”കാലത്തിന്റെ നൈരന്ത്യത്തിനുമേല്‍ മനുഷ്യഭാവന തീര്‍ക്കുന്ന നിശ്ചല നിമിഷങ്ങളാണ് സാഹിത്യത്തിലെ ക്ലാസ്സിക് കൃതികള്‍. അവ എക്കാലവും പുതുമയോടെ നിലകൊള്ളുന്നു. വിസ്മയ ലോകങ്ങള്‍ തുറന്നുകാട്ടുന്നു. ഭാരതീയ ഭാഷകളില്‍ മലയാളത്തിന്റെ യശസ്സു വീണ്ടും ഉയര്‍ത്തുന്ന ഉദാത്തമായ സമാഹാരമാണ് ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച ലോക ക്ലാസിക് കഥകള്‍. ലോകസാഹിത്യത്തിന്റെ അസാധാരണമായ ചാരുത ഈ കഥകളിലൂടെ അനുഭവവേദ്യമാകും.
ക്ലാസിക്കുകള്‍ വായനക്കാര്‍ക്ക് ഒപ്പം വളരുന്ന രചനകളാണ്. കൗമാരത്തിന്റെ പുതുമകളിലും യുവത്വത്തിന്റെ ആവേഗങ്ങളിലും വാര്‍ദ്ധക്യത്തിന്റെ സംതൃപ്തികളിലും ആലുകതകളിലുമെല്ലാം അവ നമുക്ക് കൂട്ടാകുന്നു. എഴുത്തിന്റെ വിശാലലോകം തുറന്നുതരുന്ന ഈ കൃതി മാനവസംസ്‌കാരത്തിന്റയും ഭാവനയുടെയും ജീവിതത്തിന്റെയും വൈവിദ്ധ്യങ്ങളും ഭാഷാ പ്രയോഗത്തിലും ചിന്തയിലും ചര്യകളിലും ആചാരങ്ങളിലും ഉള്ള വൈജാത്യങ്ങളും വെളിപ്പെടുത്തുന്നു.
”ക്ലാസ്സിക്കുകള്‍ എന്തിനു വായിക്കണം?” എന്ന പ്രശസ്തമായ ലേഖനത്തിന്റെ പ്രാരംഭത്തില്‍ ഇറ്റാലോ കാല്‍വിനോ അവ യഥാര്‍ത്ഥത്തില്‍ വായിക്കപ്പെടുന്നില്ല എന്ന സൂചന നല്കുന്നുണ്ട്. പുനര്‍വായനയിലൂടെ നവലോകങ്ങള്‍ തുറന്നുതരുന്ന കൃതികളാണ് ക്ലാസ്സിക്കുകള്‍. ഓരോ വായനയിലും ആദ്യ വായനയില്‍ എന്നപോലെ നാം അവയില്‍ പുതിയതെന്തോ കണ്ടെത്തുന്നു. കഥകളുടെ ഈ ബൃഹദ് സമാഹാരം ലോകഭാഷകളിലെ ഏറ്റവും പ്രമുഖരായ എഴുത്തുകാരുടെ കൃതികളാണ് പരിചയപ്പെടുത്തുക.
ആദ്യകാല ചെറുകഥയുടെ പ്രാഗ്‌രൂപങ്ങളില്‍ തുടങ്ങുന്ന ഒന്നാം വാല്യം ലക്ഷണമൊത്തെ കഥയുടെ ഉപജ്ഞാതാവായ എഡ്ഗർ അലൻ പോയുടെ ”അഷര്‍ തറവാടിന്റെ തകര്‍ച്ചയും” സ്‌തോഭജനകവും ചരിത്രത്തിലെ ഭയാനകമായ ഒരു കാലഘട്ടത്തില്‍ തെളിയുന്ന നന്മയുടെ ചിത്രം വരയ്ക്കുന്ന ബല്‍സാക്കിന്റെ ”ഭീകര ഭരണകാലത്തെ ഒരു സംഭവവും” ഉള്‍പ്പെടുന്നു. തുടര്‍ന്ന് റഷ്യന്‍ സാഹിത്യത്തിന്റെ ഗതി നിര്‍ണ്ണയിച്ച കഥ എന്നറിയപ്പെടുന്ന ഗൊഗോളിന്റെ ”ഓവര്‍ക്കോട്ട്”, വാണിജ്യ സംസ്‌കാരത്തിന്റെ വിഹ്വലലോകം ചിത്രീകരിക്കുന്ന ഹെര്‍മന്‍ മെല്‍വിലിന്റെ ”എഴുത്തുഗുമസ്തന്‍ ബാര്‍ട്ടില്‍ബിയും” കടന്ന് മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹങ്ങളുടെയും ആര്‍ത്തിയുടെയും നിരര്‍ത്ഥകത വെളിപ്പെടുത്തുന്ന ”ഒരാള്‍ക്ക് എത്രയടി മണ്ണുവേണം?” എന്ന കഥയടക്കം ടോള്‍സ്റ്റോയിയുടെ കഥകളില്‍ അവസാനിക്കുന്നു. ലോകസാഹിത്യത്തിലെ മഹാരഥന്മാരായ വിക്ടര്‍ യൂഗോ, ദസ്തയേവ്‌സ്‌കി, പുഷ്‌കിന്‍, ഡിക്കന്‍സ് തുടങ്ങിയവരുടേതടക്കം 44 കഥകള്‍ ഈ വാല്യത്തിലുണ്ട്.
രണ്ടാംവാല്യത്തിലെ ആദ്യകഥ നോര്‍വെയിലെ ആദ്യനോവല്‍ ജേതാവായ ബ്യോണ്‍സ്റ്റേണ്‍ ബ്യോണ്‍സന്റെ ”അച്ഛനാ”ണ്. വികാരങ്ങളുടെ പ്രപഞ്ചം പറയാത്ത വാക്കുകളില്‍ ആവിഷ്‌ക്കരിക്കുന്ന ഈ കൃതി ചെറുകഥയുടെ ശില്പഭദ്രതയും വാക്കുകളില്ലാതെ വായനക്കാരുടെ മനസ്സില്‍ കഥ എഴുതപ്പെടുന്നതിന്റെയും ഒന്നാന്തരം ഉദാഹരണമാണ്.
ലൈംഗികതയുടെ വന്യതയാര്‍ന്ന ലോകങ്ങളുടെ അസാധാരണമായ ചിത്രം വരയ്ക്കുന്ന ജിയോവന്നി വെല്‍ഗയുടെ ”ചെന്നായ,” മോപ്പസാങിന്റെ പ്രകൃഷ്ട കൃതി എന്നറിയപ്പെടുന്ന ”നിലാവെട്ടം,” വിഭ്രാമകമായ ഇടങ്ങളിലൂടെ സ്‌നേഹത്തിന്റെ അഭാവവും അതിനായുള്ള അടക്കിവെച്ച ആഗ്രഹവും വെളിപ്പെടുത്തുന്ന സൂട്ട് ഹാംസൂണിന്റെ ”ജീവിതത്തിന്റെ വിളിയും” സ്വത്വബോധത്തിന്റെ മുന്നില്‍ അടിയറവു പറയുന്ന പ്രണയമെന്ന ദുര്‍ഗ്രാഹ്യമായ നിഗൂഢതയെ അവതരിപ്പിക്കുന്ന കെയ്റ്റ് ഷോപ്പിന്റെ ”ഒരു മണിക്കൂറിന്റെ കഥയും” ആണ്‍കോയ്മയുടെ നീരാളിപിടുത്തത്തില്‍ ഉന്മാദത്തിന്റെ അധോതലങ്ങളിലേക്ക് ആഴുന്ന സ്ത്രീമനസ്സിന്റെ നിസ്സഹായത വരച്ചുകാട്ടുന്ന ഷാര്‍ലറ്റ് പെര്‍ക്കിന്‍സ് ഗില്‍മാന്റെ ”മഞ്ഞവാള്‍പേപ്പറും”, ഘനീഭവിച്ച വിഷാദം മൂടല്‍മഞ്ഞുപോലെ നിറയുന്ന ചെക്കോവിന്റെ ”വാന്‍കയും” ഉള്‍പ്പെടുന്നു. 52 കഥകള്‍ ഉള്ള ഈ വാല്യത്തില്‍ മാര്‍ക് ട്വെയിന്‍, എമില്‍ സോള, അനറ്റോള്‍ ഫ്രാന്‍സ്, ഓസ്‌ക്കര്‍ വൈല്‍ഡ് ഇറ്റാലോ സ്വോവോ തുടങ്ങി അനേകം എഴുത്തുകാരുടെ മികച്ച രചനകളുണ്ട്.
59 കഥകള്‍ അടങ്ങുന്ന മൂന്നാം വാല്യത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖരായ സാഹിത്യകാര്‍ അണിനിരക്കുന്നു. ബെല്‍ജിയന്‍ നോബല്‍ ജേതാവ് മോറിസ് മദേര്‍ലങ്ങിന്റെ ”നിഷ്‌ക്കളങ്കരുടെ കൂട്ടക്കുരുതി”, ജാപ്പനീസ് സാഹിത്യത്തിലെ വേറിട്ട ശബ്ദമായ നാറ്റ്‌സുമി സൊസേകിയുടെ വിസ്മയകരമായ ”മൂന്നാമത്തെ രാത്രി”, ലോകത്തിലെ ഏറ്റവും മികച്ച കഥകളിലൊന്ന് എന്നറിയപ്പെടുന്ന മാക്‌സിം ഗോര്‍ക്കിയുടെ ”ഇരുപത്താറാണുങ്ങളും ഒരു പെണ്ണും”, ജാക്ക് ലണ്ടന്റെ ”ഒരു കഷണം ഇറച്ചിയും” ഒ. ഹെന്റിയുടെ ഏറ്റവും മികച്ച കഥകളുമുണ്ട്. നോബല്‍ സമ്മാനാര്‍ഹരായ ഇറ്റലിയിലെ ലൂയിജി പിറാന്‍ഡെല്ലോ, ജോണ്‍ ഗാല്‍സ്‌വര്‍ത്തി, ഡബ്ലിയു ബി. യേറ്റ്‌സ്, തോമസ്മന്‍ എന്നിവരുടെ കഥകളും ഈ വാല്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
തൃഷ്ണയുടെ കൊടുംകാട്ടിലെ വന്‍മരങ്ങള്‍ ഉലയുന്നത് വിദൂരവീക്ഷണത്തില്‍ ചലനമറ്റ മഹാമേരുവിന്റെ ദൃശ്യമായി തോന്നുന്നതുപോലെ കാമനയുടെ സൂക്ഷ്മഭാവങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന മഷാദു ഡി അസീസിന്റെ ”പാതിരാകുര്‍ബാന”യാണ് നാലാം വാല്യത്തിലെ ആദ്യകഥ. റോബര്‍ട്ട് മ്യൂസിലിന്റെ ”ഗ്രിഗിയ”, ജെയിംസ് ജോയ്‌സിന്റെ ”അറബി” കാഫ്കയുടെ പ്രശസ്തമായ ”രൂപാന്തരീകരണം” കുറസോവയുടെ റാഷോമണിന് ആദാരമായ അഗുതഗാവയുടെ ”ഒരു കാട്ടില്‍” ചെമ്പാറെ പാവേസയുടെ ”വിവാഹയാത്ര” അല്‍ബേര്‍ കാമ്യുവിന്റെ വിഹ്വലതയുണര്‍ത്തുന്ന ”ഒറ്റുകാരന്‍” എന്നിവ ആധുനിക കഥയുടെ രൂപപരിണാമങ്ങളും ജീവിതത്തിന്റെ ചടുലതയും ആകുലതയിലാണ്ട ഇരുള്‍ നിലങ്ങളും വെളിപ്പെടുത്തുന്നു. ആര്‍തര്‍ ഷിനിറ്റ്‌സര്‍, ഹൊറേഷ്യാ ക്വിഗോറ, വിര്‍ജീനിയ വുള്‍ഫ്, ഖലീല്‍ ജിബ്രാന്‍, ബ്രൂണോ ഷുള്‍സ് ഇസാക് ബാബേല്‍, സാര്‍ത്ര് തുടങ്ങിയ ഹാസ്യത്തിന്റെ നവചാരുതയാര്‍ന്ന ജിയോവന്നി ഗ്വാരേഷ്‌കിയുടെ ഡോണ്‍ കാമിലോ കഥകളും അമേരിക്കന്‍ സാഹിത്യത്തിലെ വ്യത്യസ്തയാര്‍ന്ന ശബ്ദമായ റിങ് ലാര്‍ഡ്‌നെറും ഈ വാല്യത്തില്‍ പ്രത്യക്ഷരാകുന്നു.
എം.ടി.യും സക്കറിയയും സേതുവും ഉള്‍പ്പെടെ മലയാള സാഹിത്യത്തിലെ പ്രമുഖരായ എഴുത്തുകാര്‍ ഈ കഥകള്‍ വിവര്‍ത്തനം ചെയ്യുവാന്‍ തയ്യാറായി എന്നതുതന്നെ ഈ സമാഹാരത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. എന്‍.എസ്.മാധവന്‍, വി.പി.ശിവകുമാര്‍, സി.വി.ബാലകൃഷ്ണന്‍ ,അയ്മനം, ജോണ്‍, ബി. മുരളി, മനോജ്കുറൂര്‍, എസ്.ഹരീഷ്, പ്രമോദ് രാമന്‍ തുടങ്ങിയ സാഹിത്യകരോടൊപ്പം മലയാളത്തിലെ പ്രമുഖ വിവര്‍ത്തകരാണ് ഈ സമാഹാരത്തിലെ കഥകള്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. സാഹിത്യാസ്വാദകര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഈ ഗ്രന്ഥം ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച കഥകളിലൂടെ കലയുടെ സൗന്ദര്യം പ്രകാശിപ്പിക്കുന്നു.”
ഡിമൈ 1/8 സൈസില്‍, നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളിലുമായാണ് ലോക ക്ലാസിക് കഥകള്‍ തയ്യാറാക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ മുഖവില 4000 രൂപയാണ്. പോസ്റ്റ് പബ്ലിക്കേഷൻ വില 2799/- രൂപയാണ്. ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് പുസ്തകം 2949 രൂപയ്ക്ക് ലഭിക്കും. പോസ്റ്റ് പബ്ലിക്കേഷൻ ഓഫർ ഏപ്രിൽ 30 വരെയാണ്. നിങ്ങളുടെ കോപ്പികൾ ഇന്ന് തന്നെ ഉറപ്പാക്കാം. മികച്ച അച്ചടി നിലവാരത്തിലുള്ള പുസ്തകം പരിശോധിച്ചശേഷം വായനക്കാര്‍ക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗ്രന്ഥാവലി കാണുവാനും വായിക്കാനുമുള്ള അവസരം കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ് കറന്റ്ബുക്‌സ് ശാഖകളില്‍ ലഭ്യമാണ്. വായനയെ സ്നേഹിക്കുന്നവർക്ക് എന്നും ഒരു മുതൽകൂട്ടായിരിക്കും ഈ ഗ്രന്ഥാവലി