മനുഷ്യന്റെ സഹജഭാവങ്ങളാണ് ചിരിയും കരച്ചിലും. സന്തോഷസന്താപങ്ങളുടെ പ്രതിഫലനങ്ങളായ ചിരിയും കരച്ചിലും തികച്ചും വിരുദ്ധവും വ്യത്യസ്തവുമായ ഭാവവിശേഷങ്ങളാണ്. സന്തോഷംമൂലമുണ്ടാകുന്ന സുഖവും സന്താപംമൂലമുണ്ടാകുന്ന ദുഃഖവും പലപ്പോഴും അദൃശ്യവും ആന്തരികവും നിശബ്ദവുമായ മാനസിക പ്രതികണങ്ങളാകുന്നു. എന്നാല്‍ അവയുടെ ബാഹ്യവും ശാശീരികവും ഗോചരവുമായ പ്രകടനങ്ങള്‍ ചിരിയും കരച്ചിലുമായി പ്രത്യക്ഷപ്പെടുന്നു.
എല്ലാ ജീവിതവ്യവഹാരങ്ങളിലും കലാസൃഷ്ടികളിലും ഇത് പ്രതിഫലിക്കുന്നുണ്ട്. ശോകത്തില്‍നിന്ന് ശ്ലോകമായിപ്പിറന്ന ആദികാവ്യമായ രാമായണവും, ആത്യന്തികമായി ഒരു ദുരന്തകാവ്യമെന്നു പ്രഖ്യാതമായ മഹാഭാരതവും ഭാരതീയന്റെ കാവ്യചരിത്രത്തിലെ ദീപസ്തംഭങ്ങളാണ്. വാല്മീകി വ്യാസന്‍മാരുടെ അവസരോചിതവും പരോക്ഷവുമായ ചിരിയും ആ കൃതികളുടെ സര്‍ഗ്ഗസൗന്ദര്യം തന്നെയാണ്. പറഞ്ഞുവരുന്നത് ഹാസ്യത്തെക്കുറിച്ചും ചിരിയെക്കുറിച്ചുമാണ്. ഹാസ്യം എന്താണ് ? എന്തിനാണ്, സാഹിത്യത്തില്‍ എന്നുമുതലാണ് ഹാസ്യത്തിന് പ്രാധാന്യം ലഭിച്ചുതുടങ്ങിയത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പഠനവിഷയമാക്കുയാണ് അദ്ധ്യാപകനായിരുന്ന ഡോ ടി ജി മാധവന്‍കുട്ടിയുടെ ഹാസ്യത്തിന്റെ അവതാരങ്ങള്‍ എന്ന പുസ്തകം.
മലയാളത്തില്‍ നാടന്‍പാട്ടുകളിലാരംഭിച്ച് പ്രാചീന മദ്ധ്യകാല ആധുനിക കവിതകളിലൂടെ വളര്‍ന്ന് നോവല്‍, ചെറുകഥ, നാടകശാഖകളിലും മറ്റും പടര്‍ന്നുകയറിയ ചിരിയുടെ അഥവാ ഹാസ്യത്തിന്റെ വിശകലനമാണ് ഹാസ്യത്തിന്റെ അവതാരങ്ങള്‍ എന്ന പുസ്തകം. ഹാസ്യം എന്ത് ? എന്തിന്, ചിരിപ്പാട്ടുകള്‍-പഴഞ്ചൊല്ലുകള്‍-ഐതിഹ്യങ്ങള്‍, ഹാസ്യം കവിതയില്‍, തുടങ്ങി ഏഴ് അദ്ധ്യായങ്ങളിലൂടെയാണ് ഹാസ്യത്തിന്റെ നിര്‍വ്വചനവും പ്രയോഗവും പ്രയോജനവും, ഡോ ടി ജി മാധവന്‍കുട്ടി വിശദമാക്കുന്നത്.
സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും എല്ലാം ആശ്രയിക്കാവുന്ന ഈ പുസ്തകം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.