ഒരുകാലത്ത് കേരളക്കരയെ ഉണര്‍ത്തിയിരുന്നത് ആകാശവാണിയിലൂടെ ഒഴുകിയെത്തിയ സുഭാഷിതങ്ങളായിരുന്നു. പുലരുമ്പോഴും ഉറങ്ങാന്‍ പോകുമ്പോഴും ആകാശത്തിലെ സര്‍വ്വകലാശാല എന്ന് വിശേഷിപ്പിക്കാവുന്ന ആകാശവാണിയിലൂടെ നല്ലചിന്തകളും ദര്‍ശനങ്ങളും കാഴ്ചപാടുകളും പങ്കുവച്ചിരുന്ന സുഭാഷിതങ്ങള്‍ പ്രക്ഷേപണം ചെയ്തിരുന്നു. ഇന്നത്തെ തലമുറയ്ക്ക് അത് അന്യമാണെങ്കിലും പഴയതലമുറയിലെ ആളുകള്‍ ആകാശവാണിയിലൂടെ ഒഴുകിയെത്തുന്ന സുഭാഷികങ്ങള്‍ കേട്ടാണ് ഉണര്‍ന്നിരുന്നത്. രണ്ടോ മൂന്നോ മിനിട്ട് ദൈര്‍ഷ്യമുള്ള സുഭാഷിതം കേട്ട് ആരംഭിക്കുന്ന ശ്രേദ്ധാവിനെ സംബന്ധിച്ച് നന്മയാര്‍ന്ന പ്രവൃത്തികളില്‍ വ്യാപരിക്കുന്നതിനുള്ള ഊര്‍ജ്ജവും ഇന്ധവുമായി അത് പരിണമിക്കുമെന്നതു തീര്‍ച്ചയാണ്. അങ്ങനെയുള്ള സുഭാഷിതങ്ങള്‍ ശേഖരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഡി സി ബുക്‌സ്. സുഭാഷിതങ്ങള്‍ എന്ന പേരില്‍.
ആകാശവാണിയില്‍ പലപ്പോഴായി പ്രക്ഷേപണം ചെയ്ത നന്മയുടെ ഊര്‍ജ്ജം പകരുന്ന, പ്രകാശം പരത്തുന്ന..അറുപത്തിയാറ് സുഭാഷിതങ്ങളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഈ നല്ലവചനങ്ങള്‍ പുസ്തകരൂപത്തില്‍ നമ്മളിലെത്തുമ്പോള്‍ ഏതൊരു വായനക്കാരനെസംബന്ധിച്ചിടത്തോളം ജീവിതനന്‍മയുടെ പാഠപുസ്തകമായിരിക്കും.
വര്‍ഷങ്ങളായി ആകാശവാണിയില്‍ സുഭാഷിതങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരുന്ന കെ ആര്‍ സി പിള്ളയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. “നഷ്ടപ്പെട്ടുപോയതോ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതോ ആയ ജീവിതനന്‍മകളുടെ ഓര്‍മ്മപ്പെടുത്തലുകളാണ് പ്രൊഫ. കെ ആര്‍ സി പിള്ളയുടെ ഈ പുസ്തകത്തിന്റെ ഉള്ളടക്കമെന്ന്” പുസ്തകത്തിന്റെ അവതാരികയില്‍ മുരളീധരന്‍ തഴക്കര സാക്ഷ്യപ്പെടുത്തുന്നു.
തത്ത്വചിന്താപരം, വിദ്യാഭ്യാസം, സാമൂഹികം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് സുഭാഷിതകങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. അവയാകട്ടെ ഒരു മൃത്യുഞ്ജയം പോലെ വായനക്കാരന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നതാണ്. ഭൗതികശാസ്ത്ര അധ്യാപകന്‍കൂടിയായിരുന്ന കെ ആര്‍ സി പിള്ള ഭൗതികതയും ആത്മീയതയും കോര്‍ത്തിണക്കിയാണ് വര്‍ത്തമാന ജീവിതത്തിന് ആവശ്യമായ മൂല്യങ്ങള്‍ പങ്കുവയ്ക്കുന്നത്.
മുത്തശ്ശിമാരുടെ മടിയിലിരുന്നു കഥകേള്‍ക്കുന്ന ഒരു സുഖത്തോടെ ഈ പുസ്തകത്തിലെ കഥകളിലൂടെ കണ്ണും മനസ്സും ഓടിക്കാനും കഴിയുമെന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. ഇന്നത്തെ സമൂഹത്തില്‍ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന സ്‌നേഹം, ദയ, കരുണ, തുടങ്ങിയ സദ് വികാരങ്ങളുടെയും ക്ഷമ, സഹനം സാഹോദര്യം എന്നിങ്ങനെയുള്ള ഭാവങ്ങളെയും ഉദ്ദീപിപ്പിക്കുകയും മാനവികതയുടെ ശ്രേഷ്ഠതബോധ്യപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഈ സുഭാഷിതങ്ങള്‍ ഒരോന്നും അക്ഷരാര്‍ത്ഥത്തില്‍ നന്മയുള്ള, പ്രകാശം ചൊരിയുന്ന വാക്കുകളായിത്തീരുന്നു..!