വായനക്കാരന്റെ മനസ്സും വയറും നിറച്ച് ഒരു നീണ്ട ഏമ്പക്കവും വിട്ടു ഒറ്റയിരുപ്പില്‍ ‘തിന്നു തീര്‍ക്കാന്‍’ സാധിക്കുന്ന പുസ്തകമാണ് വിനു ജോസഫിന്റെ മെനുസ്മൃതി. വായില്‍ കപ്പലോട്ടമത്സരം നടക്കുകയായിരുന്നു അവസാന പേജു വരെ. 25 എഴുത്തുകാര്‍ അവരുടെ പ്രിയ രുചികള്‍ വിളമ്പുന്നത് വായനക്കാരന്റെ മനസ്സുകളിലേക്കാണ്. വിളമ്പിയ സദ്യയ്ക്ക് ചേരും വിധം വായിച്ചിരിക്കാന്‍ രസമുള്ള എഴുത്താണ് വിനു ജോസഫിന്റേത്. ഏതു വിശപ്പില്ലാത്തവന്റെ വയറ്റില്‍ തീയും നാവില്‍ വെള്ളവുമൂറിക്കാനും മൂന്നു നാല് പേജ് ധാരാളം.
ഒരു പിന്‍വിളിയില്‍ തല്‍ക്ഷണം മുന്നിലേയ്ക്കു വരുന്ന ഒരു വിശപ്പാറ്റലിന്റെ, സ്വാദിന്റെ, കഴിക്കലിന്റെ ഓര്‍മ….. ഓര്‍മ പറഞ്ഞവരെല്ലാം ശ്രേഷ്ഠരായവര്‍. അവര്‍ പങ്കുവച്ച ഓര്‍മ്മകളെ അതിമനോഹരമായ ഭാഷയിലൂടെ നമുക്ക് കാഴ്ച വയ്ക്കുന്നു ‘മെനുസ്മൃതി’. വിനു ജോസഫില്‍ നിന്ന് ഇനിയും ഒരുപാട് പ്രതീക്ഷിക്കാനുണ്ട് നമുക്കും ഈ ഭാഷയ്ക്കും.
അക്ഷരസദ്യയൊരുക്കുന്നവരുടെ രുചിയനുഭങ്ങള്‍ തേടിയുള്ള യാത്ര, ഒപ്പം പാചകക്കുറിപ്പുകളുമാണ് ഈ പുസ്തകം. ഇരുപത്തിയഞ്ച് എഴുത്തുകാര്‍ അവരുടെ പ്രിയപ്പെട്ട രുചിയോര്‍മ്മകളും ഒപ്പം പാചകക്കുറിപ്പുകളും പങ്കുവയ്ക്കുന്നു.വിനുജോസഫ് തയ്യാറാക്കിയ മെനുസ്മൃതിയുടെ രണ്ടാമത് പതിപ്പാണ് വിപണിയിലുള്ളത്.