ആറന്മുള വള്ളംകളിയില്‍ വര്‍ഷങ്ങളായി തുഴയെടുക്കുന്ന ജോണ്‍സണ്‍ പതിവുപോലെ ഇക്കൊല്ലവും മകനൊപ്പം ന്യൂജേഴ്‌സിയില്‍ വന്നത് ലാഭനഷ്ടങ്ങളുടെ കണക്ക് നോക്കാതെയും ഭാര്യയുടെ എതിര്‍പ്പ് മറികടന്നുമാണ്. എന്നാല്‍ മാറിയ കാലത്തെ ആറന്മുള വള്ളംകളിയില്‍ അയാള്‍ക്ക് കാഴ്ചക്കാരന്റെ സ്ഥാനമേ ഉണ്ടായുള്ളു… വര്‍ഗ്ഗീയ ഭ്രാന്ത് ഓരോ പുഴയിലും പിടിമുറുക്കുന്ന കാഴ്ചയിലേക്കാണ് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഏബ്രഹാം മാത്യുവിന്റെ ഓരോ പുഴയിലും എന്ന ചെറുകഥ സഞ്ചരിക്കുന്നത്.
സമകാലിക മലയാളകഥയുടെ ആഖ്യാനപരവും പ്രമേയപരവുമായ വികസ്വരതയിലേക്ക് സഞ്ചരിക്കുന്ന 13 കഥകള്‍ അടങ്ങിയ സമാഹാരമാണ് ഏബ്രഹാം മാത്യുവിന്റെ ഓരോ പുഴയിലും. തീക്ഷ്ണവും യാഥാസ്ഥിതികവുമായ ജീവിതമുഹൂര്‍ത്തങ്ങളെയും ആത്മസംഘര്‍ഷങ്ങളെയുമാണ് ഓരോ കഥയിലും ആവിഷ്‌കരിക്കുന്നത്. കഥാകാലത്തിന് ഉള്ളുലയ്ക്കുന്ന ഒരുപലബ്ധിയാണ് ഈ സമാഹാരം.
ഓരോ പുഴയിലും, പശുവും പുലിയും, മരത്തിന്‍ കൊമ്പില്‍, അമ്മ, ലെനിനും കര്‍ഷകനും, സലിം നീ വിളക്കാകുന്നു, മനുഷ്യരും മൃഗങ്ങളും, കൃഷിക്കാരന്‍, തോക്കിന്‍ കുഴലിലൂടെ, റെഡ് ഇന്ത്യന്‍, പോസ്റ്റ്‌മോര്‍ട്ടം, അമ്മയും മകളും, സുഖകരവും ചുവന്നതുമായ ജീവിതം എന്നിങ്ങനെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട കാലത്തുതന്ന ശ്രദ്ധേയമായ കഥകളാണ് ഓരോന്നും.
ചെറുകഥ, നോവല്‍, യാത്രാനുഭവങ്ങള്‍, സമകാലീന പ്രതികരണങ്ങള്‍, ജീവചരിത്രം എന്നിവ ഉള്‍പ്പെടെ ഇരുപതില്പരം പുസ്തകങ്ങള്‍ ഏബ്രഹാം മാത്യുവിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ചെറുകഥയ്ക്കുള്ള എസ്.കെ.പൊറ്റെക്കാട്ട് സ്മാരക അവാര്‍ഡ്, നോവലിനുള്ള ജെ.കെ.വി. പുരസ്‌കാരം, നിരവധി മാധ്യമ പുരസ്‌കാരങ്ങള്‍ തുടങ്ങിയ അദ്ദേഹം നേടിയിട്ടുണ്ട്.
എബ്രഹാം മാത്യുവിന്റെ ‘കിനാവിന്റെ ഇര’, ‘ജാതി ജാതിയോട് പറയുന്നത്’, ‘നിത്യവിസ്മയനിദ്ര’, ‘രാത്രിയുടെ ഉടല്‍‘, ‘ഇന്ദ്രിയനഗരം‘ എന്നീ കഥാസമാഹാരങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മണ്ണും മഴയും എന്ന നോവലും പുറത്തിറക്കിയിട്ടുണ്ട്.
The post ഉള്ളുലയ്ക്കുന്ന കഥകളുമായി ‘ഓരോ പുഴയിലും’ appeared first on DC Books.