മലയാള ബാലസാഹിത്യത്തിൽ എന്നും തിളങ്ങി നിൽക്കുന്ന രചനയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. സ്നേഹബന്ധങ്ങളുടെ മഹത്വത്തിലേക്ക് കുട്ടികളെ കൈ പിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും ഇന്നും ഓരോ മനസിലും ജീവിക്കുന്നു. കേരളത്തിലെ ജനപ്രിയ എഴുത്തുകാരനായ മുട്ടത്തു വർക്കിയുടെ ലളിതവും സുന്ദരവുമായ ആഖ്യാന രീതി കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കും.
മഴയുള്ള ഒരു ദിവസം സ്കൂളിൽ പോവുകയായിരുന്ന ലില്ലിയെ കുടയിൽ കയറ്റാതിരുന്ന പണക്കാരിയായ സഹപാഠി ഗ്രേസിയുടെ നെറ്റി സഹോദരനായ ബേബി എറിഞ്ഞു പൊട്ടിച്ചു. പോലീസിനെ പേടിച്ച ബേബി, മടങ്ങി വരുമ്പോൾ സഹോദരിക്ക് ചില്ലുകൈപ്പിടിയിൽ കുരുവിയുടെ രൂപമുള്ള കുടയുമായി വരാമെന്ന ഉറപ്പു കൊടുത്തശേഷം വീടുവിട്ടിറങ്ങി. പേരമ്മ, മാമ്മിത്തള്ളയുടെ മർദ്ദനം അസഹ്യമായതിനെ തുടർന്ന് പിന്നീടു വീടുവിട്ടുപോയ ലില്ലി ഒരു ഡോക്ടറുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ രണ്ടു മക്കൾക്കൊപ്പം വളരുന്നു. നഗരത്തിലെത്തിയ ബേബിയാകട്ടെ, സൗദാമിനി എന്ന സംഗീതാദ്ധ്യാപികയുടെ വീട്ടിൽ എത്തിപ്പെട്ട് വളരുന്നു. ലില്ലിയുടെ സഹോദരനെക്കുറിച്ചറിഞ്ഞ ഡോക്ടർ അവനെ കണ്ടുപിടിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. എന്നാൽ ഡോക്ടറുടെ മക്കളുടെ സംഗീതാദ്ധ്യാപിക ആയിരുന്നു സൗദാമിനി.
മലയാള ബാലസാഹിത്യ രംഗത്തെ എക്കാലത്തെയും ഹൃദയസ്പർശിയായ നോവലാണ് മുട്ടത്തു വർക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും . സഹോദരസ്നേഹത്തിന്റെ നൈർമല്യവും അനാഥത്വത്തിന്റെ ദുഖഭാരവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്നപോലെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു . ദുഷ്ടയായ പേരമ്മയുടെ ഇടപെടലും ,വിധിയുടെ ക്രൂരതയും ഈ രണ്ടു നിഷ്കളങ്ക ഹൃദയങ്ങളെ അകറ്റുന്നതും ,പിന്നീട് അതെ വിധിയുടെ അത്ഭുതകരമായ വഴിത്തിരിവുകൾ അവരെ കൂട്ടിയിണക്കുന്നതുമാണ് ഈ ലളിതമായ രചനയുടെ ഇതിവൃത്തം. ഈ രണ്ടു കുട്ടികളുടെ അനുഭവങ്ങളിലൂടെ ലോകത്തിലെ നന്മതിന്മകളും രചയിതാവ് വിളിച്ചോതുന്നു. ഡി സി ബുക്സിന്റെ മാമ്പഴം പ്രസിദ്ധീകരണമാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. പുസ്തകത്തിന്റെ 46 ാം പതിപ്പാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.