“സ്ഥലരാശിയുടെ ഇരുള്‍പരപ്പുകളിലെവിടെയോ അസാധാരണമായ നക്ഷത്രങ്ങളുദിച്ചു. അവ ധര്‍മ്മപുരിയുടെ ആകാശങ്ങളിലേക്ക് പ്രയാണം തുടങ്ങി, അവയുടെ ജ്വലിക്കുന്ന രഥ്യയിലുടനീളം വരുംവരായ്കകള്‍ കുറിച്ചുകൊണ്ട്. ദേവസ്പര്‍ശത്തിന്റെ രാത്രിയൊന്നില്‍ അവയുടെ വെളിച്ചം ഭൂമിയില്‍ വീഴുകയും മന്വന്തരങ്ങള്‍ക്ക് ശേഷം തിരിച്ചുവരാനായി അവ ചുറ്റി അകലുകയും ചെയ്തു…..”
അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ഒ വി വിജയന്റെ ധര്‍മ്മപുരാണത്തിന്റെ ഒന്നാം അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്. അക്കാലഘട്ടത്തെ രാഷ്ട്രീയത്തോട് പ്രതികരിച്ച വിജയന്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യാവസ്ഥയോട് പ്രതികരിക്കുകയാണ് ഈ നോവലിലൂടെ ചെയ്തത്. അതുകൊണ്ടുതന്നെ രാഷ്ട്രീയവും മനഃശാസ്ത്രവും മറ്റനേകം അടരുകളുമുള്ള ഒരു കൃതിയായി ധര്‍മ്മപുരാണം ഇന്നും നിലനില്‍ക്കുന്നു.
ഒ.വി. വിജയന്‍ രചിച്ച ഈ രാഷ്ട്രീയ ആക്ഷേപഹാസ്യ നോവലില്‍ ധര്‍മ്മപുരിയിലെ ഭരണാധികാരിയായ പ്രജാപതിയെയും അയാളുടെ അശ്ലീലം നിറഞ്ഞ അധികാരപ്രയോഗത്തിന് കൂട്ടുനില്‍ക്കുന്ന ആശ്രിതരേയും നിസ്സഹായരായ പ്രജകളെയുമാണ് ചിത്രീകരിക്കുന്നത്. ക്രോധം ഇരമ്പുന്ന മനസില്‍ ഖേദവും പരിഹാസവും ഒക്കെ വന്നുനിറയുമ്പോള്‍ ചരിത്രത്തിന്റെ വൃത്തികെട്ട അവസ്ഥകളെ അശ്ലീലം കൊണ്ട് നേരിടുകയാണ് വിജയന്‍. അധികാരവും പരപീഢനവും മനുഷ്യജീവതത്തില്‍ സൃഷ്ടിക്കുന്ന അരാജകാവസ്ഥയുമെല്ലാം വിജയന്‍ ഇവിടെ വരച്ചുകാട്ടുന്നു. അഴുകുന്ന അധികാരം വിജയന്റെ മനസ്സിനെ നൊമ്പരപ്പെടുത്തിയിരുന്നു എന്ന് ഈ കൃതിയില്‍ വ്യക്തമാണ്.
1977 മുതല്‍ മലയാളനാടുവാരികയില്‍ ഖണ്ഡശ്ശ: വെളിച്ചം കണ്ട ഈ കൃതി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത് വര്‍ഷങ്ങള്‍ക്കുശേഷം, ഒട്ടേറെ മാറ്റങ്ങളോടെ 1985ല്‍ ആണ്. വിവാദവിക്ഷോഭങ്ങള്‍ക്ക് പാത്രീഭവിച്ച ധര്‍മ്മപുരാണത്തിന് പിന്നീട് 19 ഡി സി പതിപ്പുകള്‍ ഉണ്ടായി. മലയാള സാഹിത്യചരിത്രത്തിലെ ഒരേടായ ധര്‍മ്മപുരാണത്തിന്റെ പുതിയ പതിപ്പ് പ്രസിദ്ധീകരിക്കുകയാണ് ഇപ്പോള്‍ ഡി സി ബുക്‌സ്.
കെ പി അപ്പന്‍, ഡോ വി രാജാകൃഷ്ന്‍ എന്നിവര്‍ തയ്യറാക്കിയ പഠനം അനുബന്ധമായി ഉള്‍പ്പെടുത്തിയാണ് ധര്‍മ്മപുരാണത്തിന്റെ ഇരുപതാമത് പതിപ്പ് പ്രസിദ്ധീകരിക്കുന്നത്.