മത്തന്‍ പോലെ ചീര്‍ത്തവളുമുണ്ടായിരുന്നു. അവരെല്ലാം ഒന്നൊന്നായി അഗ്‌നിയിലേക്ക് നടന്നുചെന്നു. മരണത്തിന്റെ ഗന്ധം പമ്പയില്‍ ഓക്കാനം വരുത്തി. പിന്നെ അവളെ ഭയപ്പെടുത്തിയ മറ്റൊരു കാഴ്ചയെത്തി. അവളുടെ അമ്മ രാധ കമ്പാന മകളുടെ കൈ വേര്‍പെടുത്തി, സാവധാനത്തില്‍, പക്ഷേ ഉറച്ച മനസ്സോടെ മരണച്ചിതയിലേക്ക് നടന്നു. മകളോട് യാത്രപോലും ചോദിക്കാതെ നടന്നു.
ശേഷിച്ച ജീവിതം മുഴുക്കെ, ഏത് നദിക്കരയിലാണോ ഇതെല്ലാം സംഭവിച്ചത് ആ നദിയുടെ പേരു പങ്കുവച്ചവളുടെ നാസാരന്ധ്രങ്ങളില്‍ അമ്മ കത്തിയെരിയുന്നതിന്റെ ഗന്ധം നിറഞ്ഞുനിന്നു. സുഗന്ധം നിറഞ്ഞ ചന്ദനവിറകുകൊണ്ടാണവിടെ അന്ന് ചിതയൊരുക്കിയിരുന്നത്. അതിനു സുഗന്ധം വര്‍ദ്ധിപ്പിക്കുന്നതിനായി, ധാരാളമായി കരയാമ്പുവും വെളുത്തുള്ളിയും ജീരകവും കറുവാപ്പട്ടയും ചേര്‍ത്തിരുന്നു. അതില്‍ കത്തിയെരിയുന്ന സ്ത്രീകളെ ഉപയോഗിച്ച് നല്ലൊരു വിഭവം തയ്യാറാക്കുകയാണെന്ന മട്ടില്‍ ഇതെല്ലാം ചേര്‍ത്തിരുന്നു.
തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
The post വിജയനഗരി first appeared on DC Books.