മലയാളത്തിൽ കുഞ്ഞുണ്ണി കവിതകൾക്ക് മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ഒരു കുട്ടിത്തം ഉണ്ട്. വട്ട മുഖവും , കഴുത്തില്‍ രുദ്രാക്ഷമാലയും നെറ്റിയില്‍ ഭസ്മക്കുറിയുമിട്ട ഒരു ചെറിയ മനുഷ്യൻ . ഒരു പക്ഷെ മലയാള സാഹിത്യത്തിൽ കുട്ടികളോട് ഏറ്റവും അടുപ്പമുള്ള കവിതകൾ രചിച്ചത് കുഞ്ഞുണ്ണി മാസ്റ്ററായിരിക്കും. കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ ആദ്യമായി ആനിമേഷന്‍ രൂപത്തില്‍ ചിത്രമാവുകയാണ്. കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും നല്‍കുന്ന തരത്തില്‍ രസകരമായി ആനിമേഷന്‍ നടത്തിയിരിക്കുന്നത് ബിജു ബാവോഡ് ആണ്.
‘കുഞ്ഞുണ്ണി മാഷ് ആനിമേഷന്‍ കഥാപാത്രമായി കുട്ടികള്‍ക്ക് നേരിട്ട് കഥകളും നാട്ടറിവുകളും കവിതകളും ചൊല്ലി കൊടുക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കുഞ്ഞിക്കഥകള്‍,ചക്കര മാമ്പഴം, ചക്കരപ്പാവ, മഴവില്ല്, മണ്ണപ്പം എന്നിങ്ങനെ ഒരു പരമ്പര രൂപത്തിലാണ് സി.ഡി റിലീസ് ചെയ്യുന്നത്. പൂര്‍ണമായും 2 D ആനിമേഷന്‍ രൂപത്തിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്’.
ഇത്തരത്തിൽ ഒരു ചിത്രം ചെയ്യണമെന്നുള്ളത് തന്റെ ആഗ്രഹമായിരുന്നു. ഈ ആനിമേഷന്‍ ചെയ്യാനായി ബിജു രണ്ടു വര്‍ഷത്തോളം ശ്രമം നടത്തി. ബഷീര്‍ക്കഥകള്‍ ആയിരുന്നു എന്റെ ആദ്യത്തെ സംരംഭം. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രോത്സാഹനമുണ്ടാകുകയാണെങ്കില്‍ എല്ലാ സ്‌കൂള്‍ ലൈബ്രറിയിലേക്കും ഇത്തരം സി.ഡികള്‍ നല്‍കാനും കുട്ടികള്‍ക്ക് സാഹിത്യകൃതികളെ അടുത്തറിയാനും കഴിയും. നല്ല കൃതികള്‍ ഇനിയും ആനിമേഷന്‍ രൂപത്തില്‍ ചെയ്യണമെന്ന ആഗ്രഹമുണ്ട്.’ ബിജു തന്റെ ആഗ്രഹം വ്യക്തമാക്കുന്നു.
കുഞ്ഞുണ്ണി മാസ്റ്ററുടെ സഹോദരി രാധ ടീച്ചറുടെ ആശീര്‍വാദത്തോടെയാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. കൂടാതെ മാസ്റ്ററുടെ മരുമകന്‍ കേശവദേവും മരുമകളും കവയിത്രിയുമായ ഉഷയുമാണ് ബിജുവിന് വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കിയത്. 2006 മാര്‍ച്ച് 26 നായിരുന്നു അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്.