യാത്രകള്‍..എന്നും ഒരു ഉത്സവമാണ്. കണ്ണിനും മനസ്സിനും ആനന്ദംസമ്മാനിക്കുന്ന ഉത്സവങ്ങള്‍. ആ യാത്ര പ്രിയപ്പെട്ടവരോടൊപ്പമാണെങ്കിലോ..? അതും സ്വപ്‌നതുല്യമായ ഒരു സ്ഥലം.! അപ്പോള്‍ സന്തോഷത്തിന്റെ മാധുര്യംകൂടും. ഇപ്പോള്‍ വേനലവധിക്കാലമല്ലേ..ഒരുയാത്രപോയാലോ..അങ്ങ് ഹിമാലയത്തിലെ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളിലേക്ക്..? അവിടെ എന്തൊക്കെകാണാം എന്നല്ലേ. ഗൂഗില്‍ തപ്പെണ്ട. കെ. ആര്‍ അജയന്റ സ്പിത്തി എന്ന പുസ്തകം വായിച്ചാമതി. ഹിമാലയനിരകളിലെ വര്‍ണ്ണമനോഹരമായ കാഴ്ചകളെക്കുറിച്ചറിയാം. അല്ലെങ്കില്‍ പുസ്തകത്തെക്കുറിച്ചെഴുതിയ ആസ്വാദനക്കുറിപ്പ് വായിച്ചാലും മതിയാകും.. . കെ. ആര്‍ അജയന്റ സ്പിത്തിയെ കുറിച്ച് ഡോ. കെ മോഹന്‍കുമാര്‍ എഴുതിയ വായനാനുഭവം വായിക്കാം..
യാത്ര അനുഭവിക്കാനുള്ളത് മാത്രമല്ല, അനുഭവിപ്പിക്കാനുമാണ്. അനുഭവിപ്പിക്കലെന്ന അതീന്ദ്രിയ കര്‍മ്മം എല്ലാ യാത്രയഴുത്തുകാര്‍ക്കും വഴങ്ങുന്നതല്ല. സ്വന്തം കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമാണ് ഒരോരുത്തരിലും കാഴ്ചയെഴുത്തിന്റെ സ്വത്വം. അതിന്റെ ഏറ്റക്കുറച്ചിലുകള്‍ വായനക്കാരിലുണര്‍ത്തുന്ന ധ്യാനാത്മകമായ സാഹചര്യമാണ് എഴുത്തിന്റെ വിജയം. കെ. ആര്‍ അജയന്റ സ്പിത്തി വായിക്കുമ്പോള്‍ അത്തരെമാരു ധ്യാനാത്മക സാഹചര്യം വായനക്കാരില്‍ സൃഷ്ടിക്കപ്പെടുന്നു. മലയാള യാത്രാ സാഹിത്യത്തിന്റെ ഈടുവയ്പുകളിലൊന്നായി ഈ കൃതി മാറുമെന്ന് നിസ്സംശയം പറയാം.
ഹിമാലയ യാത്രാവിവരണങ്ങള്‍ക്ക് ഇപ്പോള്‍ പുതുമ നഷ്ടപ്പെട്ടിട്ടുണ്ട്. അതിനുകാരണം മിക്ക എഴുത്തുകാരും അവതരിപ്പിക്കുന്ന സ്ഥിരം രീതികളും ബിംങ്ങളുമാണ്. ഭക്തിയും പ്രകൃതിയും തമ്മിലിണങ്ങുന്ന വശ്യമാര്‍ന്നഭൂപ്രകൃതിയാണ് ഹിമാലയത്തിന്റേത് എന്നാല്‍ അതില്‍ മാത്രമൂന്നിയുള്ള യാത്രാസങ്കല്‍പ്പം ആവര്‍ത്തന വിരസമാണ്. സാധാരണ യാത്രികര്‍ കാണാത്തതും അസ്വാഭാവികത ഒട്ടും ചേരാത്തതുമായ യാത്രയെഴുത്ത് അവാച്യമായ പുതുമയുണര്‍ത്തും. സ്പിത്തി മേല്‍പ്പറഞ്ഞ അവാച്യ അനുഭൂതിയുെട ആകെത്തുകയാണ്.
സഞ്ചാരിയുടെ വിസ്മയവും പ്രത്രപവര്‍ത്തകന്റെ അന്വഷണാത്മകതയും കഥാകൃത്തിന്റെ ആവിഷ്‌കാരരീതിയും കെ.ആര്‍ അജയന്‍ ഈ കൃതിയില്‍ ഫലപ്രദമായി ഇഴയടുക്കിയിരിക്കുന്നു. ഹിമാചല്‍ പ്രദേശത്തിന്റെ ഓമനകളാണ് ലഹൂള്‍ സ്പിത്തി താഴ്‌വരകള്‍. ഒരിക്കലും അവസാനിക്കാത്ത കാഴ്ചയുടെ പര്‍വതക്കൂട്ടങ്ങള്‍, സൂരജ്താളും ചന്ദ്രതാളും ചന്ദ്രഭാഗയും ആയിരത്തിലേറെയാണ്ടുകള്‍ താണ്ടിയ ബുദ്ധഗയകളുമെല്ലാം ചേര്‍ന്ന മാന്ത്രികകഭൂമിയാണിത്. ലേ ലഡാക്ക് കുന്നുകളിലേക്കുള്ള ഇന്ത്യന്‍ കവാടം ഈ താഴ്‌വരയിലാണ്. മലയിടിഞ്ഞും മഞ്ഞിടിഞ്ഞുമുള്ള അപകടങ്ങള്‍ പതിവാണെങ്കിലും സഞ്ചാരതൃഷ്ണയുണര്‍ത്തുന്ന മലമ്പാതകള്‍. ആത്മാക്കളുടെ താഴ്‌വരയെന്ന് അറിയപ്പെടുന്ന റോത്തങ് പാസ്, ലോകത്തില്‍ ഏറ്റവുമുയരത്തില്‍ വാഹനമെടുന്ന കിബ്ബര്‍ റോഡ്, ഉയരത്തിലുള്ള ഗ്രാമം, ഇങ്ങനെ പലതും നിറഞ്ഞതാണ് ഈ താഴ്‌വരകള്‍.
‘ജീവിതത്തില്‍ ഒരിക്കലെങ്കിലും ലഹൂള്‍ സ്പിത്തി താഴ്‌വരകളിലൂടെ യാത്ര ചെയ്യണം. അത് അനുഭവമല്ല, ജീവിതം തന്നെയാണ്. അമ്പരപ്പിക്കുന്ന പര്‍വത്തലകള്‍, നമുക്ക് മീതെ, പിരിയാന്‍ വയ്യാത്ത വിഷമത്തോടെ ഏതുനിമിഷവും താഴേക്ക് പൊഴിയാന്‍ തയ്യാറെടുക്കുന്ന മലമടക്കുകള്‍, പൂഴിയായി പൊടിയായി തഴുകുന്ന കാറ്റ്, വിരല്‍ തൊട്ടാല്‍ മരവിക്കുന്ന മഞ്ഞിന്‍ കൂമ്പാരങ്ങള്‍, കാറ്റിലിളകിക്കറങ്ങുന്ന പ്രാര്‍ഥനാ ചക്രങ്ങള്‍, ആകാശക്കുന്നുകളില്‍ ഒട്ടിനിന്ന് കാലവും ചരിത്രവും അടയാളപ്പെടുത്തുന്ന ബുദ്ധഗയകള്‍, ചരസ് മണക്കുന്ന ഒടിച്ചുകുത്തി ധാബകള്‍, വശ്യസൗന്ദര്യം വഴിയുന്ന ഹിമാചല്‍ പാടങ്ങള്‍. ഉന്‍മത്തമായ കാഴ്ചകള്‍ ലോകത്തില്‍ വെറെയുണ്ടാവും. യാത്ര എപ്പോഴും ഒരുതരം നൊസ്റ്റാള്‍ജിയയാണ്. ഒരുപാടിടത്ത് യാത്രചെയ്താലും അതില്‍ ചിലത് ആദ്യ പ്രണയം പോലെ വല്ലേപ്പാഴും മനസ്സില്‍ പൂവിടും. അതിനുശേഷം ഞാന്‍ ആരേയും പ്രണയിച്ചിട്ടില്ലെന്നാണ് പുസ്തകത്തിന്റെ തുടക്കത്തില്‍ എഴുത്തുകാരന്‍ പറയുന്നത്.
ഇങ്ങനെ വായനക്കാരനെ നിര്‍ത്താതെ വായിപ്പിക്കുന്ന ആഖ്യാനകൗശലമാണ് പുസ്തകത്തിലുടനീളം. യാത്രയെഴുത്തിന് എപ്പോഴും ഒരു രാഷ്ട്രീയമുണ്ട്, സത്യസന്ധമായ കാഴ്ചയുടെ രാഷ്ട്രീയം. അത് അതിഭാവുകത്വത്തില്‍ തിളങ്ങുന്ന മാസ്മര കല്പ്പനകളെല്ലന്നും താന്‍ അതിന്റെ തടവുകാരനെല്ലന്നും അജയന്‍ ഈ പുസ്തകത്തിലൂടെ വ്യക്തമാക്കുന്നു. ലഹൂള്‍ സ്പിത്തി താഴ്‌വരയെക്കുറിച്ച് അത്യാവശ്യ വിവരങ്ങള്‍ നല്‍കിക്കൊണ്ടാണ് യാത്ര തുടങ്ങുന്നത്. സഹയാത്രികര്‍ക്ക് അസുഖം ബാധിച്ചതോടെ ഇടയ്ക്ക് വച്ച് യാത്ര മുറിയുന്നതും അതിന്റെ വിഹ്വലതയും പിന്നെ വാശിയോടെ യാത്ര പുനരാരംഭിക്കുന്നതുമെല്ലാം തന്‍മയത്വത്തോടെ കുറിച്ചിടുമ്പാള്‍ അതിനിടയിലെ ഉദ്വേഗപൂര്‍ണ്ണമായ നിമിഷങ്ങള്‍ തുറെന്നഴുതാന്‍ അജയന്‍ മടിക്കുന്നില്ല. മിതമായ വാക്കുകകളിലൂടെ യാത്രയുടെ അഭൗമ സൗന്ദര്യം വരച്ചുവച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍. യാത്ര ചെയ്താല്‍ മാത്രം പോരാ അത് എങ്ങനെയാകണമെന്ന പഠനസഹായി കൂടിയാണ് സ്പിത്തി.