“പ്രണയത്തിന്റെ ഈശ്വരവചനങ്ങള്‍ പറയുമ്പോള്‍ ആത്മാവില്‍ നാം വിശുദ്ധരാണ്. കരളില്‍ ചോരയുടെ നിറം മായുന്നതാണ് പ്രണയം. മധുരിക്കുന്ന കാഞ്ഞിരമായും കയ്ക്കുന്ന അമൃതമായും അതിനെ വായിക്കാം. കുടമാറ്റങ്ങള്‍ അനവധിയാണ് പ്രണയത്തിന്. ഏത് രസതന്ത്രശാലയിലാണ് അതിന്റെ തിളച്ചുപൊങ്ങുന്ന ലായനിയെന്ന് നാം അറിയുന്നില്ല. അസ്വസ്ഥപ്പെടുന്ന ഒരു വ്യവസ്ഥയിലേക്ക്. ഏതോ മഴക്കാടുകളിലേക്ക് ആരോ നമ്മെ നാടുകടത്തുകയാണ്….!”
പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരും വാചാലരാണ്. പ്രത്യേകിച്ച് കവികളും കഥാകാരന്മാരും. അതുകൊണ്ടുതന്നെ പ്രണയത്തെക്കുറിച്ചും പ്രണയനഷ്ടത്തെക്കുറിച്ചും വാഴ്ത്തിപ്പാടിയ കവികളെയും കഥാകൃത്തുക്കളെയും അവരുടെ കൃതികളെയും നാം മറക്കില്ല. ഉറൂബിന്റെ രാച്ചിയമ്മയെയും ബഷീറിന്റെ തങ്കത്തെയും പത്മരാജന്റെ ലോലയും നമ്മുടെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നത് അതുകൊണ്ടുമാത്രമാണ്.
പ്രായഭേദമന്യേ ഏതൊരാളിലും വിരിയുന്ന പ്രേമമന്ന വികാരത്തെ ആളിപ്പടര്‍ത്താന്‍ കെല്‍പ്പുള്ള മലയാളത്തിലെ പ്രണയകഥകളുടെ സമാഹാരമാണ് വി ആര്‍ സുധീഷ് എഡിറ്റുചെയ്ത മലയാളത്തിലെ പ്രണയകഥകള്‍. ഏതുതലമുറയെയും മോഹിപ്പിക്കുന്ന, ഒരിക്കലെങ്കിലും വായിക്കണമെന്നും വായിച്ചാല്‍ പിന്നെയും വായിക്കണമെന്നും തോന്നുന്ന പ്രണയ കഥകളുടെ സമാഹാരമാണിത്.
അനിവര്‍ചനീയമായ പ്രണയമെന്ന വികാരത്തെ തങ്ങളുടെ വാക്കുകളിലൂടെ അനശ്വരമാക്കിയ വൈക്കം മുഹമ്മദ് ബഷീര്‍, കാരൂര്‍, മുട്ടത്തുവര്‍ക്കി, മാധവിക്കുട്ടി, ടി പത്മനാഭന്‍, എം ടി വാസുദേവന്‍ നായര്‍, എം മുകുന്ദന്‍, പി പത്മരാജന്‍, എന്‍ മോഹനന്‍, സക്കറിയ, പുനത്തില്‍ കുഞ്ഞബ്ദുള്ള, ജോണ്‍ എബ്രഹാം, സി വി ബാലകൃഷ്ണന്‍, പ്രിയ ഏ എസ്, സന്തോഷ് ഏച്ചിക്കാനം തുടങ്ങി പയതും പുതിയതുമായ എഴുത്തുകാരുടെ പ്രണയകഥകളാണ് മലയാളത്തിലെ പ്രണയകഥകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി.
ടി വി കൊച്ചുബാവ കഥാ അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള വി ആര്‍ സുധീഷിന്റെ മുപ്പതിലധികം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ മലയാളത്തിലെ പ്രണയകവിതകള്‍, എംടി എന്നീ പുസ്തകങ്ങളും വി ആര്‍ സുധീഷ് എഡിറ്റുചെയ്തിട്ടുണ്ട്.