കഥകള്‍ പ്രത്യേകിച്ച് നാടോടിക്കഥകള്‍ എല്ലായിടത്തും എല്ലാക്കാലത്തും നിലല്‍ക്കുന്ന ഒന്നാണ്. തലമുറകളിലൂടെ കൈമാറിവന്ന വാമൊഴിവഴക്കത്തിന്റെ നേര്‍പ്പതിപ്പുകളാണ് അത്തരം നാടേടാടിക്കഥകള്‍. ലോകമെമ്പാടുനിന്നും ശേഖരിച്ച ഏറ്റവും മികച്ച നാടോടിക്കഥകള്‍ കുട്ടികള്‍ക്കായി അവതരിപ്പിക്കുകയാണ് മാമ്പഴം.(ഡി സി ബുക്‌സ് ഇംപ്രിന്റ്) മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച തുര്‍ക്കിയിലെ നാടോടിക്കഥകളെ പരിചയപ്പെട്ടാലോ..
തുര്‍ക്കി കഥാലോകം രസകരവും വൈവിധ്യാത്മകവുമാണ്. പ്രതാപശാലികളായ പാദുഷമാരും അവരുടെ വസീര്‍മാരും നല്ലവരും ദുഷ്ടന്മാരുമായ പ്രഭുക്കന്മാരും കോടീശ്വരന്മാരും നീതിമാന്‍മാരായ കാസികളും അവിടെ ഉജ്ജ്വലവിലാസങ്ങളോടെ വിഹരിക്കുന്നു. ഈ കഥാലോകത്ത് പാദുഷമാരും കാസികളും ഏറിയപങ്കും നന്മനിറഞ്ഞവരാണ്. മാത്രമല്ല അവര്‍ രസികന്മാരും ബുദ്ധിമാന്മാരും കലാഹൃദയമുള്ളവരുമാണ്. ഇവരോടൊപ്പം അത്ഭുത പ്രഭാവന്മാരായ ബസന്‍ ബസ്‌റിയെപ്പോലെയുള്ള ദര്‍വിഷുകളെയും സൂഫിസന്യാസിമാരെയും കണ്ടുമുട്ടുന്നു. വിദ്യാര്‍ത്ഥികളും സ്ത്രീകളും അനാഥന്‍മാരും ഉള്‍പ്പെടുന്ന വൈവിധ്യപീര്‍ണ്ണമായ ജനസഞ്ചയമാണ് അവിടെയുള്ളത്. ഇവിടുത്തെ സ്ത്രീകള്‍ അതീവ ബുദ്ധിശാലികളാണ്. തുര്‍ക്കിയിലെ ആണുങ്ങളുടെ വിജയത്തിനു പിന്നില്‍ പെണ്ണുങ്ങളുടെ ബുദ്ധിയാണെന്നാണത്രേ തുര്‍ക്കിക്കഥകളിലെയെല്ലാം അഭിപ്രായം.
മണ്ടന്മാരും മൃഗങ്ങളും, ക്രിസ്ത്യാനികളും യഹൂദന്മാരും, പാഴ്‌സികളും എല്ലാം തുര്‍ക്കിക്കഥകളിലെ കഥാപാത്രങ്ങള്‍ തന്നെയാണ്. തുര്‍ക്കിയുടെ സംസ്‌കാരവും വിശ്വാസവും ആചാരങ്ങളും എല്ലാം വെളിപ്പെടുത്തുന്ന കഥാപുസ്തകമാണ് ജിപ്‌സിയും പാദുഷയും. വാങ്മയരൂപങ്ങളായി അവിടെ പ്രചരിച്ചിരുന്ന കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു നായട്ടുകഥ, കരള്‍ക്കഷണം, ജലദേഷംപിടിച്ച കുറുക്കന്‍, യുവാവും രാക്ഷസനും, ദൈവത്തിന്റെ മരുമകന്‍ എന്നിങ്ങനെ അമ്പതില്‍പ്പരം രസകരങ്ങളായ കഥകളാണ് ജിപ്‌സിയും പാദുഷയും എന്ന പുസ്തകത്തിലുള്ളത്. പേരുപോലെതന്നെ കൗതുകമുണര്‍ത്തുന്ന നാടാടിക്കഥകളുടെ മാറ്റുകൂട്ടാനായി കെ ആര്‍ രാജി വരച്ച ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അനിത ജയനാഥ്, നായര്‍ സുരേന്ദ്രനാഥ് പി കെ, രോഹിണി പി എന്നിവര്‍ ചേര്‍ന്നാണ് ഇതിലെ കഥകള്‍ പുനരാഖ്യാനം ചെയ്തിരിക്കുന്നത്.