കേരള സംസ്ഥാനം രൂപീകൃതമായിട്ട് 60 വർഷങ്ങൾ പിന്നിടുമ്പോൾ നാം എവിടെ എത്തിനിൽക്കുന്നു എന്ന അന്വേഷണമാണ് കേരളം 60 എന്ന പുസ്തകപരമ്പര. കേരളത്തിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ വിവിധ വിഷയങ്ങൾ ഈ പരമ്പരയിൽ ചർച്ച ചെയ്യപ്പെടുന്നു. ഇതിലെ ഓരോ പുസ്തകങ്ങളും നമ്മുടെ സർവ്വതോമുഖമായ വളർച്ചാ ഘട്ടങ്ങളുടെ പല തലങ്ങളെ അഭിമുഖീകരിക്കുന്നതാണ്. കേരളത്തിൽ നിലനിന്നിരുന്ന നാടൻ കളികളുടെ ചരിത്രവും പശ്ചാത്തലവും വിശദീകരിക്കുന്ന ‘കിളിത്തട്ട് : മലയാളി മറന്ന നാടൻ കളികൾ’ കേരളം 60 പരമ്പരയിലൂടെ വായനക്കാർക്ക് സമർപ്പിക്കുകയാണ് ഡി സി ബുക്സ്.
ഒരു കാലത്ത് നാടിന്റെ ആഹ്ലാദാഘോഷമായിരുന്നു നാടൻ കളികൾ. നാട്ടുവഴികളിലെ പൊതുവിടങ്ങൾ മറക്കാനാകാത്ത കളിയരങ്ങുകൾക്ക് ഒരുകാലത്ത് വേദിയായിരുന്നു. ഓലപ്പന്തുകളിയും , പൂ പറിക്കാൻ പോരുമോ , ഇട്ടൂലി , കഞ്ഞീം കറീം , മാലാഖ , അശകുശലേ , കബഡി കളി , ഏണീം പാമ്പും തുടങ്ങി വിസ്മൃതിയിലാണ്ട ഒട്ടനവധി കളികൾ നമ്മുടെ ബാല്യ കൗമാരങ്ങളുടെ സുവർണ്ണനിമിഷങ്ങളുടെ അടയാളപ്പെടുത്തലുകളായിരുന്നു.
ആധുനീക കേളികളുടെ കുത്തൊഴുക്കിൽ പെട്ട് മറക്കപ്പെട്ട ഇത്തരം നടൻ കളികൾ വ്യക്തിത്വ വികാസത്തിനും , മാനസിക ഉല്ലാസത്തിനും , ബൗദ്ധീക ഉണർവിനും സഹായിക്കുന്നവയാണ്. ഓലപ്പന്തിന്റെ ഏറു കൊള്ളുമ്പോഴുള്ള വേദനയും കളിയാക്കലുകളും , കളി ജയിക്കാനുള്ള വികൃതിത്തരങ്ങളും ഇനിയും അവസാനിക്കാത്ത ബാല്യ- കൗമാര ലഹരിയായി മനസ്സിൽ സൂക്ഷിക്കുന്ന നിരവധി തലമുറകൾക്ക് നിധി പോലെ കാത്ത് സൂക്ഷിക്കാനായി കളിയോർമ്മകളുടെ കൈപ്പുസ്തകമാണ് ‘കിളിത്തട്ട് : മലയാളി മറന്ന നാടൻ കളികൾ.
വായനക്കാരുടെ ഓർമ്മകൾക്ക് തീ പിടിപ്പിക്കുന്ന , ആശകുശലേയും , ഇട്ടൂലിയും , പൂ പറിക്കാൻ പോരുന്നോ പോരുന്നോ തുടങ്ങിയ നിരവധി നാടൻ കളികളും അവയുടെ ചരിത്രവും ഉൾപ്പെടുത്തിയിട്ടുള്ള പുസ്തകം കേളികൊട്ട് , കളിക്കളം , കൊട്ടിക്കലാശം എന്നീ മൂന്നധ്യായങ്ങളായാണ് തയ്യാറാക്കിയിരിക്കുന്നത്. മലയാളികൾ കളിച്ചു രസിച്ച കളികളുടെ ഈ കൈപ്പുസ്തകം എഴുതിയത് അജി മാത്യു കോളൂത്രയാണ്. ഒരുകാലത്ത് പൊതു സ്വീകാര്യത ലഭിച്ചിരുന്ന നാടൻ കളികൾ അപജയത്തിന്റെ കൈപ്പുനീർ കുടിച്ചു തുടങ്ങിയതോടെ ഒരായുസ്സിന്റെ ഗൃഹാതുരതയുടെ അവസാനമായി മാറുകയായിരുന്നു.
ഗുരുകുലം ചാരിറ്റബിൾ ആൻഡ് സോഷ്യൽ സർവീസ് സൊസൈറ്റി എന്ന സംഘടനയുടെ സ്ഥാപകനാണ് അജി മാത്യു കോളൂത്ര. വ്യക്തിത്വ വികസനം , പ്രസംഗ പരിശീലനം ,മോട്ടിവേഷൻ തുടങ്ങിയ വിഷയങ്ങളിൽ സ്കൂളുകളിലും , കോളേജുകളിലും ക്ലാസുകളും സെമിനാറുകളും നടത്തുന്ന അജി മാത്യു കോളൂത്ര ഇപ്പോൾ പത്തനാപുരം പോസ്റ്റു മാസ്റ്റർ ആയി ജോലി നോക്കുന്നു.