നമ്മുടെ ഭാവിയെപ്പറ്റിയുള്ള ഉത്തരവാദിത്തങ്ങളില്‍നിന്നും യുവതലമുറ പിന്നാക്കം നില്‍ക്കുകയാണോ? ചോദ്യമുന്നയിക്കാനുള്ള കാരണം വിദ്യാഭ്യാസം നേടിയവരുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഉയര്‍ന്നവിദ്യാഭ്യാസയോഗ്യതയുള്ളവര്‍ രാഷ്ട്രീയത്തിലും ഭരണത്തിലും താക്കോല്‍സ്ഥാനങ്ങളിലെത്തുന്നില്ല എന്നു കാണുന്നതിനാലാണ്. സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിന്റെ സമകാലികാവസ്ഥകളില്‍ രാഷ്ട്രീയപ്രവര്‍ത്തകരുടെ, പ്രത്യേകിച്ചും ജനപ്രതിനിധികള്‍ മുതല്‍ മന്ത്രിപദവിയും പ്രധാനമന്ത്രി, രാഷ്ട്രപതി സ്ഥാനങ്ങള്‍ വരെയും വഹിക്കുന്നവരെക്കുറിച്ചുള്ള വിദ്യാഭ്യാസയോഗ്യതകളും മറ്റും ചര്‍ച്ചചെയ്യുമ്പോള്‍ മുന്‍ കേന്ദ്രമന്ത്രിയും ഐക്യരാഷ്ട്രസംഘടനാ ഉദ്യോഗസ്ഥനുമായിരുന്ന, നിലവിലെ ലോകസഭാംഗം കൂടിയായ ശശി തരൂര്‍ അഭിപ്രായപ്പെടുന്നത് വിദ്യാസമ്പന്നരായ ഇന്ത്യന്‍ യുവത്വം രാഷ്ട്രീയത്തിനുകൂടി അവരുടെ പ്രധാന പരിഗണനകള്‍ക്കകത്തുതന്നെ സ്ഥാനം നല്‍കണമെന്നാണ്.
തന്റെ ഗ്രന്ഥമായ ‘ഇന്ത്യ ശാസ്ത്ര‘യില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു, ‘യൂറോപ്പിലാകെ, രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കുന്നത് മദ്ധ്യവര്‍ഗ്ഗത്തില്‍നിന്നുള്ളവരാണ്. രാഷ്ട്രീയ കാര്യാലയത്തിലേക്കുള്ള പ്രവര്‍ത്തകരും വോട്ടര്‍മാരും സ്ഥാനാര്‍ത്ഥികളുമെല്ലാം അവര്‍തന്നെയാണ്. മിക്ക പാശ്ചാത്യ ജനാധിപത്യങ്ങളിലും രാഷ്ട്രീയം മദ്ധ്യവര്‍ഗ്ഗത്തിന്റെ ഒരു കര്‍മ്മമാണ്.’ എന്നാല്‍ ഇവിടെ ‘ഇന്ത്യയില്‍ നമ്മുടെ മദ്ധ്യവര്‍ഗ്ഗത്തിന് പ്രവര്‍ത്തനത്തിനു മയമോ (രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ തൊഴില്‍മേഖലയില്‍ അവര്‍ തിരക്കിലാണ്) രാഷ്ട്രീയത്തില്‍ എണ്ണുവാന്‍ വേണ്ടത്ര പണമോ വോട്ടോ ഇല്ല. പണം മുകളിലാണ് ഒഴുകുന്നത്, തട്ടുകളായുള്ള നമ്മുടെ സമൂഹത്തില്‍ വോട്ട് താഴെയാണ് കിടക്കുന്നത്.’ അതിന്റെ ഫലമോ, ഇവിടെ രാഷ്ട്രീയക്കാര്‍ ‘അമാനുഷജീവികളെന്നനിലയില്‍ നുണപറയാനും ചതിക്കാനും അപഹരിക്കാനും വലിയ കൃത്രിമത്വം നടത്താനും വിവാഹേതര ബന്ധങ്ങളിലേര്‍പ്പെടാനും നികുതിവെട്ടിപ്പു നടത്താനും അവര്‍ക്ക് വലിയ അധികാരം ലഭിക്കുന്നു. കൊലപാതകം മാത്രമേ അല്പം ബുദ്ധിമുട്ടുള്ള കാര്യമായിട്ടുള്ളൂ.’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അതുകൊണ്ട് അദ്ദേഹം യുവാക്കളോട്, പ്രത്യേകിച്ചും ഏറ്റവും മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നേടിയ യുവാക്കളോട് ഉപദേശിക്കുന്നത്, ‘ഇന്ത്യയുടെ ഭാവിയെക്കുറിച്ചുചിന്തിക്കുമ്പോള്‍ രാഷ്ട്രീയത്തില്‍ ഉള്‍പ്പെടുന്നതിനെക്കുറിച്ചും ചിന്തിക്കുക. രാജ്യത്തിനു നിങ്ങളെ ആവശ്യമുണ്ട്.’ എന്നാണ്.
ശശി തരൂര്‍ ചൂണ്ടിക്കാണിക്കുന്ന ചില ഉദാഹരണങ്ങളും ശ്രദ്ധേയമാണ്, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയവരില്‍ അവസാനത്തെ 12 പേരില്‍ മൂന്നുപേരൊഴിച്ച് എല്ലാവരും രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളായ ഹാര്‍വാര്‍ഡിലോ യേല്‍ സര്‍വ്വകലാശാലയിലോ പഠിച്ച് ഉന്നതവിദ്യാഭ്യാസം നേടിയവരാണ്. അതേപോലെ ഇവിടെയും വിവിധ ഐ ഐ ടികളിലും സെന്റ് സ്റ്റീഫന്‍സ് പോലുള്ള സ്ഥാപനങ്ങളിലും പഠിച്ചിറങ്ങുന്നവര്‍ രാഷ്ട്രീയത്തിലേക്കെത്തണം എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ചെറുപ്പക്കാരുടെ തലമുറ ആ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ടു വരണം. ഇന്നു കേരളത്തില്‍പ്പോലും മന്ത്രിമാര്‍ തങ്ങളുടെ സ്ഥാനങ്ങള്‍ക്കും ഔദ്യോഗിക പദവികള്‍ക്കും നിരക്കാത്ത പ്രസ്തവനകളും പെരുമാറ്റങ്ങളും കാണുമ്പോള്‍ യുവത കൂടുതല്‍ ഉത്തരവാദിത്തപരമായ രാഷ്ട്രീയധര്‍മ്മങ്ങള്‍ വഹിക്കേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു.
രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥ, രാഷ്ട്രീയം, വിദേശനയം, പൗരാവകാശങ്ങള്‍, മാധ്യമനയങ്ങള്‍, ഭരണം തുടങ്ങിയ പല രംഗങ്ങളിലും രൂപപരിണാമങ്ങള്‍ സംഭവിക്കുന്ന ഇക്കാലത്ത് പ്രസക്തമായ ചില രാഷ്ട്രചിന്തകള്‍ ചര്‍ച്ചവയ്ക്കുന്ന കൃതിയാണ് ശശി തരൂരിന്റെ ‘ഇന്ത്യ ശാസ്ത്ര‘. അദ്ദേഹത്തിന്റെ മുന്‍കാല രചനകളായ ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ടുവരെ, പുതുയുഗം പുതു ഇന്ത്യ എന്നിവയുടെ തുടര്‍ച്ചപോലെ എഴുതിയ ഈ ഗ്രന്ഥം സമകാലികഇന്ത്യന്‍ സാഹചര്യങ്ങളെ അതിന്റെ ഭൂതകാലത്തിന്റെ വെളിച്ചത്തിലും ഭാവിയെക്കുറിച്ചുള്ള വീക്ഷണത്തിലും വിചാരവിശകലനത്തിനു വിധേയമാക്കുന്നു.