മാനവികതയുടെ ഭാവഗായകനായും പ്രകൃതിയുടെ ജീവഗീതകനായും മലയാളി മനസ്സില്‍ നിറഞ്ഞുനിന്ന ഒ.എന്‍.വിയുടെ അന്ത്യകാലഘട്ടത്തിലെ കവിതകളുടെ സമാഹാരമാണ് അനശ്വരതയിലേക്ക്. മാറിമാറിവന്ന സാഹിത്യ പ്രസ്ഥാനങ്ങളുടെ താല്‍ക്കാലികതയില്‍ പങ്കുചേരാതെ പാടുക എന്നതാണ് തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ് മരണമെത്തുംവരെ അതു നിര്‍വഹിച്ച കവിയാണദ്ദേഹം. വാര്‍ദ്ധക്യകാല രോഗപീഡകളാല്‍ ശയ്യാവലംബിയായിട്ടും അദ്ദേഹത്തിന്റെ കാവ്യധാര പ്രവഹിച്ചുകൊണ്ടേയിരുന്നു. അതിനുദാഹരണമാണ് ഈ കവിതാസമാഹാരം. പ്രകൃതിയുടെയും സമൂഹത്തിന്റെയും ഒരോ സ്പന്ദനങ്ങളെയും പിടിച്ചെടുത്തുകൊണ്ട് സ്വര്‍ഗ്ഗഭാവനയുടെ മായാസരസ്സിലിരുന്നുകൊണ്ട് അവയെ മനുഷ്യര്‍ക്കായി പാടിപ്പകര്‍ന്നു നല്കുന്നു കവി. നാം അറിഞ്ഞതും അറിയാതെപോയതുമായ സാമൂഹിക ചലനങ്ങളെ പുതിയൊരു അവബോധത്തോടെ ഉള്‍ക്കൊള്ളാന്‍ നമ്മെ അനുഭവപ്പെടുത്തുകയാണ് ഈ കവിതകള്‍.
ഞാന്‍ ഭൂമിയാകുന്നു, ആരു നീ ദ്രൗപദീ, പോറ്റിസ്റ്റാര്‍, കടല്‍ക്കരയില്‍, ആരിനീ ഗോപികേ..,ഹനുമാന്‍, ഒരു പ്രാര്‍ത്ഥാഗീതം, മെഹര്‍, ഒരു നഷ്ടലോകത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന ‘അഞ്ച് ഗീതങ്ങള്‍’, മൃണാളിനി സാരാഭായിയുടെ അന്ത്യത്തെ അനുസ്മരിച്ചുകൊണ്ടെഴുതിയ ‘അനശ്വരതയിലേക്ക്’ തുടങ്ങി മുപ്പതില്‍പ്പരം കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.
തന്റെ കവിതകളെ കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു; കവിത എന്റെ ആത്മദര്‍പ്പണമാണ്-എന്റെ ആശാനൈരാശ്യങ്ങളും മോഹങ്ങളും ആകുലതകളുമൊക്കെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഞാന്‍ നില്‍ക്കുന്ന ഇടമാണ് ഏറ്റവും സാന്ദ്രമായ എന്റെ അനുഭവങ്ങളുടെ ഉറവിടം. ഏറ്റവും തീവ്രമമായ സ്വകാര്യാനുഭൂതികള്‍ എന്ന ഒരു വലയം-അതിനുചുറ്റം ദേശീയമായ ശുഭാശുഭാനുഭങ്ങളുടേതായ മറ്റൊരു വലയം- അതിനേക്കാള്‍ കുറേക്കൂടി, എന്നാല്‍ സര്‍വ്വം സ്പര്‍ശിയായി മൂന്നാമതൊരു വലയം- പ്രാപഞ്ചികമെന്നിതിനെ സൗകര്യപൂര്‍വ്വം വിളിക്കാം.പ്രതീക്ഷയുണര്‍ത്തുന്ന കുറേ സംഭവവികാസങ്ങള്‍ ലോകത്തെവിടെയും എല്ലാ കാലത്തും ഉണ്ടാവുന്നുണ്ട്- മനുഷ്യന്‍മൂലം പ്രകൃതിയില്‍ സംഭവിക്കുന്ന ദുരന്തങ്ങളും യുദ്ധങ്ങളും ഭീകരാക്രമണങ്ങളും മറ്റും മനസ്സില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നു. ഈ മൂന്നു വയലങ്ങളിലെ എന്റെ അനുഭവസാക്ഷ്യങ്ങള്‍ ഏറിയും കുറഞ്ഞും ഈ സമാഹാരത്തിലെ കവിതകളിലുണ്ട്.
കൂടാതെ ശബ്ദം പരിക്ഷീണമാകുന്നുവോ? അതോ ഹംസഗാനത്തിലെന്നപോലെ ഉറക്കെയാകുന്നുവോ? ഇങ്ങനെയെല്ലാം പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ കവി ചോദിക്കുന്നുണ്ട്. എങ്കിലും
‘മണ്‍വിളക്കുകള്‍ വിട്ടു പാറിപ്പോം
പ്രകാശത്തെ പിന്‍തുടരുമ്പോള്‍
കൂട്ടിന്നെനിക്കീ പാട്ടാണല്ലോ,
മര്‍ത്യത നഷ്ടപ്പെട്ടതെങ്ങെന്നു തിരയുവാന്‍
കത്തിച്ചുപിടിച്ച കൈവിളക്കുമിപ്പാട്ടല്ലോ,
കൂട്ടിനു പോരാറുള്ളതെനിക്കിപ്പാട്ടാണല്ലോ,
പാട്ടിതെന്‍ കൂടപ്പിറപ്പാണെന്റെ നിഴലല്ലോ’ എന്നു എന്നും കവി പാടുന്നു.
കാലംകഴിഞ്ഞ, കുപ്പയിലെറിയാന്‍മാത്രം കൊള്ളുന്നതാണ് തന്റെ കവിതയെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള ഒരു മറുപടി കവിതയുണ്ട് ഈ സമാഹാരത്തില്‍. അതിങ്ങനെയാണ്:
എക്‌സ്‌പൈറി ഡേറ്റ്
എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞൊരാസാധനം
കുപ്പയിലേക്കു വലിച്ചെറിയൂ!
എന്റെ കവിതയെപ്പറ്റിയാ പണ്ഡിതന്‍
നിന്ദിച്ചുചൊന്നതു ഞാന്‍ കേട്ടു.
എക്‌സ്‌പൈറി ഡേറ്റിനരികിലെത്തുന്നൊരാള്‍
അത്യന്ത നൂതനമെന്തഴുതാന്‍!
എന്നെ നിന്ദിച്ചോളൂ പാടുകയെന്നതാ
ണെന്റെ നിയോഗം! ഞാന്‍ പാടുന്നു…
എന്റെ എക്‌സ്‌പൈറി നേരായ് വരുവോളം!
എന്‍പ്രിയ ഭൂമി ജീവിക്കുവോളം..!( കലാകൗമുദിക്ക് അയക്കാനായി എഴുതിവെച്ച കവിതയാണിത്.)
ഇങ്ങനെ ഒഎന്‍വി തന്റെ അവസാന നാളുകളില്‍ എഴുതിയ എല്ലാ കവിതകളും ഉള്‍പ്പെടുത്തിയാണ് ഡി സി ബുക്‌സ് അനശ്വരതയിലേക്ക് പ്രസിദ്ധീകരിച്ചത്. 2016 മെയില്‍ പുറത്തിറങ്ങിയ ഈ കാവ്യസമാഹാരത്തിന്റെ രണ്ടാമത് പതിപ്പും പുറത്തിറങ്ങി.