‘എന്റെ പ്രിയപ്പെട്ട രവി …. അവനിപ്പോൾ , ഞാനിങ്ങനെയൊക്കെ അവനെ ഓർക്കുമ്പോൾ അടുത്തുതന്നെ ഉണ്ടായിരിക്കണം അല്ലാതെ എവിടെ പോകാൻ. രവിയുടെ നല്ല നല്ല പാട്ടുകൾ ഇനിയുമുണ്ട് …. ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലെ വാനമ്പാടി … എന്ന് തുടങ്ങുന്ന ഗാനം രവിയുടെ വളരെ വ്യത്യസ്തമായ ഒരു സൃഷ്ടിയാണ്.ഏതോ നിദ്രതൻ …., നിറങ്ങളേ പാടൂ ….
ശ്രീകുമാരൻ തമ്പിയുടെ വരികൾ
ഇന്നുമെന്റെ കണ്ണുനീരിൽ
നിന്നോർമ്മ പുഞ്ചിരിച്ചു..
ഈറൻമുകിൽ മാലകളിൽ
ഇന്ദ്രധനുസ്സെന്നപോലെ
ദാസേട്ടൻ നന്നായി പാടിയ ഗാനം … അതെ എന്റെ കണ്ണീരിൽ തന്നെയാണ് ഇന്നും രവിയുടെ ഓർമ്മകൾ പുഞ്ചിരിക്കുന്നത്.’
മലയാളത്തിലെ എക്കാലത്തെയും മികച്ച ഗായകൻ പി ജയചന്ദ്രന്റെ കണ്ണുനീരിൽ ഇന്നും രവീന്ദ്രൻ മാഷിൻറെ ഓർമ്മകൾ ജ്വലിച്ചു നിൽക്കുന്നു. കർണ്ണാടക സംഗീതം അഭ്യസിച്ചിട്ടുണ്ടോ എന്ന ദേവരാജൻ മാസ്റ്ററുടെ ചോദ്യത്തിന് മുന്നിൽ പകച്ചു നിന്ന ആ കൗമാരക്കാരന്റെ പേര് സംഗീതത്തിൽ ഇന്ന് ദേശീയ തലം വരെ എത്തിച്ചേർന്നത് ഒരു നിയോഗം പോലെയായിരുന്നു. സംഗീതം അഭ്യസിക്കാതെ തന്നെ സിനിമാ പിന്നണിഗാന രംഗത്തെ സ്നേഹഗായകൻ എന്ന പ്രശസ്‌തിയിലേക്ക് ഉയർന്നതും ആസ്വാദകർ ഉയർത്തിയതും എല്ലാം ഈശ്വര നിയോഗമായിരിക്കാം. ഏകാന്ത പഥികൻ ഞാൻ എന്ന ആത്മകഥയിൽ പി ജയചന്ദ്രൻ ഓർമ്മകളിലെ ആ ധനുമാസ ചന്ദ്രികയിലേക്ക് തിരിഞ്ഞു നോക്കുകയാണ്.
സംഗീതം കേൾക്കുകയും ആസ്വദിക്കുകയും മാത്രം ചെയ്ത പി ജയചന്ദ്രൻ ജന്തുശാസ്ത്രത്തിൽ ബിരുദവുമായി ചെന്നൈ പട്ടണത്തിലേക്ക് വണ്ടി കയറിയത് നല്ലൊരു ജോലി സമ്പാദിച്ച് ജീവിക്കാനാണ്. നന്നായി മൃദംഗം വായിക്കും , ലളിതഗാനങ്ങൾ ആലപിക്കും എന്നത് മാത്രമായിരുന്നു സംഗീതത്തിൽ പി ജയചന്ദ്രന് എടുത്തുപറയാവുന്നതായി ഉണ്ടായിരുന്നത്. തൊഴിലന്വേഷണത്തിനിടയില്‍ ഒരു ഗാനമേളയില്‍ പാടിയതാണ് ജയചന്ദ്രന്റെ സിനിമാ പിന്നണിഗായക രംഗത്തേക്കുള്ള ആദ്യപടി .അദ്ദേഹത്തിന്റെ പാട്ട് കേള്‍ക്കാനിടയായ സംവിധായകന്‍ വിന്‍സെന്റും നിര്‍മ്മാതാവ് ശോഭനാ പരമേശ്വരന്‍ നായരും ജയചന്ദ്രനെ വിളിച്ചുവരുത്തി. കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പാടിക്കൊണ്ടാണ് ജയചന്ദ്രന്‍ ആലാപനരംഗത്ത് എത്തിയത്. പി.ഭാസ്‌കരന്റെ വരികള്‍ക്ക് ചിദംബരനാഥ് ഈണം പകര്‍ന്ന ആ ഗാനം ജയചന്ദ്രന്‍ മനോഹരമായി പാടിയെങ്കിലും ജയചന്ദ്രന്റേതായി ആദ്യമായി പുറത്തുവന്ന ഗാനം കളിത്തോഴൻ എന്ന ചിത്രത്തിൽ മലയാളികൾ നെഞ്ചോട് ചേർത്ത മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനമായിരുന്നു.
യേശുദാസ് പാടാൻ പോകുന്ന ഗാനമാണ് അതെന്നും ഒരു പരിശീലനത്തിന് വേണ്ടി മാത്രം പാടി പഠിച്ചാൽ മതിയെന്നുമുള്ള ദേവരാജൻ മാസ്റ്ററുടെ നിർദേശമുണ്ടായിരുന്നു. എന്നാൽ രാവും പകലും ചുണ്ടിൽ നിന്നും മായാതെ മഞ്ഞലയിൽ മനസ്സ് നീരാടുകയായിരുന്നു. പാടുംതോറും ആ ഗാനത്തോട് കൂടുതൽ കൂടുതൽ അടുക്കുകയായിരുന്നു ജയചന്ദ്രൻ. അവസാനം മഞ്ഞലയിൽ മുങ്ങിത്തോർത്തി ….. മൈക്കിൽ പാടാൻ മാസ്റ്റർ ആവശ്യപ്പെട്ടപ്പോൾ ഒറിജിനൽ പാടുകയാണെന്നറിയാതെ പ്രണയ വിരഹം നിറഞ്ഞ കാമുകനെയോർത്ത് ജയചന്ദ്രൻ ലയിച്ചു പാടി. പിന്നീടാണ് അറിഞ്ഞത് ആ പാട്ട് മാസ്റ്റർ ജയചന്ദ്രനു വേണ്ടി ചിട്ടപ്പെടുത്തിയതാണെന്ന്.
തന്റെ കുട്ടിക്കാലം മുതല്‍ പാട്ടിന്റെ ലോകത്തേക്ക് നടന്നുതീര്‍ത്ത വഴികള്‍ വരെ ഏകാന്തപഥികന്‍ ഞാന്‍ എന്ന പുസ്തകത്തിലൂടെ പി.ജയചന്ദ്രന്‍ ഓര്‍ത്തെടുക്കുന്നു. ഓരോ പാട്ടും തന്റെ ഹൃദയത്തോട് ചേര്‍ത്തുവെച്ച് പാടിയാണ് അവയെ അദ്ദേഹം ജനമനസ്സില്‍ എത്തിച്ചതെന്ന് ഈ ആത്മകഥയിലൂടെ വ്യക്തമാകുന്നു. തന്നോടൊപ്പം പാടിയവര്‍, ഗാനരചയിതാക്കള്‍, സംഗീതസംവിധായകര്‍ എന്നിവരുമായുള്ള ബന്ധങ്ങളെക്കുറിച്ച് അദ്ദേഹം പറയുമ്പോള്‍ ഈ പുസ്തകം മലയാള സിനിമാ സംഗീതശാഖയുടെ ചരിത്രമായി മാറുന്നു.
ജയചന്ദ്രന്‍ പാടിയ മലയാള സിനിമാഗാനങ്ങൾ കൂടി ഉൾപ്പെടുത്തിയ ആത്മകഥ തയ്യാറാക്കിയത് അധ്യാപകനും എഴുത്തുകാരനുമായ വിനോദ് കൃഷ്ണനാണ്. 2016 മെയിൽ ആണ് ഡി സി ബുക്സ് ആദ്യമായി ഏകാന്തപഥികൻ ഞാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഇപ്പോൾ പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് പുറത്തിറങ്ങിയിരിക്കുന്നത്.