ആൺതന്ത്രങ്ങളുടെ അധോലോകങ്ങളിലുള്ള പെണ്ണിടപെടലുകൾ. കേരളീയ രാഷ്ട്രീയ മണ്ഡലങ്ങളിൽ നടക്കുന്ന കൂട്ടിക്കൊടുപ്പുകൾക്കും കുതികാൽവെട്ടലുകൾക്കും ഉപചാപങ്ങൾക്കും നേരെ പിടിച്ച ഏങ്കോണിച്ച കണ്ണാടിയിൽ തെളിയുന്ന ബിംബങ്ങൾ പഴയകാല പഞ്ചതന്ത്രങ്ങളുടെ പുതിയ കാല ആഖ്യാനങ്ങളാണ്. സമൂഹത്തിലെ പുരുഷമേൽക്കോയ്മയുടെ പ്രതിഷേധത്തിന്റെ സ്വരമായി വിശേഷിപ്പിക്കാവുന്ന രചനയാണ് മീരയുടെ പെണ്‍പഞ്ചതന്ത്രം മറ്റും കഥകൾ. സുമംഗല മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പഞ്ചതന്ത്രത്തിന്റെ ഭാഷയും ആഖ്യാനശൈലിയും കടമെടുത്ത് കെ.ആര്‍.മീര രചിച്ച പെണ്‍പഞ്ചതന്ത്രത്തെ പുതിയ കാലത്തിന്റെ പഞ്ചതന്ത്രം എന്ന് വിശേഷിപ്പിക്കാം.
ആക്‌ഷേപഹാസ്യത്തില്‍ ചാലിച്ച് കടുത്ത സാമൂഹ്യ വിമര്‍ശനമാണ് പെണ്‍പഞ്ചതന്ത്രത്തിലൂടെ മീര നടത്തുന്നത്. ബിനിമോള്‍ പി നായരെ തകര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഷിജിമോന്‍ ജേക്കബിലൂടെയും അയാളുടെ സഹചാരികളിലൂടെയും സമീപകാലത്ത് താനുള്‍പ്പെട്ടതടക്കമുള്ള ചില വിവാദങ്ങളിലേയ്ക്കാണ് മീര വിരല്‍ ചൂണ്ടുന്നത്. പഞ്ചതന്ത്രത്തിന്റെ മാതൃകയില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് കടന്നുകൊണ്ട് 14 കഥകളാണ് പെണ്‍പഞ്ചതന്ത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ ആറാമത്തെ പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
പെണ്‍പഞ്ചതന്ത്രത്തിനൊപ്പം അച്ചാമ്മയ്ക്ക് സംഭവിച്ചത്, പ്രണയാന്ധി, അറവുകല്ല് എന്നീ കഥകളും ചേര്‍ത്ത് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണ് പെണ്‍പഞ്ചതന്ത്രവും മറ്റ് കഥകളും. ഇതിലെ സംഭവങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരോടെങ്കിലും സാദൃശ്യം തോന്നിയാല്‍ അത് യാദൃച്ഛികമാണെന്നല്ല മീര പറയുന്നത്. സാദൃശ്യം തോന്നിയാല്‍ അത് അവര്‍ വിഷ്ണുശര്‍മ്മന്റെ പഞ്ചതന്ത്രത്തില്‍ നിന്ന് മോഷ്ടിച്ച് സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയതുകൊണ്ടാണെന്ന് അവര്‍ പറയുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഗീതാ ഹിരണ്യന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം സ്മാരക അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി സ്മാരക അവാര്‍ഡ്, പി.പത്മരാജന്‍ സ്മാരക അവാര്‍ഡ്, വി.പി.ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് തുടങ്ങിയവ മീരയ്ക്ക് ലഭിച്ചിട്ടുണ്ട്. ആരാച്ചാര്‍ വയലാര്‍ അവാര്‍ഡിനും ഓടക്കുഴല്‍ അവാര്‍ഡിനും നൂറനാട് ഹനീഫ അവാര്‍ഡിനും അര്‍ഹമായി.