ഒരു മനുഷ്യന്റെ ജീവിതത്തിലെ സമസ്ത മണ്ഡലങ്ങളെയും സ്വാധീനിക്കാൻ കഴിയുന്നു എന്നതാണ് ‘റെക്കി’ എന്ന പേരിലറിയപ്പെടുന്ന ഔഷധരഹിത രോഗചികിത്സാ സമ്പ്രദായത്തിന്റെ ഏറ്റവും പ്രധാന ഗുണം. സീനിയര്‍ റെക്കി മാസ്റ്ററായ ഡോ വി.ശശിധരന്‍മേനോന്‍ എഴുതിയ പുസ്തകമാണ് ‘റെക്കി സ്വയം അനുഷ്ഠിക്കാവുന്ന ഔഷധരഹിത ചികിത്സ’. മാനരാശിക്കു ലഭിച്ചിരിക്കുന്ന അമൂല്യമായൊരു അനുഗ്രഹമായാണ് ഔഷധരഹിത ചികിത്സയായ റെക്കിയെ കാണുന്നത്. രോഗശമനം ഉണ്ടാവുക മാത്രമല്ല ജീവിതത്തിലുണ്ടാവുന്ന മറ്റ് എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇതുവഴി പരിഹാരം കണ്ടെത്താനാവും എന്നത് റെക്കി ചികിത്സാരീതിയെ വ്യത്യസ്തമാക്കുന്നു.
ജപ്പാനിലെ ക്യോട്ടോ നഗരത്തില്‍ ജീവിച്ചിരുന്ന മികാവു ഉസൂയിയാണ്(18651926) റെക്കി എന്ന പേരിലറിയപ്പെടുന്ന ഔഷധരഹിത രോഗ ചികിത്സാസമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്. ഔഷധരഹിത ചികിത്സാരീതിയായ റെക്കിയിലൂടെ മനുഷ്യന്റെ ശരീരത്തെ ബാധിച്ചിരിക്കുന്ന രോഗത്തിനു ശമനം ലഭിക്കുന്നു എന്നതിലും ഉപരിയായി ആ വ്യക്തിയെ സര്‍വ്വതോന്മുഖമായ നന്മയിലേക്ക് നയിക്കുന്നു.
എന്താണ് റെക്കി, ചികിത്സാരീതി, തത്ത്വങ്ങള്‍, റെക്കി പഠിതാവ് അനുഷ്ഠിക്കേണ്ട പ്രധാന കാര്യങ്ങള്‍ തുടങ്ങിയവ ലളിതമായ ഭാഷാശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്ന പുസ്തകമാണ് ‘റെക്കി സ്വയം അനുഷ്ഠിക്കാവുന്ന ഔഷധരഹിത ചികിത്സ. ഒരു വ്യക്തി തന്റെ ജീവിതത്തില്‍ നേരിടുന്ന സര്‍വവിധ പ്രശ്‌നങ്ങള്‍ക്കും റെക്കിയുടെ പ്രയോഗത്തിലൂടെ പരിഹാരം കണ്ടെത്തുന്നു. റെക്കിയെ അറിയുവാന്‍ താല്‍പര്യമുളളവര്‍ക്ക് റെക്കിയെക്കുറിച്ചുളള വ്യക്തവും സമഗ്രവുമായ അറിവ് ഈ പുസ്തകം പ്രദാനം ചെയ്യുന്നു.
മനുഷ്യ മനസിനെ ഫലപ്രദമായി സ്വാധീനിക്കുവാനുള്ള റെക്കിയുടെ കഴിവിനെ വെല്ലാൻ ഇന്ന് നിലവിലുള്ള മറ്റേതൊരു ചികിത്സാ സമ്പ്രദായത്തിനും സാധ്യമല്ല എന്നാണു അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ വി.ശശിധരന്‍മേനോന്‍ പറയുന്നത്. ശരീരത്തിൽ രോഗാവസ്ഥ സൃഷ്ടിക്കുവാനും പിടിപെട്ടരോഗത്തെ മാറ്റാൻ ശരീരം നടത്തുന്ന പരിശ്രമങ്ങൾക്കു തടസ്സങ്ങൾ സൃഷ്ടിക്കാനും കാരണക്കാരനായ മനുഷ്യ മനസിനെ , സ്നേഹത്തിന്റെയും , സമാധാനത്തിന്റെയും , സന്തോഷത്തിന്റെയും അടിത്തറയിൽ പുനഃസ്ഥാപിക്കാൻ കഴിയുന്ന ഒരേയൊരു ഉപാധിയാണ് റെക്കി എന്നും വി.ശശിധരന്‍മേനോന്‍ ‘റെക്കി സ്വയം അനുഷ്ഠിക്കാവുന്ന ഔഷധരഹിത ചികിത്സ’ എന്ന തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു