വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങള്‍ ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരാണെന്നാണ് കവിമതം. അഴകും സരളതയും നിഷ്‌കളങ്കതയും ശക്തിയും ബുദ്ധിയുമുള്ള കുട്ടികള്‍ പരിസരങ്ങളെ വിശുദ്ധമാക്കുന്നു. അഞ്ച് വയസ്സു മുതല്‍ പന്ത്രണ്ട് വയസ്സുവരെ പ്രായമുള്ള ഏത് ദേശക്കാരും ഭാഷക്കാരുമായ കുട്ടികള്‍ ദിവ്യരാണെന്ന് അദ്ധ്യാപികയും പ്രശസ്ത സാന്ത്വന ചികിത്സകയുമായ സിസ്റ്റര്‍ മേരി ജയിന്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ ഇന്ന് കുഞ്ഞുങ്ങളിലെ ദിവ്യതാംശങ്ങള്‍ വളരെ നേരത്തേതന്നെ വിട്ടുപോകുകയും മാനസികമായി വികൃതമാക്കപ്പെടുകയും ചെയ്യുന്നുവെന്ന് സിസ്റ്റര്‍ പറയുന്നു. ശാരീരികവും ബുദ്ധിപരവുമായി വളരുന്ന കുട്ടികള്‍ പരീക്ഷകളില്‍ നല്ല മാര്‍ക്കും വാങ്ങുന്നുണ്ടാവാം. എന്നാല്‍ മറ്റുള്ളവരെ സ്‌നേഹിക്കാന്‍ കഴിയുന്നുണ്ടോ?, ഉള്ളില്‍ സമാധാനമുണ്ടോ?, അത് ചുറ്റുപാടും പ്രസരിക്കുനുണ്ടോ? എന്നൊക്കെ ചോദിച്ചാല്‍ മനുഷ്യവികാസത്തിന്റെ ഏറ്റവും മനോഹരമായിട്ടുള്ളതൊന്നും അനാവൃതമാകുന്നില്ലെന്ന് സിസ്റ്റര്‍ മേരി ജയിന്‍ പറയുന്നു.
കുഞ്ഞുങ്ങളുടെ മനസ്സ് തിരിച്ചറിയപ്പെടാതെ മാതാപിതാക്കളും അദ്ധ്യാപകരും പ്രവര്‍ത്തിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് കുട്ടികളെ അറിയുക കുട്ടികളില്‍ നിന്നും അറിയുക എന്ന കൃതിയിലൂടെ സിസ്റ്റര്‍ മേരി ജയിന്‍. തന്റെ ക്ലാസ് റൂമുകളിലും ചികിത്സാകേന്ദ്രത്തിലും വെച്ച് നേരിട്ടനുഭവിച്ചറിഞ്ഞ വസ്തുതകളാണ് അവര്‍ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നത്. കുട്ടികളെ എങ്ങനെയാണ് മനസ്സിലാക്കേണ്ടതെന്നും കൈകാര്യം ചെയ്യേണ്ടതെന്നും ഇത്രയും ലളിതമായി പറയുന്ന പുസ്തകങ്ങള്‍ വേറേ അധികമില്ല.
മുപ്പത്തഞ്ചോളം അനുഭവക്കുറിപ്പുകളിലൂടെ കഥകള്‍ പറയുന്നതുപോലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവയ്ക്ക് പരിഹാരം നിര്‍ദേശിക്കുന്ന രീതിയിലാണ് കുട്ടികളെ അറിയുക കുട്ടികളില്‍ നിന്നും അറിയുകഎന്ന പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്. രക്ഷകര്‍ത്താക്കളും അദ്ധ്യാപകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം പുറത്തിറങ്ങിയത് 2012ല്‍ ആണ്. അനേകര്‍ക്ക് മാര്‍ഗ്ഗദീപമേകിയ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
ദീര്‍ഘകാലം അദ്ധ്യാപികയായിരുന്ന സിസ്റ്റര്‍ മേരി ജയിന്‍ സാന്ത്വന ചികിത്സക, വിവിധ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിസ്‌റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റിയൂട്ട് എന്ന സന്ന്യാസിനീ സമൂഹത്തിലെ അംഗമായ അവര്‍ 22 ഓളം കൃതികളുടെ രചയിതാവാണ്.