അനേകം പോഷകമൂല്യങ്ങളുള്ള പലരോഗങ്ങള്‍ക്കും പ്രതിവിധിയായ ചക്കക്കൊണ്ടുണ്ടാക്കാവുന്ന നൂറ്റമ്പതില്‍പ്പരം വിഭവങ്ങള്‍. പ്ലാവില മുതല്‍ ചക്കമുള്ളും, ചകിണിയും, ചുളയുടെ പുറമേയുള്ള പാട, കൂഞ്ഞില്‍ തുടങ്ങി ഓരോന്നും പുത്തന്‍ റെസിപ്പികളാവുന്നു.
ശ്രീമതി ആന്‍സി മാത്യുവിന്റെ, ചക്കവിഭവങ്ങളെപ്പറ്റി വിവരിക്കുന്ന ഈ ഗ്രന്ഥം കേവലമൊരു പാഠപുസ്തകമല്ലെന്നു പറയേണ്ടിയിരിക്കുന്നു. അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടുനന്മകള്‍ വീണ്ടെടുക്കാനുള്ള ഒരു ശ്രമം; ഒരു ഗവേഷണകുതുകിയുടെ പ്രകൃതിപഠനം; പാചക വിദഗ്ദ്ധയായ ഒരു വീട്ടമ്മയുടെ പരീക്ഷണ നൈപുണ്യം; ‘ കൈയ്യില്‍ക്കിട്ടിയ കനകമുപേക്ഷിച്ചീയം കൊള്‍വാന്‍’ ഇച്ചിക്കരുതെന്ന് ഉള്ളില്‍തട്ടിയാഗ്രഹിച്ച ഒരു മനസ്സിന്റെ കാലികപ്രസക്തമായ കണ്ടെത്തല്‍ – ഇതൊക്കെയാണ് ഈ പുസ്തകം. വിലകൊടുത്ത് വിഷം വാങ്ങുകയും വിലകെട്ടതെന്ന് വിശിഷ്ടമായതിനെ തള്ളുകയും ചെയ്ത് മലയാളി പലവിധ ജീവിതചര്യാരോഗങ്ങള്‍ക്ക് അടിപ്പെട്ടുകെണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ചക്കയുടെ പോഷകമൂല്യവും രോഗപ്രതിരോധശേഷിയുമൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കാന്‍ ഉതകുന്ന ഈ പുസ്തകത്തിന്റെ രചന.
വര്‍ത്തമാനജീവിത്തില്‍ ഓരോ ചക്കക്കാലവും പ്ലാവിന്‍ ചുവട്ടില്‍ വീണഴുകുകയും ലോറിയില്‍ തിക്കിത്തിരുകി അതിര്‍ത്തി കടത്തപ്പെടുകയും ചെയ്യുന്ന ഈ വിശിഷ്ടഫലത്തിന്റെ ദുര്‍വ്യയമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെങ്കില്‍ ചക്ക, പഴയ ചക്കയായി മാത്രം ഉപയോഗിക്കപ്പെട്ടാല്‍ പോരാ. മൂല്യ വര്‍ധിത ഉത്പന്നമായി മാറാന്‍ ചക്കയ്ക്കു കഴിയണം. ആധുനിക താത്പര്യങ്ങളുടെ രുചിയും മണവുമറിഞ്ഞ് പുതുഭാവങ്ങളിലേയ്ക്ക് പകര്‍ന്നാട്ടം നടത്താന്‍ സാധിക്കുന്നതിലൂടെയാവും ചക്ക, ഇനി നമുക്ക് പ്രിയങ്കരമാകാന്‍ പോവുന്നതെന്ന ബോധ്യമാകണം, ഇങ്ങനെയൊരു ഗവേഷണത്തിലേക്ക് ആന്‍സി മാത്യുവിനെ നയിച്ചത്.