മലയാള ബാലസാഹിത്യത്തില്‍ പ്രഥമഗണനീയനാണ് മാലി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന വി മാധവന്‍ നായര്‍. കാലമേറെ കഴിഞ്ഞിട്ടും കുട്ടികളുടെ അഭിരുചികകള്‍ പരിണമിച്ചിട്ടും മാലിയുടെ പുസതകങ്ങളോടുള്ള കുട്ടികളുടെ സ്‌നേഹത്തിന് ഇളക്കം തട്ടിയില്ല. മാത്രമല്ല കാലം ചെല്ലുന്തോറും അദ്ദേഹത്തിന്റെ കഥകള്‍ക്ക് പ്രിയമേറി വരികയാണ്.
കുട്ടികളുടെ ഭാവനാലോകത്തെ വിപുലവും സമ്പന്നവുമാക്കിയ എഴുത്തുകാരനായിരുന്നു മാലി. കുഞ്ഞുമനസുകളില്‍ സ്‌നേഹത്തിന്റെയും അനുകമ്പയുടേയും നറുമലരുകള്‍ വിടര്‍ത്തുന്ന അദ്ദേഹത്തിന്റെ കഥകള്‍ നമ്മുടെ മുത്തശ്ശിക്കഥാ പാരമ്പര്യത്തോടാണ് കൂടുതലും ചേര്‍ന്നുനില്‍ക്കുന്നത്. എന്നാല്‍ കുട്ടികള്‍ക്കായി അദ്ദേഹം രാമായണകഥയും, ഭാരതംകഥയും, ഭാഗവതം കഥയും എഴുതിയിട്ടുണ്ട്. കടുകട്ടി സംസ്‌കൃതം വാക്കുകളും ശ്ലോകങ്ങളുമുള്ള നമ്മുടെ പുരാണേതിഹാസങ്ങള്‍ കൊച്ചുകൂട്ടുകാര്‍ക്ക് അത്രവഴങ്ങില്ല. അതുകൊണ്ടുതന്നെയാണ് മാലി ഇത് വളരെ ലളിതമായി ഒരു കഥാപുസ്തകത്തിന്റെ രൂപത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ ഗ്രന്ഥങ്ങളിലെ പ്രധാന കഥാസന്ദര്‍ഭങ്ങളാണ് അദ്ദേഹം കുട്ടികള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ മാലിഭാഗവതത്തിന്റെ പുതിയപതിപ്പ് ഇറങ്ങിയിരിക്കുകയാണ്.
പരീഷിത്തിന്റെകഥയുള്‍പ്പെടെ എത്രയെത്രകഥകളാണ് ഭാഗവതത്തില്‍ ഉള്ളത്. അതും ഗുണപാഠങ്ങള്‍ ഏറെ ഉള്‍ക്കൊള്ളാവുന്ന കഥകള്‍. ചിലകഥകളാകട്ടെ ഏറെ രസകരവും. കഥമാത്രമല്ല ഭാഗവതത്തിന്റെ ഉള്ളടക്കം, ശാസ്ത്രങ്ങള്‍, മന്ത്രങ്ങള്‍, തത്വങ്ങള്‍, സ്തുതികള്‍, വര്‍ണനകള്‍ അങ്ങനെ ഒരപാടുകാര്യങ്ങളുണ്ട് ഭാഗവതത്തില്‍ നിന്നും പഠിക്കാനായി. അതിന് ആദ്യം ഭാഗവതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും അറിയേണ്ടതുണ്ട്. ഭാഗവതത്തിന്റെ മാഹാത്മ്യം വിവരിക്കുന്ന കഥകളും ഉണ്ടായിട്ടുണ്ട്. ഭാഗവതത്തിലെ കഥകളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന കുട്ടികള്‍ ആദ്യം അറിഞ്ഞിരിക്കേണ്ടതും അത്തരം കഥകളാണ്. അതിനാല്‍ ഭാഗവതത്തിന്റെ മാഹാത്മ്യകഥകള്‍ പറഞ്ഞാണ് മാലിഭാഗവതം ആരംഭിക്കുന്നത്.
കഥകളുടെ മഹാസാഗരമായ ഭാഗവതത്തിലെ കഥകള്‍ ഒന്നൊന്നായി പരിചയപ്പെടുത്തുകയാണ് മാലിഭാഗവതത്തില്‍. ശ്രീകൃഷ്ണന്റെ ബാലലീലകള്‍ മുതല്‍ ശ്രീകൃഷ്ണന്റെ മായാജാലങ്ങള്‍ വരെ വര്‍ണ്ണിക്കുന്ന ഭക്തിമയവും രസകരവുമായ കഥകള്‍ കുട്ടികള്‍ക്കുമാത്രമായി അതിലളിതമായി മാലി അവതരിപ്പിച്ചിരിക്കുന്നു. ഈ വേനലവധിക്കാലത്ത് വായിച്ചുതീര്‍ക്കാന്‍ കരുതിവച്ചിരിക്കുന്ന പുസ്തകകെട്ടിലേക്ക് മാലിഭാഗവതവും ഉള്‍പ്പെടുത്താന്‍ മറക്കല്ലേ..!