ലൈംഗികത…എന്ന വാക്ക് കേട്ടാല്‍ എല്ലാമലയാളികളും ആദ്യം മുഖംചുളിക്കും പിന്നെ അയ്യേ..ശ്ശേ..എന്നോക്കെ പിറുപിറുക്കുകയും ചെയ്യും. ഇതൊക്കെ ആള്‍ക്കൂട്ടത്തിലാണെന്നുമാത്രം. അല്ലാത്തപ്പോള്‍ ഈ വാക്കു ഇക്കിളിപ്പെടുത്തും പോലെ തോന്നും. ഒളിഞ്ഞും തെളിഞ്ഞും കാണാനും കേള്‍ക്കാനും ആഗ്രഹിക്കും. ആണായാലും പെണ്ണായാലും ഇതാണ് മലയാളിയുടെ പൊതുസ്വഭാവം…!
കപടമായൊരു സദാചാരബോധത്തിന്റെ സാമൂഹിക പശ്ചാത്തലത്തിലാണ് മലയാളി തന്റെ ലൈംഗികകാമനകളുമായി ജീവിക്കുന്നത്. ലൈംഗികത എന്നത് മലയാളിക്ക് പുറത്തുപറയാന്‍ പാടില്ലാത്ത ഏതോ പാപത്തിന്റെ കനിയാണ്. അതുകൊണ്ട് തന്നെ ഒരുപാട് അടിച്ചമര്‍ത്തപ്പെടലുകളിലേക്കും വിലക്കുകളിലേക്കും അത് ന്യൂനീകരിക്കപ്പെടുകയും ലൈംഗികതയെക്കുറിച്ചുള്ള സ്‌നേഹാധിഷ്ഠിതമായ ഇണക്കങ്ങള്‍ക്കുപകരം ആക്രമണങ്ങളിലേക്ക് എത്തപ്പെടുകയും ചെയ്യുന്നു. കപടമായ സദാചാരബോധംകൊണ്ട് പൊതിഞ്ഞുപിടിച്ച മലയാളി ലൈംഗികതയെക്കുറിച്ചുള്ള നഗ്നസത്യങ്ങള്‍ അവതരിപ്പിക്കുകയാണ് മലയാളി ലൈംഗികത എന്ന പുസ്തകത്തിലൂടെ കെ ആര്‍ ഇന്ദിര. സ്‌ത്രൈണകാമസൂത്രത്തിന്റെ രചനാകാരിയാണ് കെ ആര്‍ ഇന്ദിര.
കേരളപ്പിറവിയുടെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന കേരളം 60 പുസ്തക പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് മലയാളി ലൈംഗികത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഒരുകുഞ്ഞ് ജനിച്ചുവീഴുമ്പോള്‍ തന്നെ അവന്റെ/ അവളുടെ ഉള്ളില്‍ ലൈംഗികബോധവും മുളപൊട്ടുന്നു. അത് അവര്‍ വളരുന്നതിനനുസരിച്ച് വളരുകയും ചെയ്യും. പക്ഷേ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ സ്ത്രീ പുരുഷന്‍ എന്നീ വേര്‍തിരിവുകള്‍ ഉണ്ടാവുകയും, ലൈംഗിക ചേതനയെ അടിച്ചമര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയും ചെയ്യും. ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സമൂഹം ലൈംഗികതയുമായി ബന്ധപ്പെട്ട തെറ്റായ ധാരണകളാണ് അവര്‍ക്ക് നല്കുന്നത്. ഇത് പിന്നീട് പലഗുരുതരമായ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുമെന്നും ഇതിലെ പഠനങ്ങള്‍ തെളിയിക്കുന്നു.
മലയാളിയുടെ ലൈംഗികബോധം, ശിശുപീഡനം, പ്രണയത്തിലെ ജാതിമതവ്യവസ്ഥ, ലവ് ജിഹാദ്, പീഡനം സദാചാര ഗുണ്ട അഥവാ സദാചാര പോലീസ്, കായികരംഗത്തെ ലൈംഗികചൂഷണങ്ങള്‍, പൊതുരംഗത്തെ ലൈംഗികത, പെണ്‍വാണിഭം, ചുംബനസമരം, ട്രാന്‍സ് ജെന്‍ഡര്‍, ലെസ്ബിയന്‍, ഗേ തുടങ്ങി ഇന്നത്തെ സമൂഹത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയങ്ങളാണ് മലയാളി ലൈംഗികത എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയിരിക്കുന്ന പുസ്തകം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.