ചിലപ്പോള്‍ അങ്ങനെയാണ്. മനസ്സിലുണ്ടാവും, വിരല്‍ത്തുമ്പിലുണ്ടാവും കഥാപാത്രങ്ങള്‍… അവര്‍ ഇടക്കിടെ മുന്നില്‍ വന്ന് കളിയാക്കി ചിരിച്ച് മാഞ്ഞുപോകും. വീണ്ടും അര്‍ദ്ധ സുഷ്പ്തിയിലേക്കു വീഴവേ, കിനാവുകളില്‍ ഒരു മിന്നായം പോലെ അവര്‍ വന്നു പോവും…
അങ്ങനെ, വളരെ ആശങ്കാകുലമായ സ്വപ്നഭ്രമങ്ങള്‍ക്കൊടുവിലാണ് എനിക്ക് ഖമറുന്നീസയെ പിടി കിട്ടിയത്. അണിഞ്ഞിരുന്ന പുതുപുത്തന്‍ ഫാഷനിലുള്ള ചുരിദാറിന്റെ ഷാള്‍ കൊണ്ട് അവള്‍ തലമുടിയാകെ മറച്ചിരുന്നു… എന്റെ മുന്നില്‍ വന്ന് ‘അനുഗ്രഹിക്കണം അങ്കിള്‍’ എന്നു പറയുമ്പോള്‍ ഒരു നവവധുവിന്റെ ഗാഢവും നിഗൂഢവുമായ നാണം അവളുടെ വെളുത്തുതുടുത്ത മുഖത്തു പുതു പ്രകാശം പരത്തിയിരുന്നു. എനിക്കവളെ പരിചയപ്പെടുത്തിയ കൂട്ടുകാരിയും ഒപ്പം. കൂട്ടുകാരിയുടെ വേഷം എനിക്കോര്‍മ്മയുണ്ട്. ചാരനിറത്തിലുള്ള കുര്‍ത്തയും കടുംനീല ജീന്‍സും. പിന്നെയാണാ മുഖം ഞാന്‍ ശ്രദ്ധിച്ചത്. അതെന്റെ മകള്‍ വര്‍ഷയുടെ മുഖമാണല്ലോ ദൈവമേ എന്നൊരാക്രാന്തനത്തോടെ ഞെട്ടിയുണരുമ്പോഴേക്കും, ആരും മുന്നിലില്ലായിരുന്നു…
കമ്പൈന്‍ഡ് സ്റ്റഡിക്ക് അന്നും രാവിലെ വര്‍ഷയെത്തേടി കൂട്ടുകാരികള്‍ വീട്ടിലെത്തിയപ്പോള്‍, ഞാനവരെ മിഴിച്ചു നോക്കി. കൂട്ടത്തില്‍ ഖമറുന്നീസയുടെ വെളുത്തു തുടുത്ത മുഖം തിരഞ്ഞു… അസ്വസ്ഥനായി മുറിയിലങ്ങുമിങ്ങും നടന്നു. പിന്നെ, വളരെ വൈകി, എന്തോ ഒരാവശ്യത്തിന് മകള്‍ മുറിയിലേക്കു വന്നപ്പോള്‍ ഞാനവളോടു ചോദിച്ചു; അതിലാരാ ഖമറുന്നീസ?
ഖമറുന്നീസയോ? മകള്‍ ആദ്യമൊന്നു സന്ദേഹിച്ചു. പിന്നെ ചെറുചിരിയോടെ ചോദിച്ചു: അച്ഛനെന്താ വട്ടായോ? എനിക്കങ്ങനെ ഒരു കൂട്ടുകാരിയില്ല…
പക്ഷേ പിന്നീടും പലതവണ ഖമറു കിനാവുകളില്‍ കടന്നുവന്നു. ചിലപ്പോഴൊക്കെ മകളെത്തേടി, അല്ലെങ്കില്‍ ഗള്‍ഫിലുള്ള വാപ്പയെക്കുറിച്ച് പരിഭവം പറയാന്‍, വാപ്പ നിശ്ചയിച്ച വിവാഹത്തിന് തനിക്ക് സമ്മതമല്ലെന്നു പറയാന്‍…
അങ്ങനെയിരിക്കെ, 2013 ന്റെ അവസാനകാലത്ത് മാധ്യമത്തില്‍ നിന്ന് സുഹൃത്ത് പി.കെ.പാറക്കടവ് വിളിക്കുന്നു: കഥ മറന്നിങ്ങനെ കഴിഞ്ഞാമതിയോ? പുതിയ കൊല്ലം വരികയല്ലേ? പുതുവര്‍ഷപ്പതിപ്പിലേക്ക് ഒരു കഥ ഉടനെ അയച്ചു തരൂ…
മാധ്യമത്തില്‍ എന്റെ നോവല്‍ ഉള്‍ഖനനങ്ങള്‍ പ്രസിദ്ധീകരിച്ചുതീര്‍ന്നതേ ഉണ്ടായിരുന്നുള്ളൂ… അതിന്റെ ചൂടാറും മുമ്പേ പാറക്കടവില്‍ നിന്നു വന്ന ആ പ്രലോഭനത്തില്‍ തരളിതനായി ഞാന്‍ കണ്ണടച്ചിരുന്നു. അപ്പോഴതാ വീണ്ടും തട്ടത്തിനുതാഴെ, ഗൂഢവും ഗാഢവുമായ വ്രീളാ വിവശതയോടെ അവള്‍, ഖമറുന്നീസ…
അന്ന് രാവേറെച്ചെല്ലുവോളം അവള്‍ ഓരോരോ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. ന്യൂസ് എഡിറ്റര്‍ രാമഭദ്രനും ഭാര്യ രേണുകയും മകള്‍ നീതുവുമൊക്കെ ഇടയ്ക്ക് വന്നുപോയി… പുലര്‍ച്ചെ ഞാന്‍ പാറക്കടവിനെ വിളിച്ചു: കഥ റെഡി.
2014 ലെ പുതുവര്‍ഷപ്പുലരിയിലിറങ്ങിയ മാധ്യമം വിശേഷാല്‍പ്പതിപ്പില്‍ മനോഹരമായി ആലേഖനം ചെയ്യപ്പെട്ടുവന്നു ‘ഖമറുന്നീസയുടെ കൂട്ടുകാരി.’ ഇന്ന് ചലച്ചിത്രരംഗത്ത് ശ്രദ്ധേയ സാന്നിദ്ധ്യമായിമാറിക്കഴിഞ്ഞ വിധു വിന്‍സന്റാണ് ഖമറുന്നിസയേയും കൂട്ടുകാരിയേയുമൊക്കെ വായനക്കാരുടെ മനസ്സിലേക്കു വരച്ചുവെച്ചത്. കഥ വായിച്ച പലരും, രാമഭദ്രനില്‍ എന്നെ ദര്‍ശിച്ച് വിളിച്ചു ചോദിച്ചു: മോളിപ്പോ എവിടെയാ? അവളും ഖമറുന്നീസയും സുഖമായിരിക്കുന്നോ?
ചില കഥകള്‍ അങ്ങനെയാണ്. അവ നമ്മുടെ പരിസരങ്ങളില്‍ സംഭവിക്കുന്നു. കഥാപാത്രങ്ങള്‍ക്ക് പരിചിതമുഖങ്ങള്‍ കൈ വരുന്നു. എന്നാല്‍ പിറവിക്കു ശേഷം അവ നമ്മില്‍ നിന്ന് തീര്‍ത്തും അകന്നേ പോവുന്നു… കഥ വായിച്ച് സുഹൃത്തും നിരൂപകയുമായ ഡോ: റീജ രവീന്ദ്രന്‍ പറഞ്ഞു: കൂട്ടുകാരികള്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് സന്ദേഹിച്ചു, ഇതൊരു ലെസ്ബിയന്‍ കഥയല്ലേ എന്ന് ആത്മാവില്‍തൊട്ട് ഞാന്‍ സമര്‍ത്ഥിച്ചിട്ടും പുസ്തകത്തിന് അനുബന്ധമായി എഴുതിയ കുറിപ്പില്‍ ഡോ: റീജ നിരീക്ഷിച്ചു; തങ്ങളുണ്ടാക്കാന്‍ പോകുന്ന കിളിക്കൂടിലേക്ക് അച്ഛനെ സ്വാഗതം ചെയ്ത് ഖമറു വിവാഹത്തിന്റെ പതിവു രീതികള്‍ ആവര്‍ത്തിക്കുമ്പോള്‍ കൂട്ടുകാരികള്‍ തമ്മിലുള്ള ഈ അസാധാരണ ബന്ധത്തെ വായനക്കാര്‍ പുനഃപരിശോധിക്കുമെന്നു തീര്‍ച്ചയാണ്…
അന്ത്യത്തിലെ ഒറ്റവരിയില്‍ കഥയാകെ മാറ്റിമറിക്കപ്പെടുമ്പോള്‍ കഥാകൃത്ത് നിസ്സഹായനായിപ്പോകുന്നതായി ഞാനറിയുന്നു. തന്റെ പത്രസ്ഥാപനത്തിനകത്തെ ഞെരുക്കത്തിലും പീഡയിലും പെട്ടുഴലുമ്പോഴും കുടുംബത്തെ നന്നായി സ്‌നേഹിക്കുന്ന രാമഭദ്രനെ നിസ്സഹായനാക്കുന്ന കഥാന്ത്യവും അങ്ങനെ സംഭവിച്ചതാണ്:
ഖമറു അയാളുടെ വിറങ്ങലിച്ച കാല്‍തൊട്ടു വന്ദിച്ചു: അനുഗ്രഹിക്കണം അങ്കിള്‍…
മകള്‍ക്കു പിറകേ കൂട്ടുകാരിയും വാതില്‍ കടന്നു. പതിവു പോലെ അഞ്ചു മണിക്ക് ന്യൂസ് മീറ്റിങ്ങ് തുടങ്ങി. 13എ ലെ അമ്മുക്കുട്ടി യിലെ അപ്പൂപ്പനും തണുതണുപ്പിലെ സിസ്റ്റര്‍ ടെസ്സയും ഒക്കെ കഥാന്ത്യത്തില്‍ രാമഭദ്രനെപ്പോലെ, എന്നെ ശരിക്കും ഞെട്ടിച്ചുകൊണ്ടുതന്നെയാണ് നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചത്, സത്യം!