വൈലോപ്പിള്ളി ശ്രീധരമേനോന്റെ സമാഹരിക്കപ്പെടാത്ത രചനകളാണ് അപ്രകാശിത രചനകൾ എന്ന പുസ്തകം. ഒരു ചെറുകഥയും കുറെ കവിതകളും ലേഖനങ്ങളും അവതാരികകളും അടങ്ങുന്ന സമാഹാരം. വൈലോപ്പിള്ളിയുടെ കവിതകളെ പോലെ ജീവിത ഗന്ധിയാണ് അദ്ദേഹത്തിന്റെ കഥയും എന്ന് ഈ ചെറുകഥ വ്യക്തമാക്കുന്നു.ഗദ്യമെഴുതാനുള്ള അദമ്യമായ ആഗ്രഹം വൈലോപ്പിള്ളി പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്.ഗദ്യത്തിന്റെ ചാരുത അദ്ദേഹത്തിന്റെ ലേഖനങ്ങളെയും അവതരികകളെയും അനന്യമാക്കുന്നു.
വൈലോപ്പിള്ളി ബിബ്ലിയോഗ്രഫിയുടെ പ്രവർത്തനങ്ങൾക്കിടെയാണ് മഹാകവിയുടെ ഏതാനും രചനകൾ സമാഹരിച്ചിട്ടില്ല എന്ന് കണ്ടെത്തിയത്. അവയെല്ലാം സമാഹരിച്ച് പുസ്തകമാക്കാനുള്ള വൈലോപ്പിള്ളി സ്മാരക സമിതിയുടെ തീരുമാനത്തിന്റെ ഫലമാണ് ‘ വൈലോപ്പിള്ളിയുടെ അപ്രകാശിത രചനകൾ ‘ എന്ന പുസ്തകം. ഇതിൽ ഉൾപ്പെടുത്താതെ രചനകൾ ഇനിയും ഉണ്ടാകാം . അത്തരം രചനകൾ വായക്കാരുടെ അറിവിൽ ഉണ്ടെങ്കിൽ വൈലോപ്പിള്ളി സ്മാരക സമിതിയെ അറിയിക്കാവുന്നതാണ്. അപ്രകാശിത രചനകളുടെ പുതിയ പതിപ്പിൽ ആ രചനകളും കൂടി ഉൾപെടുത്തുന്നതായിരിക്കും.
ഒന്നു മുതൽ നാലു ഭാഗങ്ങളിലായിട്ടാണ് അപ്രകാശിത രചനകൾ തയ്യാറാക്കിയിരിക്കുന്നത്. ചെറുകഥ , ലേഖനങ്ങൾ ,അവതാരികകൾ , കവിതകൾ എന്നിങ്ങനെ ആനുകാലികാലങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട വൈലോപ്പിള്ളിയുടെ വിവിധങ്ങളായ രചനകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച വൈലോപ്പിള്ളി ശ്രീധരമേനോൻ ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകി വൈലോപ്പിള്ളി. 1985 ഡിസംബർ 22-ന് അദ്ദേഹം അന്തരിച്ചു.