പതിനാറാം നൂറ്റാണ്ടില്‍ മേവാര്‍ ഭരിച്ച രാജാവ്, മഹാറാണാ പ്രതാപിന്റെ ജാതി പരാമര്‍ശിച്ച് അപമാനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ദളിത് എഴുത്തുകാരി കുസും മേഘ്‌വാളിന് വധഭീഷണി. രണ്ടുവര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച “മഹാറാണാ പ്രതാപ് ഭില്‍ രജപുത്ര ദ ക്ഷത്രിയ യ രാജ്പുത് നഹി” എന്ന പുസ്തകത്തിലാണ് വിവാദ പരാമര്‍ശമുള്ളത്.
“മഹാറാണാ പ്രതാപ് ക്ഷത്രിയനായിരുന്നില്ല. ആദിവാസി വിഭാഗമായ ഭില്‍ സമുദായത്തില്‍പെട്ട ആളായിരുന്നു. പില്കാലത്ത് അദ്ദേഹം മേവാറിന്റെ രാജാവായി അവരോധിക്കപ്പെടുകയായിരുന്നു. ആയോധനകലകളില്‍ മികവു തെളിയിച്ചവരാണ് ഭില്‍ സമുദായങ്ങള്‍.” എന്നാണ് പുസ്തകത്തില്‍ കുസും എഴുതിയിരുന്നത്. എന്നാല്‍ ഈ പരാമര്‍ശത്തിന്റെ പേരില്‍ കര്‍ണി സേന എന്ന സംഘടനയില്‍ നിന്നും തനിക്ക് വധ ഭീഷണി നേരിടേണ്ടിവന്നുവെന്ന് എഴുത്തുകാരി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
സഞ്ജയ് ലീലാ ബെന്‍സാലിയുടെ പത്മാവതി എന്ന സിനിമയുടെ സെറ്റില്‍ കര്‍ണി സേന അതിക്രമം കാട്ടിയതിനെ തുടര്‍ന്ന് സിനിമ തടസ്സപ്പെട്ടിരുന്നു. ഇത് വാര്‍ത്തകളില്‍ നിറഞ്ഞപ്പോഴാണ് കുസും പരാതിയുമായെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയും തനിക്കെതിരായ അപവാദപ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.
അതേസമയം താന്‍ മഹാറാണാപ്രതാപിനെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഭീല്‍ എന്ന ആദിവാസി വിഭാഗത്തില്‍ ജനിച്ച ആളാണ് അദ്ദേഹമെന്നും അത് തന്റെ രചനയിലൂടെ തളിയിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും അദ്ദേഹം ധീരനല്ലെന്ന് എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നും കുസും പറഞ്ഞു.
രാജസ്ഥാനി എഴുത്തുകാരിയായ കുസും മേഘ്‌വാള്‍ അറുപതോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.