ആകാശത്തോളം വലുതായെങ്കിലും ആ മനസ്സില്‍ എന്നും ഒരു കുട്ടിയുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും സ്‌നേഹം കൊതിച്ച ഒരു കുട്ടിയുടെ മനസ്സ്. കഥകള്‍ കേട്ടും വാല്‍സല്യം അനുഭവിച്ചും അവര്‍ക്കിടയില്‍ ജീവിക്കണമെന്ന് ആഗ്രഹിച്ച ഒരു പെണ്‍കുട്ടി. അവള്‍ വളര്‍ന്നു വലുതായി ഒരെഴുത്തുകാരിയായപ്പോള്‍ പിന്നെയും ബാല്യത്തിലേക്ക് മടങ്ങി. കഥകളോടും കവിതകളോടും അവള്‍ക്കുള്ള ഇഷ്ടം കുട്ടികള്‍ക്കായി പങ്കുവെച്ചു. കഥ പറഞ്ഞപ്പോള്‍ ചിലപ്പോഴൊക്കെ പ്രിയ കൂട്ടുകാരിയായി, അമ്മയായി, അമ്മൂമ്മയായി അങ്ങനെയങ്ങനെ. ലാളിത്യമാര്‍ന്ന കുട്ടിക്കഥകളുടെ ശില്പി; അഷിതയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് അഞ്ച് വയസ്സ് പൂർത്തിയായി.
ആഴമേറിയ ചിന്തകള്‍ പങ്കുവെക്കുന്ന ചെറുകഥകളിലൂടെ സാഹിത്യരംഗത്ത് ശോഭിക്കുമ്പോഴും അഷിത മനോഹരമായി കുട്ടികള്‍ക്കു വേണ്ടി എഴുതിയിരുന്നു. കൊതിയന്‍ കാക്കയുടെ കഥ, കുറുക്കനും ചെമ്മരിയാടും, വയസ്സന്‍ സിംഹത്തിന്റെ കഥ തുടങ്ങി കുട്ടികള്‍ ഇഷ്ടപ്പെടുന്ന നിരവധി കഥകള്‍. കുഞ്ഞുമനസ്സുകള്‍ക്ക് ലളിതമായി മനസ്സിലാക്കാനും അവയുടെ സാരാംശം ഉള്‍ക്കൊള്ളാനും കഴിയുന്നതരത്തില്‍ ലഘുവായ കഥകളായിരുന്നു എല്ലാം. വായിച്ചും കേട്ടും അറിഞ്ഞ കുഞ്ഞുകഥകളുടെ പുനരാഖ്യാനങ്ങള്‍.
കഥപറച്ചിലില്‍ തുളുമ്പുന്ന വാത്സല്യവും ലാളിത്യവും എന്നും അഷിതയുടെ കഥകളെ വേറിട്ടുനിര്‍ത്തിയിരുന്നു. അഷിതയുടെ 365 കുഞ്ഞുകഥകള്‍, കൊതിയന്‍ കാക്ക, കൊറ്റിയും കുറുക്കനും, കുഞ്ഞു ഞണ്ടും അമ്മ ഞണ്ടും, ചെമ്മരിയാടിന്റെ സൂത്രം എന്നീ കുട്ടിക്കഥാസമാഹാരങ്ങളാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ കഥകളെല്ലാം കൊച്ചുകൂട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരമായിരുന്നു.
തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ കെ. ബാലചന്ദ്രന്‍ നായരുടെയും തങ്കത്തിന്റെയും മകളായി 1956 ഏപ്രില്‍ അഞ്ചിനായിരുന്നു അഷിതയുടെ ജനനം. ദില്ലി, മുംബൈ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളെജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.
സ്ത്രീജീവിതത്തിന്റെ വിഹ്വലതകളും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമാണ് അഷിതയുടെ രചനകളില്‍ നിറഞ്ഞുനിന്നത്. ചെറുകഥകളും കവിതകളും മാത്രമല്ല മനോഹരമായ ബാലസാഹിത്യ കൃതികളും അഷിതയുടെ തൂലികയില്‍ നിന്നു പിറവിയെടുത്തു. പരിഭാഷകളിലൂടെ മറ്റു ഭാഷകളിലെ കൃതികളും മലയാളത്തിന് പരിചയപ്പെടുത്തി. അഷിത തര്‍ജ്ജമ ചെയ്ത ഹൈക്കു കവിതകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. ഇംഗ്ലീഷിലും അഷിത കവിതകള്‍ രചിച്ചിട്ടുണ്ട്.
വിസ്മയചിഹ്നങ്ങള്‍, അപൂര്‍ണ്ണവിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, നിലാവിന്റെ നാട്ടില്‍, ശിവസേവന സഹവര്‍ത്തനം, മയില്‍പ്പീലി സ്പര്‍ശം, ഭൂമി പറഞ്ഞ കഥകള്‍, പദവിന്യാസങ്ങള്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട കൃതികള്‍.
2015-ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഇടശ്ശേരി അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം സ്മാരക സമിതിയുടെ യുവസാഹിത്യകാരിക്കുള്ള അവാര്‍ഡ്, പത്മരാജന്‍ പുരസ്കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അഷിതയുടെ ദേവമനോഹരി നീ എന്ന കഥ ടി.വി സീരിയലായി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.