അലക്‌സ് മൈക്കലീഡിസ്
ജൂലൈ 14.
എന്തിനാണ് ഞാനിതെഴുതുന്നത് എന്നെനിക്ക് അറിയില്ല. അപ്പറഞ്ഞത് സത്യമല്ല! ഒരുപക്ഷേ, എനിക്ക് അറിയാമായിരിക്കും. പക്ഷേ, അത് സമ്മതിക്കാൻ ഞാൻ തയ്യാറാവാത്തതാകാം.
ഈ എഴുതിപ്പിടിപ്പിക്കുന്നതിനെ എന്താണ് വിളിക്കേണ്ടത് എന്നുപോലും എനിക്കറിയില്ല. ഒരു ഡയറി എന്ന് അതിനെ വിളിക്കുന്നത് പൊങ്ങച്ചം കാണിക്കലാണെന്നും തോന്നാറുണ്ട്. എന്തെങ്കിലും എനിക്ക് പറയാനുണ്ടെന്ന് കരുതരുത്. ആൻ ഫ്രാങ്ക് ഡയറി സൂക്ഷിച്ചിരുന്നു. അല്ലെങ്കിൽ സാമുവൽ പെപ്പിസ് ഡയറി സൂക്ഷിച്ചിരുന്നു. പക്ഷേ, എന്നെപ്പോലൊരാൾ! ഇതിനെ ‘നാൾവഴി’ എന്നു വിളിച്ചാൽ സംഗതി സിദ്ധാന്തപരമാണെന്ന് തോന്നിപ്പോകും. എന്നുമെന്നും ഞാനത് എഴുതേണ്ടതായി വരുമായിരിക്കും. അതൊന്നും ഞാനാഗ്രഹിക്കുന്നില്ല. സംഗതി ഒരു ദിനചര്യയായി മാറിയാൽ എനിക്കത് കൊണ്ടുനടക്കാനാവില്ല.
ഒരുപക്ഷേ, ഞാനതിനൊരു പേര് നൽകില്ല. പേരില്ലാത്ത ഒരു സംഗതി. ഇടയ്ക്കിടയ്ക്ക് ഞാനതിൽ എന്തെങ്കിലും കുറിച്ചിടും. അത് കൊള്ളാമെന്നും ഒന്നുകൂടി നല്ലതാണെന്നും എനിക്കു തോന്നുന്നു. ഒരിക്കൽ നിങ്ങൾ ഒന്നിന് ഒരു പേര് നൽകിയാൽ അതിനെ മുഴുവനായി കാണുന്നതിന് അത് തടസ്സമുണ്ടാക്കും. അല്ലെങ്കിൽ എന്താണതിന്റെ പ്രസക്തിയെന്ന ഒരു ചോദ്യവും വരും. ഏറ്റവും സൂക്ഷ്‌മഘടകമായ ഒരു വാക്കിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചാൽ യഥാർത്ഥത്തിൽ അത് ഹിമക്കുന്നിന്റെ ഒരുക്കമാണെന്ന് നിങ്ങളറിയും. വാക്കുകളുമായി സൗഖ്യം പുലർത്താൻ എനിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല. ഞാൻ ചിത്രങ്ങളെപ്പറ്റിയാണ് ചിന്തിക്കാറുള്ളത്. എന്റെ ആവിഷ്കരണം ബിംബകല്പനയിലൂടെയാണ്. അതുകൊണ്ട് ഗബ്രിയേൽ നിർബന്ധിച്ചില്ലായിരുന്നെങ്കിൽ ഞാനിത് എഴുതിത്തുടങ്ങുമായിരുന്നില്ല.
ചില കാര്യങ്ങളോർത്ത് കുറച്ചുനാളായി ഞാൻ മനോവിഷമത്തിലാണ്. നല്ല രീതിയിൽ അവ ഒതുക്കിവയ്ക്കാൻ എനിക്ക് കഴിഞ്ഞെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ, അയാൾ കണ്ടുപിടിച്ചുകളഞ്ഞു. അത് പിന്നെ പറയാനുണ്ടോ? എല്ലാം അയാൾ കണ്ടുപിടിക്കാറുണ്ടല്ലോ! പെയിന്റിങ് പണി എങ്ങനെ പോകുന്നെന്ന് അയാൾ ചോദിച്ചു. അത് എങ്ങും എത്തിയില്ലെന്ന് ഞാൻ പറഞ്ഞു. അയാൾ എന്നിട്ട് എനിക്ക് ഒരു ഗ്ലാസ്സ് വൈൻ നൽകി. ഞാൻ അടുക്കളമേശയിൽ അതുമായി ഇരുന്നു. അയാൾ ഏതാനും ദിവസങ്ങൾക്കുശേഷം പാചകത്തിലും ഏർപ്പെട്ടു.
ഗബ്രിയേൽ അടുക്കളയിൽ വിലസി നടക്കുന്നത് കാണുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. നല്ല ആകർഷകത്വം ആ നടപ്പിലുണ്ട്. നല്ലൊരു പാചകക്കാരന്റെ എല്ലാ ഗുണവുമുണ്ട് അയാൾക്ക്. ഒരു നല്ല ഡാൻസറുടെ ചുവടുവയ്‌പുകൾ, ആഭിജാത്യം, കുറ്റമറ്റ സംഘടിത പ്രവർത്തനരീതി. ഞാൻ നേരേമറിച്ചാണ്. എല്ലാം കുളമാക്കും.
‘എന്നോടു തുറന്നു പറയൂ?” അയാൾ പറഞ്ഞു.
‘അതിന് പറയാനൊന്നുമില്ലല്ലോ. ചിലപ്പോഴൊക്കെ എന്റെ തലച്ചോറ് പ്രവർത്തിക്കുന്നില്ലെന്ന് എനിക്ക് തോന്നും. കുഴഞ്ഞ ചെളിയിലൂടെ നടക്കുകയാണെന്ന ഒരു തോന്നലും ഉണ്ടാകും.
‘എല്ലാം കുറിച്ചിടാൻ നിനക്ക് ശ്രമിച്ചുകൂടെ? ഒരു രേഖപോലെ? അത് സഹായകരവുമാകുമല്ലോ.’
‘ശരിയാണ്. ഞാനത് ശ്രമിച്ചുനോക്കാം.
‘പറഞ്ഞാൽ പോരാ ഡാർലിങ്. പ്രവർത്തിച്ച് കാണിക്കണം.’
‘ഞാൻ ഉറപ്പായും ചെയ്യാം.” അയാൾ നിരന്തരം അക്കാര്യം പറഞ്ഞ് എന്നെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷേ, ഞാൻ അനുകൂലമായി പ്രവർത്തിച്ചതുമില്ല. അങ്ങനെയിരിക്കെ അയാൾ ചെറിയൊരു നോട്ടുബുക്ക് എല്ലാം എഴുതിയിടാൻ വേണ്ടി എനിക്ക് സമ്മാനമായി നൽകി.
കട്ടിയുള്ള വെളുത്ത പേജുകളും കറുത്ത തുകൽ കവറുമുള്ള ഒരു നോട്ടുബുക്ക്. ഞാനതിന്റെ ആദ്യപേജിലൂടെ അതിന്റെ മൃദുത്വം അനുഭവിച്ചറിഞ്ഞുകൊണ്ട് എന്റെ വിരലുകളോടിച്ചു. പിന്നീട് ഞാൻ പെൻസിലെടുത്ത് അതിന്റെ മുനയ്ക്ക് മൂർച്ചവരുത്തി. എന്നിട്ട് ആ കർമ്മത്തിനു തുടക്കമിട്ടു. അയാൾ പറഞ്ഞത് ശരിയായി ഭവിച്ചു. എനിക്ക് ഇപ്പോൾതന്നെ നല്ല സുഖംതോന്നുന്നു. ഇതൊക്കെ എഴുതിയിടുന്നത് ഒരുതരം മോചനംപോലെ തോന്നിച്ചു. ഒരു ആത്മപ്രകാശനത്തിനുള്ള കവാടം! ഏതാണ്ടൊരു സ്വയം ചികിത്സ നടത്തിയ പ്രതീതി. ഗബ്രിയേൽ പറഞ്ഞില്ലെങ്കിലും എന്റെ കാര്യത്തിൽ അയാൾക്ക് ആശങ്ക ഉണ്ടെന്ന് എനിക്കു മനസ്സിലായി.
സത്യസന്ധമായി പറഞ്ഞാൽ-അങ്ങനെ പ്രവർത്തിക്കാനുമാണ് എന്റെ തീരുമാനം-ഈ ഡയറി എഴുത്ത് തുടങ്ങാമെന്ന് സമ്മതിച്ചതിന്റെ
യഥാർത്ഥ കാരണം എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ലെന്ന് അയാളെ ബോദ്ധ്യപ്പെടുത്താനും കൂടിയാണ്. എന്നെക്കുറിച്ച് ചിന്തിച്ച് അയാൾ വേവലാതിപ്പെടുന്നുണ്ടെന്നുള്ള ചിന്ത എനിക്ക് അസഹനീയമാണ്. അയാൾക്ക് ഒരിക്കലും മനഃപ്രയാസമുണ്ടാകരുതെന്നും സന്തോഷമില്ലായ്മ ഉണ്ടാകരുതെന്നും അല്ലെങ്കിൽ വേദന ഉണ്ടാകരുതെന്നും ഞാനാഗ്രഹിക്കുന്നു.
ഞാൻ ഗബ്രിയേലിനെ ഒരുപാട് സ്നേഹിക്കുന്നു. എന്റെ ജീവിതത്തിലെ പ്രേമനായകനാണ് അയാളെന്ന കാര്യത്തിൽ സംശയമില്ല. എനിക്ക് അവനോടുള്ള സ്നേഹം പൂർണ്ണമാണ്. ചിലപ്പോൾ അതെന്നെ ശ്വാസം മുട്ടിക്കുന്നതായിപ്പോലും എനിക്കു തോന്നാറുണ്ട്. ചിലപ്പോൾ ഞാൻ വിചാരിക്കും: വേണ്ട. അതിനെപ്പറ്റി ഞാൻ ഒന്നും എഴുതില്ല. രൂപങ്ങളുടെയും ആശയങ്ങളുടെയും സന്തോഷപൂരിതമായ രേഖയാണിത് എന്ന് ഞാൻ ഉറപ്പുതരുന്നു. എന്നെ കലാപരമായി പ്രചോദിപ്പിച്ച ആശയങ്ങളാണ് പ്രതിപാദ്യവിഷയം. എന്നെ ശരിക്കും സ്വാധീനിച്ച. എന്റെ സർഗ്ഗശക്തിയെ സ്വാധീനിച്ച സംഗതികൾ. സന്തോഷം നിറഞ്ഞ സർവ്വസാധാരണമായ സാക്ഷാത്തായ കാര്യങ്ങൾ മാത്രമേ ഞാൻ എഴുതൂ.
ഭ്രാന്തൻ ചിന്തകൾ അനുവദിക്കപ്പെടുന്നതല്ല.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post ആലിഷ്യ ബെറന്‍സണിന്റെ ഡയറി first appeared on DC Books.